Entertainment

‘കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച തിരക്കഥ, അനശ്വര അതി​ഗംഭീരമാക്കി’ : രേഖാചിത്രത്തെ പ്രശംസിച്ച് കീർത്തി സുരേഷ്

ജനുവരി 9ന് തിയേറ്ററുകളിൽ എത്തിയ രേഖാചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങൾ നേടി മുന്നോട്ട് കുതിക്കുകയാണ്. മലയാളത്തില്‍ അപൂര്‍വ്വമായ ഓള്‍ട്ടര്‍നേറ്റ് ഹിസ്റ്ററി എന്ന സബ് ജോണറില്‍ എത്തിയ ചിത്രം ഒരു മിസ്റ്ററി ക്രൈം ഡ്രാമ കൂടിയാണ്. ദി പ്രീസ്റ്റിന് ശേഷം ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത ചിത്രത്തില്‍ മലയാളം ഇന്നുവരെ കണ്ടിട്ടില്ലാത്ത ചില സര്‍പ്രൈസുകളുമുണ്ട്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് ആസിഫ് അലിയും അനശ്വര രാജനുമാണ്. ചിത്രത്തെ പ്രശംസിച്ച് ഇപ്പോൾ നടി കീർത്തി സുരേഷ് രം​ഗത്ത് എത്തിയിരിക്കുകയാണ്. താൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച തിരക്കഥയാണെന്നും ഓരോ വിശദാംശങ്ങളും അത്ഭുതപ്പെടുത്തിയെന്നുമാണ് കീർത്തി ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചത്. ആസിഫ് അലി, അനശ്വര രാജൻ, ജോഫിൻ ടി ചാക്കോ, വേണു കുന്നപ്പള്ളി, ജോൺ മന്ത്രിക്കൽ, രാമു സുനിൽ, അപ്പു പ്രഭാകർ, ഷമീർ മുഹമ്മദ് തുടങ്ങിയവരെയും കീർത്തി പ്രശംസിച്ചു.

കീർത്തി സുരേഷിന്റെ പോസ്റ്റ്

‘രേഖാചിത്രം കണ്ടു, ഇത് എഴുതാൻ ഞാൻ കാത്തിരിക്കുകയായിരുന്നു. ഈ സിനിമ കണ്ട ഹാങ്ങ് ഓവറിലാണ് ഞാൻ. ഒന്നും എഴുതാൻ പോലും കഴിയുന്നില്ല. ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച തിരക്കഥ. ഓരോ ഡീറ്റെയിലിങ്ങും എന്നെ ഞെട്ടിച്ചു. പ്രിയപ്പെട്ട അനശ്വര നിന്റെ എല്ലാ സിനിമകളും ഞാൻ കണ്ടിട്ടുണ്ട്. നിന്റെ അഭിനയം എനിക്ക് ഏറെ ഇഷ്ടമാണ്. ഈ സിനിമയിലും നീ ഏറെ മികച്ചതായിരുന്നു. ആസിഫ് നിങ്ങൾ എന്നെ ഞെട്ടിക്കുന്നു. സൂക്ഷ്മമായ പ്രകടനത്തിലൂടെ ചെയ്യുന്ന ഓരോ കഥാപാത്രത്തെയും നിങ്ങൾ ഏറെ മികവുറ്റതാക്കുന്നു. നിങ്ങളുടെ തിരക്കഥയുടെ തിരഞ്ഞെടുപ്പ് മികച്ചതാണ്. അടുത്ത ചിത്രത്തിനായി കാത്തിരിക്കുന്നു. രേഖാചിത്രത്തിന്റെ മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ. ഈ ചിത്രത്തെക്കുറിച്ചോർത്ത് അഭിമാനിക്കാൻ ഏറെയുണ്ട്.’

2025ലെ ആദ്യ ബ്ലോക്ക് ബസ്റ്റർ ഹിറ്റായി രേഖപ്പെടുത്തിയ രേഖാചിത്രം ആസിഫ് അലിയുടെ കരിയറിൽ തന്നെ ഏറ്റവും മികച്ച ബോക്സ് ഓഫീസ് ഇനിഷ്യലാണ്. കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളിയാണ് രേഖാചിത്രം നിർമ്മിച്ചത്. സിനിമയിൽ 80കളിലെ ലുക്കിലാണ് അനശ്വര പ്രത്യക്ഷപ്പെട്ടത്. മനോജ് കെ ജയൻ, ഇന്ദ്രൻസ്, ഹരിശ്രീ അശോകൻ, ഭാമ അരുൺ, സിദ്ദിഖ്, ജഗദീഷ്, സായികുമാർ, ശ്രീകാന്ത് മുരളി, ഉണ്ണി ലാലു, നിഷാന്ത് സാഗർ, പ്രേംപ്രകാശ്, സുധി കോപ്പ, മേഘ തോമസ്, സെറിൻ ശിഹാബ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ജോഫിൻ ടി ചാക്കോയുടെ സംവിധാന മികവിൽ രേഖാചിത്രം ഏറെ നിരൂപക പ്രശംസയും നേടുന്നുണ്ട്. അപ്പു പ്രഭാകറിന്റെ ഛായാഗ്രഹണവും മുജീബ് മജീദിന്റെ സംഗീതവും പ്രത്യേകം എടുത്തു പറയേണ്ടതുണ്ട്.