മലയാള സിനിമയുടെ സ്വന്തം ജഗതി ശ്രീകുമാറിനു മുന്നിൽ പാട്ട് പാടി സൗഹൃദം പങ്കിട്ട് ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി. മലയാള സിനിമയിലെ മുത്തച്ഛൻ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയുടെ പേരിലുള്ള പുരസ്‌കാരം ജഗതി ശ്രീകുമാറിനു കൈമാറുന്ന വേളയിലായിരുന്നു മനം നിറച്ച അപൂർവ നിമിഷം അരങ്ങേറിയത്.
‘ജഗതിച്ചേട്ടനെന്നു വിളിക്കാനാണ് എനിക്കിഷ്ടം. സമപ്രായക്കാരാണേലും മലയാള സിനിമാരംഗത്തെ അതുല്യപ്രതിഭയെ അങ്ങനെ വിളിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു’, ജഗതി ശ്രീകുമാറിനെക്കുറിച്ച് കൈതപ്രം പറഞ്ഞു. പാട്ട് കേട്ടപ്പോൾ ജഗതി താളം പിടിച്ചത് ചുറ്റുമുണ്ടായിരുന്നവരുടെയും മനസ്സു നിറച്ചു. ജഗതി ശ്രീകുമാറിന്റെ വസതിയിൽ വച്ചു നടന്ന പുരസ്കാരദാന ചടങ്ങിൽ മന്ത്രി എം.ബി.രാജേഷ് ആണ് പുരസ്‌കാരം സമ്മാനിച്ചത്.
50,000 രൂപയും ഉണ്ണി കാനായി രൂപകല്പനചെയ്ത ശില്പവുമാണ് പുരസ്കാരം. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ ഭാര്യാ പിതാവ് ആണ് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി. അദ്ദേഹത്തിന്റെ മക്കളായ ജസ്റ്റിസ് കുഞ്ഞിക്കൃഷ്ണൻ, ഭാവദാസൻ, ജഗതി ശ്രീകുമാറിന്റെ മകൻ രാജ്കുമാർ, എംഎൽഎമാരായ ടി.ഐ.മധുസൂദനൻ, എം.വിജിൻ, മുൻ എംഎൽഎ ടി.വി.രാജേഷ്, ട്രസ്റ്റ്-പുരസ്‌കാര കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
STORY HIGHLIGHT: kaithapram damodaran namboothiri and jagathy sreekumar