Investigation

സാങ്കേതിക സര്‍വകലാശാല: പരീക്ഷ നടത്തിപ്പിനുള്ള ഇ-ഗവര്‍ണനന്‍സ് കരാറിലും നടത്തിപ്പിലും ഗുരുതര ക്രമക്കേടെന്ന് സി ആന്റ് എജി: സിന്‍ഡിക്കേറ്റ് മെമ്പര്‍ മുന്‍ എം.പി എ.കെ.ജി സെന്ററിലേക്കും, സി.ഐ.ടി.യു ഓഫീസിലേയ്ക്കുമുള്ള യാത്രയ്ക്ക് യൂണിവേഴ്‌സിറ്റി വാഹനങ്ങള്‍ ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തല്‍

സാമ്പത്തിക ക്രമക്കേടുകള്‍ അന്വേഷിക്കാനും നടപടി എടുക്കാനും വിസി ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് ഗവര്‍ണര്‍ക്ക് നിവേദനം

സാങ്കേതിക സര്‍വ്വകലാശാലയുടെ പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട സോഫ്റ്റ്വെയര്‍ പരിപാലനത്തിന് പ്രൈവറ്റ് ഏജന്‍സിക്ക് പ്രതിവര്‍ഷം ഏഴ് കോടി രൂപ നല്‍കിവരുന്നത് സര്‍ക്കാര്‍ ഉത്തരവുകളുടെ ലംഘനമാണെന്നും, അരക്കോടി രൂപയില്‍ കൂടുതലുള്ള ഐടി പ്രോജക്ടുകള്‍ സംസ്ഥാന സര്‍ക്കാരിന്റെ ഐടി വകുപ്പിന്റെ അനുമതി കൂടാതെ നടപ്പാക്കിയത് ഗുരുതര വീഴ്ചയാണെന്നും 2024ലെ കംട്രോള്‍ ആന്റ് അക്കൗണ്ടന്റ് ജനറലിന്റെ ഓഡിറ്റിങ്ങില്‍ കണ്ടെത്തി. നാലുവര്‍ഷ കാലാവധികഴിഞ്ഞ് ഒരുവര്‍ഷം പിന്നിട്ടിട്ടും പുനസംഘടിപ്പിക്കാതെ സര്‍വ്വകലാശാല സിണ്ടിക്കേറ്റ് തുടരുന്നതായ ആക്ഷേപം നിലനില്‍ക്കുമ്പോഴാണ് ആഡിറ്റ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ എ.ജിയില്‍ നിന്നും ലഭ്യമാകുന്നത്. റിപ്പോര്‍ട്ട് ഇതുവരെ വി.സിക്ക് കൈമാറാതെ പൂഴ്ത്തിവച്ചതായും ആരോപണമുണ്ട്.

സര്‍വ്വകലാശാല കെല്‍ട്രോണിന്  ഇ-ഗവര്‍ണന്‍സിന് നല്‍കിയ കരാര്‍, സര്‍വ്വകലാശാലയുടെ അനുമതി കൂടാതെ കെല്‍ട്രോണ്‍ ഓസ്പിന്‍ ടെക്‌നോള ജി എന്ന ഒരു സ്വകാര്യ കമ്പനിക്ക് ഉപകരാര്‍ നല്‍കി. ഈ ഉപകരാര്‍ ലഭിച്ച കമ്പനി നിയോഗിക്കുന്ന ജീവനക്കാരുടെ യോഗ്യതയും കഴിവും സര്‍വകലാശാല പരിശോധിക്കാതെയും തുടര്‍ന്നു. ഈ കമ്പനിയുടെ ജീവനക്കാര്‍ സര്‍വ്വകലാശാലയുടെ യാതൊരു മേല്‍നോട്ടവും കൂടാതെയും പരീക്ഷ സംബന്ധമായ സോഫ്റ്റ്വെയര്‍ ജോലികള്‍ ചെയ്യുന്നത് ഗുരുതര വീഴ്ചയാണെന്നാണ് ഓഡിറ്റ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.

സിന്‍ഡിക്കേറ്റ് മെമ്പറായ പി.കെ. ബിജു എകെജി സെന്ററിലേക്കും, സിഐടിയു ഓഫീസിലേക്കും പോകുന്നതിനായി സാങ്കേതിക സര്‍വ്വകലാശാലയുടെ വാഹനങ്ങള്‍ സ്ഥിരമായി ദുരുപയോഗം ചെയ്തു. സ്റ്റാട്ട്യൂട്ടറി ഉദ്യോഗസ്ഥന്മാര്‍ ഉപയോഗിക്കേണ്ട സര്‍വ്വകലാശാല വാഹനങ്ങള്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കപ്പെട്ടവര്‍ ദുരുപയോഗം ചെയ്തു കൊണ്ടിരിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. രജിസ്ട്രാറുടെ നിയന്ത്രണത്തിലുള്ള വാഹനങ്ങളുടെ അനുബന്ധ ലോഗ് റെക്കോര്‍ഡുകള്‍ കൈകാര്യം ചെയ്യുന്ന കണ്‍ട്രോളിങ് ഓഫീസറായി നിയമിച്ചിരിക്കുന്നത് ഒരു ക്ലാസ് ഫോര്‍ ജീവനക്കാരനെയാണെന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയിട്ടുണ്ട്.

മുന്‍ വി.സി ഡോ:രാജശ്രീയും പി.വി.സി ഡോ:അയ്യൂബും ചട്ട വിരുദ്ധമായി വീട്ടുവാടക ബത്തയും ശമ്പളപരിഷ്‌കരണ കുടിശ്ശികയുമായി 18 ലക്ഷം രൂപ അനധികൃതമായി കൈപ്പറ്റിയതായി കണ്ടെത്തിയിട്ടുണ്ട്. സര്‍വ്വകലാശാലയിലെ ഇടതുപക്ഷ സംഘടനയുടെ പ്രസിഡന്റ് ആയിരുന്ന ഹരികൃഷ്ണന് ശമ്പള കുടിശ്ശിക ഇനത്തില്‍ അനധികൃതമായി കൈപ്പറ്റിയ 88,000 രൂപ തിരിച്ചടപ്പിക്കാതെ അദ്ദേഹത്തിന് വിരമിക്കല്‍ അനുവദിച്ചത് ഗുരുതര വീഴ്ചയാണെന്നും വിലയിരുത്തല്‍. ഇദ്ദേഹത്തില്‍ നിന്ന് 18 ശതമാനം പലിശയോട് കൂടി തുക ഈടാക്കണമെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ട് യാതൊരു നിയമങ്ങളും പാലിക്കാതെയും കൃത്യത ഇല്ലാതെയുമാണ് കൈകാര്യം ചെയ്യുന്നതെന്നും, കുറ്റപ്പെടുത്തിയിട്ടുണ്ട്.

സിപിഎം സംഘടനാ നേതാവ് കൈപ്പറ്റിയ തുക തിരിച്ചുവാങ്ങാന്‍ സര്‍വ്വകലാശാല ഇതുവരെ തയ്യാറായിട്ടില്ല. എംപ്ലോയമെന്റ് എക്‌സ്‌ചേഞ്ച്‌ലൂടെയല്ലാതെ കരാര്‍ ജീവനക്കാരെ CNV ആക്ടിനു വിരുദ്ധമായി നേരിട്ട് നിയമിച്ചതും അവര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള വേതനത്തിന് അധിക വേതനമായി 9.25 കോടി രൂപ നല്‍കിയതും ഗുരുതര വീഴ്ചയാണെന്ന് റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നുണ്ട്. വിവരാവകാശം വഴി ലഭിച്ച ഈ രേഖകളുടെ അടിസ്ഥാനത്തില്‍ സാങ്കേതിക സര്‍വ്വകലാശാലയില്‍ നടന്ന സാമ്പത്തിക ക്രമക്കേടുകളില്‍ വിശദമായ അന്വേഷണം നടത്താനും സാമ്പത്തിക ക്രമക്കേടുകള്‍ തടയാനും വൈസ് ചാന്‍സലര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി.

CONTENT HIGH LIGHTS; University of Technology: Serious Irregularity in Self-Governance Agreement and Conduct of Exams C&AG: Syndicate Member Found Misusing University Vehicles to Travel to Ex-MPAKG Center and CITU Office

Latest News