മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയായി കങ്കണ റണാവത്ത് എത്തുന്ന ചിത്രം എന്ന നിലയില്‍ പ്രീ റിലീസ് ശ്രദ്ധ നേടിയ ചിത്രമായിരുന്നു എമര്‍ജന്‍സി. ചിത്രത്തിന്‍റെ കഥയും നിര്‍മ്മാണവും സംവിധാനവും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതുമെല്ലാം കങ്കണ തന്നെ. കങ്കണ ഒറ്റയ്ക്ക് സംവിധാനം ചെയ്യുന്ന ആദ്യ ഫീച്ചര്‍ ചിത്രവുമാണ് ഇത്. ബോളിവുഡിലെ താരമൂല്യമുള്ള അഭിനേത്രി ആണെങ്കിലും സമീപകാലത്ത് അതിനൊത്ത വിജയങ്ങള്‍ അവര്‍ക്ക് നേടാന്‍ കഴിഞ്ഞിരുന്നില്ലെന്ന് മാത്രമല്ല, വലിയ പരാജയങ്ങളെയും നേരിടേണ്ടിവന്നിരുന്നു. എന്നാല്‍ എമര്‍ജന്‍സി അവര്‍ക്ക് പ്രതീക്ഷ നല്‍കുകയാണ്. ഇപ്പോഴിതാ, ഇന്നലെ തിയറ്ററുകളിലെത്തിയ ചിത്രത്തിന്‍റെ ആദ്യ ദിനത്തിലെ കളക്ഷന്‍ കണക്കുകള്‍ പുറത്തെത്തിയിട്ടുണ്ട്.
പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്കനുസരിച്ച് ചിത്രം ആദ്യ ദിനം നേടിയിരിക്കുന്നത് 2.35 കോടി ആണ്. കങ്കണയുടെ സമീപകാലത്തെ സോളോ റിലീസുകള്‍ പരിഗണിക്കുമ്പോള്‍ ഏറ്റവും മികച്ച ഓപണിംഗ് ആണ് എമര്‍ജന്‍സി നേടിയിരിക്കുന്നത്. 2023 ചിത്രമായ തേജസ് ആദ്യ ദിനം നേടിയത് 1.25 കോടി ആയിരുന്നു. 2022 റിലീസ് ആയ ആക്ഷന്‍ ചിത്രം ധാക്കഡ് 1.20 കോടിയുമായിരുന്നു നേടിയത്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി എത്തിയ ജയലളിതയുടെ ബയോപിക് ചിത്രം തലൈവി ആദ്യ ദിനം നേടിയത് 1.46 കോടിയും ആയിരുന്നു.
എമര്‍ജന്‍സിയേക്കാള്‍ ഓപണിംഗ് ലഭിച്ച ഒരു കങ്കണ ചിത്രം ഇതിന് മുന്‍പ് വന്നത് കൊവിഡിന് മുന്‍പ് ആയിരുന്നു. 2020 ജനുവരിയില്‍ എത്തിയ പങ്ക ആയിരുന്നു അത്. 2.70 കോടിയാണ് ചിത്രം ആദ്യ ദിനം നേടിയത്. അടിയന്തരാവസ്ഥക്കാലത്തെ ഇന്ത്യയുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ ശ്രേയസ് തല്‍പാഡെ, മിലിന്ദ് സോമന്‍, മഹിം ചൗധരി, അനുപം ഖേര് തുടങ്ങി വലിയ താരനിര ഉണ്ട്.
content highlight: emergency-hindi-movie-opening