Entertainment

ചിത്രം വൻ വിജയം, ഫുൾ എനർജിയോടെ വിശാൽ ; ‘മദ ഗജ രാജ’ വിജയാഘോഷം ​ഗംഭീരമാക്കി താരം

തമിഴ് സിനിമാ ലോകത്തെ ചീറ്റപ്പുലിയായിരുന്ന വിശാലിന്റെ ആരോ​ഗ്യാവസ്ഥ കഴിഞ്ഞ കുറച്ച് നാളുകളായി സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ‘മധ ഗജ രാജ’ ചിത്രത്തിന്റെ പ്രമോഷൻ പരിപാടിക്കെത്തിയപ്പോഴായിരുന്നു താരത്തെ ഏറെ അവശനായ നിലയിൽ കണ്ടത്. തീര്‍ത്തും ദുര്‍ബലനായാണ് വിശാല്‍ കാണപ്പെട്ടത്. താരത്തിന്റെ കൈകള്‍ അടക്കം വിറയ്ക്കുന്നുണ്ടായിരുന്നു. ക്ഷീണിതനായി നിന്ന വിശാലിനെ സുരക്ഷിതമായി കസേരയിൽ ഇരുത്തിയത് നടൻ കൂടിയായ ഈ ചിത്രത്തിന്‍റെ സംഗീത സംവിധായകൻ വിജയ് ആന്‍റണിയാണ്. ഇതിന് പിന്നാലെ നാടന്‍റെ ആരോഗ്യ നിലയെപറ്റി വലിയ ചര്‍ച്ചകൾ ഉടലെടുക്കുകയായിരുന്നു. എന്നാൽ തന്റെ ആ​രോ​ഗ്യസ്ഥിതി അത്ര മോശമല്ല ചില വ്യാജ വാർത്തകൾ ഉടസലെടുക്കുന്നുണ്ടെന്നും താരം തന്നെ വ്യക്തമാക്കിയിരുന്നു.

എന്തായാലും ഇപ്പോൾ ‘മദ ഗജ രാജ’ വൻ വിജയമായിരിക്കുകയാണ്. 12 വർഷത്തോളം പെട്ടിയിലിരുന്നെങ്കിലും പുറത്തിറങ്ങിയപ്പോൾ നേട്ടെ കൊയ്യാൻ ചിത്രത്തിനായി. ജനുവരി 12ന് റിലീസ് ചെയ്ത ചിത്രത്തിന്റെ ഒരു ദിവസത്തെ മാത്രം കളക്ഷൻ 6.65 കോടിയാണ്. ആദ്യ ദിനം മൂന്ന് കോടിയാണ് സിനിമ തമിഴ്‌നാട്ടിൽ നിന്ന് മാത്രം നേടിയത്. കോമഡി സീനുകൾ സിനിമയുടെ പ്രത്യേകതയാണെന്നും വിശാലിന്റെ ഫൈറ്റുകൾ ചിത്രത്തിന്റെ ഹൈലൈറ്റ് ആണെന്നുമാണ് പ്രേക്ഷകർ ഒരുപോലെ പറയുന്നു. നിരവധി പരാജയ സിനിമകൾക്ക് ശേഷം ബോക്സ് ഓഫീസിൽ വിശാലിന്റെ വമ്പൻ തിരിച്ചുവരവാകും മദ ഗജ രാജ എന്നാണ് വിലയിരുത്തൽ. ചിത്രത്തിന്റെ വിജയാഘോഷത്തിനിടെ ആരോ​ഗ്യം വീണ്ടെടുത്ത് ചുറുചുറുക്കോടെ എത്തിയ വിശാലിനെയാണ് കണ്ടത്.

വിജയം ആഘോഷിക്കാനായി ചെന്നൈയിൽ സംഘടിപ്പിച്ച പരിപാടിയിൽ വിശാൽ പ്രസംഗം തുടങ്ങിയത് വൈറൽ വീഡിയോ ഉയർത്തി തന്നെ ട്രോളിയവർക്കുളള മറുപടിയും താരം നൽകി. തന്‍റെ വീഡിയോ കണ്ട് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആളുകള്‍ അന്വേഷിച്ചു. പലരും എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു. അതില്‍ ആ വീഡിയോ വൈറലായതില്‍ തനിക്ക് സന്തോഷമുണ്ട്. ആറ് മാസം വരെ തനിക്ക് സിനിമയിൽ നിന്ന് മാറിനിൽക്കേണ്ടിവരുമെന്ന പ്രചാരണം തെറ്റാണെന്നും കടുത്ത പനി കാരണമുളള ശാരീരിക അസ്വസ്ഥകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും താരം പറഞ്ഞു. ഞാൻ പഴയതുപോലെ തന്നെയാണ് ഇപ്പോഴും ഉള്ളത്, 12 വർഷത്തെ കാത്തിരിപ്പിനൊടുവിൽ റിലീസ് ചെയ്ത മദ ഗദ രാജയുടെ വിജയമാണ് വിമർശകർക്കുള്ള മറുപടിയെന്നും വിശാൽ പറഞ്ഞു.

അഞ്ജലി, സന്താനം, വരലക്ഷ്മി ശരത്കുമാർ, സോനു സൂദ്, നിതിൻ സത്യ എന്നിവരാണ് സിനിമയിലെ മറ്റു അഭിനേതാക്കൾ. വിജയ് ആന്റണി ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്. ജെമിനി ഫിലിം സർക്യൂട്ട് ആണ് സിനിമ നിർമിച്ചിരിക്കുന്നത്. സിനിമയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത് റിച്ചാർഡ് എം നാഥൻ ആണ്. എഡിറ്റിംഗ് പ്രവീൺ കെ എൽ, എൻ ബി ശ്രീകാന്ത്.