നസ്രിയ നസീം – ബേസിൽ ജോസഫ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി എം.സി.ജിതിൻ സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രമാണ് സൂക്ഷ്മദർശിനി. മിസ്റ്ററി ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഈ ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ് കഴിഞ്ഞ വര്‍ഷം നവംബര്‍ 22 ന് ആയിരുന്നു. ജനുവരി 11 മുതൽ ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലൂടെ ഒടിടിയിൽ എത്തിയ ചിത്രത്തിന് നല്ല പ്രതികരണം ലഭിച്ചിരുന്നു. ലയാളത്തിനൊപ്പം ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം എത്തിയിരുന്നു. ഇപ്പോൾ മറുഭാഷക്കാരും ചിത്രത്തെ പ്രശംസിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ.
ഇത്തരത്തിലുള്ള മലയാള ചിത്രങ്ങളില്‍ നിന്ന് തെലുങ്ക് ഫിലിം ഇന്‍ഡസ്ട്രി പഠിക്കണമെന്നാണ് ഒരു തെലുങ്ക് പ്രേക്ഷകർ സൂക്ഷ്മദർശിനിയെ പ്രശംസിച്ച് കുറിക്കുന്നത്. ദൃശ്യത്തിന്‍റെ തമിഴ് റീമേക്ക് പാപനാശത്തിലെ നായക കഥാപാത്രം, കമല്‍ ഹാസന്‍ അവതരിപ്പിച്ച സ്വയംഭൂലിംഗത്തിന്‍റെ അയല്‍വാസിയായി സൂക്ഷ്‍മദര്‍ശിനിയിലെ പ്രിയ ആയ നസ്രിയ എത്തിയിരുന്നെങ്കില്‍ എന്ന് താന്‍ ആഗ്രഹിക്കുന്നുവെന്നാണ് ചില തമിഴ് പ്രേക്ഷകരുടെ അഭിപ്രായം എന്തായാലും ചിത്രത്തിന് വലിയ പ്രശംസയാണ് ലഭിക്കുന്നത്.
അയൽപ്പക്കത്തായി ജീവിക്കുന്ന ഒരു പറ്റം മനുഷ്യരുടെ കഥയാണ് സൂക്ഷ്മദർശിനി പറഞ്ഞത്. അതിബുദ്ധിയും നിരീക്ഷണപാടവവും കൂടുതലുള്ള നസ്രിയയുടെ കഥാപാത്രമായ പ്രിയ അയൽപക്കം നിരീക്ഷിക്കുന്നിടത്ത് നിന്നാണ് കഥ തുടങ്ങുന്നത്. വർഷങ്ങൾക്കുമുൻപു നാട്ടുവിട്ടുപോയ മാനുവലും പ്രായമായ അമ്മച്ചിയും തങ്ങളുടെ വീട്ടിലേക്ക് തിരിച്ചെത്തുകയാണ്. നാട്ടുകാരുമായി വളരെ എളുപ്പത്തിൽ മാനുവൽ അടുക്കുന്നു, എല്ലാവർക്കിടയിലും നല്ല കുട്ടി ഇമേജാണ് മാനുവലിന്. എന്നാൽ പ്രിയദർശിനിയ്ക്ക് മാനുവലിൽ എന്തോ ഒരു അസ്വാഭാവിക തോന്നുന്നു. അൽപ്പം സംശയദൃഷ്ടിയോടെയാണ് പ്രിയദർശിനി പിന്നീടങ്ങോട്ട് മാനുവലിനെ നിരീക്ഷിക്കുന്നത്. മാനുവൽ എന്തോ ഒളിപ്പിക്കുന്നുണ്ട് എന്ന് പ്രിയക്കൊപ്പം സഞ്ചരിക്കുന്ന പ്രേക്ഷകർക്കും തോന്നും വിധം ആണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. പ്രേക്ഷകരുടെ സംശയങ്ങളും ജിജ്ഞാസയും ക്ലൈമാക്സ് വരെ അതുപോലെ തന്നെ നിലനിർത്തി കൊണ്ടാണ് സംവിധായകൻ ‘സൂക്ഷ്മദര്‍ശിനി’യുടെ കഥ പറയുന്നത്.
ദീപക് പറമ്പോല്‍, സിദ്ധാർത്ഥ് ഭരതൻ, കോട്ടയം രമേശ്, അഖില ഭാർഗവൻ, പൂജ മോഹൻരാജ്, മെറിൻ ഫിലിപ്പ്, മനോഹരി ജോയ്, ഹെസ്സ മെഹക്ക്, ഗോപൻ മങ്ങാട്, ജയ കുറുപ്പ്, റിനി ഉദയകുമാർ, ജെയിംസ്, നൗഷാദ് അലി, അപർണ റാം, സരസ്വതി മേനോൻ, അഭിറാം രാധാകൃഷ്ണൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ.
ഹാപ്പി ഹവേർസ് എന്‍റർടെയ്ൻമെന്‍റ്സിന്റെയും എ വി എ പ്രൊഡക്ഷൻസിന്റെയും ബാനറുകളില്‍ സമീർ താഹിർ, ഷൈജു ഖാലിദ്, എ വി അനൂപ് എന്നിവർ ചേര്‍ന്നാണ് സൂക്ഷ്മദർശിനി നിര്‍മിച്ചത്. ലിബിനും അതുലും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. ശരൺ വേലായുധൻ ഛായാഗ്രഹണവും, എഡിറ്റിംഗ് ചമൻ ചാക്കോയും സംഗീതം ക്രിസ്റ്റോ സേവ്യറും നിർവ്വഹിച്ചു.