Entertainment

ഭ്രമയുഗത്തിലെ ആ സീനിൽ മമ്മൂക്ക ഒരു കഷ്ണം ചിക്കൻ പോലും കഴിച്ചിട്ടില്ല : അർജുൻ അശോകൻ

മമ്മൂട്ടിയെ നായകനാക്കി രാഹുല്‍ ശിവദാസ് ഒരുക്കിയ ഹിറ്റ്‌ ചിത്രമാണ്‌ ഭ്രമയുഗം. ഭൂതകാലം എന്ന ചിത്രത്തിന് ശേഷമാണ് രാഹുല്‍ സദാശിവന്‍ ഭ്രമയുഗം സംവിധാനം ചെയ്‌തത്. ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണ് ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തിയത്. അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, അമാല്‍ഡ ലിസ്, മണികണ്‌ഠന്‍ ആചാരി, എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങള്‍. കൊടുമണ്‍ പോറ്റി എന്ന കഥാപാത്രമായി സമാനതകളില്ലാത്ത അഭിനയമാണ് മമ്മൂട്ടി ഭ്രമയുഗത്തില്‍ കാഴ്ചവച്ചത്. മമ്മൂട്ടിയുടെ ഈ കഥാപാത്രം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഇപ്പോൾ ചിത്രത്തെക്കുറിച്ച് ഒരു അഭിമുഖത്തിൽ സംസാരിക്കുകയാണ് നടൻ അർജുൻ അശോകൻ.

‘സിനിമയുടെ കഥ കേട്ടപ്പോൾ തന്നെ ഇഷ്ടപ്പെട്ടു. ചിത്രത്തിലേക്ക് ക്ഷണിക്കുമ്പോൾ മമ്മൂട്ടിയുടെതായി ഒരു സ്കെച്ച് സംവിധായകൻ കാണിച്ചുതന്നിരുന്നു അത് കണ്ടപ്പോൾ തന്നെ ചിത്രത്തിൽ അഭിനയിക്കാമെന്ന് ഞാൻ ഉറപ്പു നൽകി. ഈ സിനിമയിൽ എല്ലാവരും അത്ഭുതത്തോടെ കണ്ട ഒരു സീനാണ് മമ്മൂട്ടി ചിക്കൻ കഴിക്കുന്നത്. എന്നാൽ ആ സീനിൽ ഒരു കഷണം ചിക്കൻപോലും മമ്മൂക്ക കഴിച്ചിട്ടില്ല. പക്ഷേ സിനിമ കണ്ടവരെല്ലാം അദ്ദേഹം ആ ചിക്കൻ കഴിച്ചു എന്ന് വിശ്വസിച്ചു. അതാണ് അദ്ദേഹത്തിന്റെ വിജയം. ഇതുകൂടാതെ ആ സിനിമയെപ്പറ്റി പറഞ്ഞാൽ ആ സിനിമയിൽ കൂടുതൽ ഭാഗങ്ങളിലും ഞാനും സിദ്ധുവേട്ടനും മമ്മൂക്കയും മാത്രമേ ഉള്ളൂ. അതിനാൽ 25 ദിവസത്തോളം മമ്മൂക്കയെ സ്വന്തമാക്കി വച്ച ഒരു ഫീൽ ആയിരുന്നു.’ എന്നാണ് അർജുൻ പറയുന്നത്.

അതേസമയം ഈ സിനിമ കളർ ആയി കാണാൻ ഭാഗ്യം ലഭിച്ച ചുരുക്കം ചില ആളുകളിൽ ഒരാളാണ് താൻ എന്നുകൂടി അർജുൻ അശോകൻ കൂട്ടിച്ചേർക്കുന്നു. സിനിമയിലെ ഓരോ സീൻ ചിത്രീകരിക്കുമ്പോഴും മോണിറ്ററിൽ അത് കളറായി കാണാൻ കഴിഞ്ഞു എന്നാണ് അർജുൻ അശോകൻ പറയുന്നത്. ഒരു ടി.വി.ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ പറയുന്നത്.