തെന്നിന്ത്യ ഒട്ടാകെ ശ്രദ്ധിക്കപ്പെട്ട മമിതയും നസ്‍ലെനും പ്രധാന കഥാപാത്രങ്ങളായ ഹിറ്റ് ചിത്രമായിരുന്നു പ്രേമലു. ഗിരീഷ് എഡി സംവിധാനം ചെയ്ത മലയാള ചിത്രത്തിൽ നസ്ലെൻ നായകനായി എത്തിയപ്പോൾ മമിത ബൈജു ആയിരുന്നു നായികയായി എത്തിയിരുന്നത്. വൻ തരംഗമായി മാറിയ പ്രേമലുവിന് രണ്ടാം ഭാഗം ഉണ്ടെന്ന് ഏതാനും നാളുകൾക്ക് മുൻപ് അണിയറ പ്രവർത്തകർ പറഞ്ഞിരുന്നു. ഇപ്പോഴിതാ പ്രേമലു 2ന്റെ പുതിയ അപ്ഡേറ്റ് പങ്കുവച്ചിരിക്കുകയാണ് നിർമാതാവ് കൂടിയായ ദിലീഷ് പോത്തൻ. പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നൽകിയൊരു അഭിമുഖത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘പ്രേമലു 2ന്റെ എഴുത്ത് കാര്യങ്ങളൊക്കെ കഴിഞ്ഞു. ലൊക്കേഷൻ ഹണ്ടും മറ്റ് പ്രീ പ്രൊഡക്ഷൻ വർക്കുകളും നടക്കുകയാണ്. ജൂൺ പകുതിയോടെ പ്രേമലു 2ന്റെ ആദ്യ ഷെഡ്യൂൾ ഷൂട്ട് തുടങ്ങും. ഇത്തവണ മൂന്ന് നാല് ഷെഡ്യൂൾ ഉണ്ട്. 2025 അവസാനത്തേക്ക് റിലീസ് ചെയ്യാനാണ് പ്ലാനിട്ടിരിക്കുന്നത്. സംവിധായകൻ ഗിരീഷിന്റെ തീരുമാനമാണത്. ഷൂട്ട് എന്തായാലും ജൂൺ പകുതിയോടെ ആരംഭിക്കും. ആദ്യഭാഗത്തെക്കാൾ കുറച്ചുകൂടി വലിയ ക്യാൻവാസിൽ ഉള്ളൊരു പടമാണ്.’ ദിലീഷ് പോത്തൻ പറഞ്ഞു.
പ്രേമലുവിന്റെ സക്സസ് സെലിബ്രേഷനിടെ ആയിരുന്നു പ്രേമലു 2 പ്രഖ്യാപിച്ചത്. ഗിരീഷ് എഡി തന്നെയാകും രണ്ടാം ഭാഗവും സംവിധാനം ചെയ്യുക. മലയാളത്തിന് പുറമെ തമിഴ്, തെലുങ്കു ഭാഷകളിലും രണ്ടാം ഭാഗം റിലീസ് ചെയ്യും. ഭാവനാ സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌ക്കരന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ ചേര്‍ന്നായിരുന്നു ചിത്രത്തിന്റെ നിർമാണം.
STORY HIGHLIGHT: dileesh pothan talk-about movie premalu-2