മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് പത്മപ്രിയ. അഭിനയത്തിനപ്പുറം സ്വന്തം നിലപാടുകൾകൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട് താരം. ഡബ്യൂസിസി അംഗം കൂടിയാണ് പത്മപ്രിയ. ഇപ്പോൾ ഒരു അഭിമുഖത്തിൽ തന്റെ ജീവിത പങ്കാളിയെക്കുറിച്ച് പറയുകയാണ് താരം. ഡൽഹിയിലെ ഡയലോഗ് ആൻഡ് ഡെവലപ്‌മെന്റ് കമ്മീഷൻ മുൻ വൈസ് ചെയർപേഴ്സണും ആം ആദ്മി പാർട്ടി നേതാവുമായ ജാസ്മിൻ ഷാ ആണ് പത്മപ്രിയയുടെ പങ്കാളി.
പത്മപ്രിയയുടെ വാക്കുകൾ
‘അദ്ദേഹത്തെ കണ്ട ദിവസം തന്നെ ഞാൻ മനസാവരിച്ചു. ജാസ്മിൻ ഷായുടെ ആശയങ്ങളാണ് എന്നെ ആകർഷിച്ചത്. ഫിസിക്കലി ഹോട്ട് ആണ് എന്നതിനപ്പുറം സ്വാർഥ താല്പര്യങ്ങളൊന്നുമില്ലാത്ത ഒരു രാഷ്ട്രീയക്കാരനാണ് അദ്ദേഹം. ജാസ്മിൻ സജീവ രാഷ്ട്രീയത്തിലേക്ക് കടക്കുമെന്ന് എനിക്ക് അറിയില്ലായിരുന്നു. അദ്ദേഹത്തിനു പോലും അറിയില്ലായിരുന്നു. ഒരു പങ്കാളി എന്നതിലപ്പുറം ജാസ്മിന്റെ നിലപാടുകളിൽ ഞാൻ ഇടപെടാറില്ല. ജാസ്മിൻ ഒരു പാർട്ടിയിൽ പ്രവർത്തിക്കുന്നത് എന്നെ ഒരു വിധത്തിലും ബാധിക്കില്ല. നാളെ എനിക്ക് കോൺഗ്രസിനോ മറ്റ് ഏതു സ്വതന്ത്ര സ്ഥാനാർഥികൾക്കോ വോട്ട് ചെയ്യാൻ കഴിയും. ആരോഗ്യകരമായ നല്ല ബന്ധത്തിന്റെ ഭംഗി അതാണ്. ഞങ്ങളിൽ പൊതുവായി ഉള്ളത് ഞങ്ങൾ വൈവിധ്യത്തിൽ വിശ്വസിക്കുന്നു, എല്ലാവരെയും ഒരുപോലെ ഉൾക്കൊള്ളുന്നു, എല്ലാവരുടെയും അവകാശങ്ങളിൽ വിശ്വസിക്കുന്നു എന്നതാണ്.
ഞങ്ങൾ രണ്ടും മിഡിൽ ക്ലാസ് കുടുംബത്തിൽ നിന്നു വന്നവരാണ്. അതുകൊണ്ട് മിഡിൽ ക്ലാസിന്റെ പ്രശ്നങ്ങൾ മനസിലാകും. അതാണ് എന്നെ അദ്ദേഹവുമായി ബന്ധിപ്പിക്കുന്നത്. ദ്ദേഹം പ്രസിദ്ധീകരിച്ച പുസ്തകം ഡൽഹി മോഡൽ വാങ്ങാൻ ഞാൻ എല്ലാവരെയും പ്രേരിപ്പിക്കും. കാരണം അദ്ദേഹത്തിന്റെ എഴുത്തിന്റെ യാത്രയുടെ തുടക്കം മുതൽ ഞാൻ ഒപ്പമുണ്ട്. ഒരു എഴുത്തുകാരൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ യാത്ര ഞാൻ കണ്ടിട്ടുണ്ട്. സർക്കാർ കൊണ്ടുവന്ന നിരവധി നയ മാറ്റങ്ങളിൽ അദ്ദേഹം സജീവമായി പങ്കാളിയായിട്ടുണ്ട്. പൊതുജനത്തിന് ഉപകാരപ്രദമായ കാര്യങ്ങള്‍ ചെയ്യാന്‍ വേണ്ടിയാണ് ജാസ്മിന്‍ രാഷ്രീയത്തിലേക്ക് ഇറങ്ങിയത്.’ ദ് വീക്കിന് നല്‍കിയ അഭിമുഖത്തിലേതാണ് താരത്തിന്റെ വാക്കുകൾ.