മലയാള സിനിമാ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് ലെന. താരം രണ്ടാമതും വിവാഹിതയായെന്ന വാര്‍ത്ത ആരാധകരെ പോലും ഞെട്ടിച്ചിരുന്നു. വിവാഹിതയായി മാസങ്ങള്‍ക്ക് ശേഷമാണ് നടിയിത് പുറംലോകത്തിന് മുന്നില്‍ വെളിപ്പെടുത്തുന്നത്. അന്ന് മുതല്‍ നടിയുടെ വിശേഷങ്ങള്‍ ആകാംഷയോടെയാണ് പ്രേക്ഷകർ കേട്ടിരുന്നത്. ഗഗൻയാൻ ബഹിരാകാശയാത്രിക സംഘത്തിലെ എയർഫോഴ്സ് ഗ്രൂപ്പ് ക്യാപ്റ്റനായിരുന്ന പ്രശാന്ത് ബാലകൃഷ്ണനാണ് ലെനയുടെ പങ്കാളി. 2024 ജനുവരിയിലായിരുന്നു വിവാഹമെങ്കിലും വാർത്ത പുറത്ത് പറഞ്ഞത് ഫെബ്രുവരിയിലാണ്. ആദ്യ വിവാഹവാര്‍ഷിക ദിനത്തില്‍ ഭര്‍ത്താവ് പ്രശാന്തിനൊപ്പമുള്ള സന്തോഷനിമിഷങ്ങളുടെ വീഡിയോ പങ്കുവക്കുകയാണ് താരം. ഭർത്താവിനൊപ്പം നടത്തിയ യാത്രകളുടെയും നല്ല നിമിഷങ്ങളുടെയും ചിത്രങ്ങൾ കോർത്തിണക്കിയായിരുന്നു വീഡിയോ. വിവാഹിതയാകുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചിട്ടില്ലാത്ത താന്‍ ആണ് ഇപ്പോള്‍ ഒന്നാം വിവാഹവാര്‍ഷികം ആഘോഷിക്കുന്നത് എന്നാണ് ലെന പറയുന്നത്.
ലെനയുടെ പോസ്റ്റ്
‘സ്വപ്നത്തില്‍ പോലും ഞാന്‍ വിവാഹിതയാകുമെന്ന് കരുതിയിരുന്നില്ല. ആ ഞാനിതാ ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു വര്‍ഷമാണ് കഴിഞ്ഞുപോയത്. എന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ ദിവസങ്ങള്‍ സമ്മാനിച്ചതിന് ദൈവത്തിനും എന്റെ പ്രിയപ്പെട്ട ഭര്‍ത്താവ് പ്രശാന്തിനും ഞാന്‍ നന്ദി പറയുന്നു’. എന്നാണ് ലെന ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
നിരവധി പേരാണ് ലെനയ്ക്ക് വിവാഹ വാർഷിക ആശംസകൾ നേർന്നത്. ആദ്യ വിവാഹമോചനത്തിനുശേഷം ഇനിയൊരു വിവാഹം വേണ്ടെന്ന തീരുമാനത്തിലായിരുന്നു ലെന. താരം തന്നെ ഇക്കാര്യം അഭിമുഖങ്ങളിൽ വെളിപ്പെടുത്തിയിട്ടുണ്ട്. ആദ്യ വിവാഹ മോചനത്തിന് ശേഷം വീട്ടുകാർ ആലോചിച്ച് ഉറപ്പിച്ചതായിരുന്നു ലെനയുടെ രണ്ടാം വിവാഹം. ബാംഗ്ലൂരിലെ മല്ലേശ്വരം ക്ഷേത്രത്തില്‍ വെച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ചെറിയ ചടങ്ങായിട്ടാണ് ഇരുവരും വിവാഹിതരായത്. ഗഗന്‍യാനിലെ യാത്രികരുടെ പേര് പ്രധാനമന്ത്രി പരസ്യമാക്കിയതിന് ശേഷമായിരുന്നു വിവാഹവിശേഷം പങ്കുവെച്ചത്. തന്ത്രപ്രധാനമായൊരു ദൗത്യത്തിന്റെ ഭാഗമായിരുന്നു അദ്ദേഹം. അക്കാരണത്താലാണ് വിവാഹ വിവരം കുറച്ചുകാലം രഹസ്യമായി സൂക്ഷിച്ചതെന്ന് ലെന വ്യക്തമാക്കിയിരുന്നു. വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ വൈറലായിരുന്നു അന്ന്.