ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്ത മലയാളം ആക്ഷൻ ത്രില്ലർ ചിത്രമാണ് പണി. ചിത്രത്തിലെ ഗിരി എന്ന കേന്ദ്രവേഷവും ജോജു തന്നെയാണ് അവതരിപ്പിച്ചിരിക്കുന്നത്. സാഗർ സൂര്യ, ജുനൈസ്, സീമ, അഭിനയ എന്നിവരാണ് ചിത്രത്തിലെ മറ്റ് മുഖ്യ താരങ്ങൾ. 2024 ഒക്ടോബർ 24ന് തിയേറ്ററുകളിലെത്തിയ ചിത്രം ജനുവരി 16 മുതൽ സോണി ലൈവിലൂടെ സ്ട്രീമിംഗ് ആരംഭിച്ചിരുന്നു. ഇപ്പോൾ ഒടിടിയിലും ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്.
ചിത്രം തിയേറ്ററിൽ എത്തിയപ്പോൾ വലിയ പ്രേക്ഷക, നിരൂപക പ്രശംസ നേടിയിരുന്നു. അതിൽ തന്നെ എല്ലാവരും എടുത്ത് പറഞ്ഞ് പ്രശംസിച്ച രണ്ട് കഥാപാത്രങ്ങൾ സാഗർ സൂര്യയും ജുനൈസും അവതരിപ്പിച്ച ഡോൺ, സിജു എന്നീ കഥാപാത്രങ്ങളായിരുന്നു. ബിഗ് ബോസ് സീസൺ അഞ്ചിലൂടെ ശ്രദ്ധനേടിയവരാണ് ഇരുവരും. കുട്ടിത്തവും തമാശയും നിറഞ്ഞ് സ്വഭാവവും പ്രകൃതവുമാണ് യഥാർഥ ജീവിതത്തിൽ എങ്കിലും സിനിമയിൽ പകയും അറപ്പും വെറുപ്പുമുളവാക്കുന്ന വില്ലൻമാരായി ഇരിവരും തകർത്ത് അഭിനയിച്ചു എന്നാണ് പ്രേക്ഷകർ ഒരുപോലെ അഭിപ്രായപ്പെടുന്നത്. മലയാളികള്‍ക്ക് പുറമെ ഇതര ഭാഷക്കാരും പണിയെ പ്രശംസിച്ച് രംഗത്ത് എത്തുന്നുണ്ട്. സാഗർ സൂര്യ അവതരിപ്പിച്ച ഡോൺ, ജുനൈസ് വി പി അവതരിപ്പിച്ച സിജു എന്നീ രണ്ട് യുവാക്കൾ നഗരത്തിൽ ഒരു കൊലപാതകം നടത്തി ഗിരിയുടെ ജീവിതത്തെ താറുമാറാക്കുന്നതോടെയാണ് ചിത്രം വഴിത്തിരിവിലേക്ക് എത്തുന്നത്.
വിഷ്ണു വിജയ്, സാം സി എസ് എന്നിവർ ചേർന്നാണ് സംഗീതം ഒരുക്കിയത്. ഛായാഗ്രഹണം വേണു ഐ എസ് സിയും ജിൻ്റോ ജോർജും ചേർന്നാണ് നിർവ്വഹിച്ചിരിക്കുന്നത്.ഒരു മാസ്സ്, ത്രില്ലർ, റിവഞ്ച് ഴോണറിൽ എത്തുന്ന ചിത്രം ജോജുവിന്‍റെ തന്നെ പ്രൊഡക്ഷൻ കമ്പനിയായ അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്‍റെയും, എ ഡി സ്റ്റുഡിയോസിന്‍റെയും, ശ്രീ ഗോകുലം മൂവീസിന്‍റെയും ബാനറിൽ എം റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ജോജു ജോര്‍ജുവിന്റെ തന്നെ പ്രൊഡക്ഷൻ കമ്പനിയായ അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്‍റെയും എ ഡി സ്റ്റുഡിയോസിന്‍റെയും ശ്രീ ഗോകുലം മൂവീസിന്‍റെയും ബാനറിൽ എം റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്.