വിവാഹ ബന്ധം വേർപ്പെടുത്താനുള്ള തീരുമനത്തിൽ മാറ്റമില്ലാതെ നടൻ രവി മോഹനും ആരതിയും. ഇരുവർക്കും ഇടയിൽ നടന്ന അനുരഞ്ജന ശ്രമങ്ങൾ പരാജയപ്പെട്ടെന്നാണ് വിവരം. 15 വര്‍ഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിച്ച് പിരിയാൻ തന്നെയാണ് ഇരുവരുടെയും തീരുമാനം. കോടതിയുടെ നിര്‍ദേശപ്രകാരം അനുനയചര്‍ച്ചകള്‍ നടത്തിയെങ്കിലും ഒരുമിച്ച് മുന്നോട്ടുപോകാന്‍ ആകില്ല എന്ന് നിലപാടില്‍ തന്നെയാണ് രവി മോഹൻ. രവിയോടും ആരതിയോടും പ്രശ്നങ്ങൾ പറഞ്ഞു തീർക്കാനായി മധ്യസ്ഥ ചർച്ചയിൽ പങ്കെടുക്കാൻ നിർദേശിച്ചിരുന്നു. എന്നാൽ, ഇരുവരും ഇതിന് താൽപര്യം കാട്ടിയില്ല. മാത്രമല്ല, ഇരുവരും സിറ്റിങ്ങിൽ പങ്കെടുത്തതുമില്ല.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ തന്റെ ഔദ്യോഗിക സാമൂഹികമാധ്യമ പേജിലൂടെയാണ് ആരതിയുമായുള്ള ദാമ്പത്യബന്ധം അവസാനിപ്പിക്കുന്നതായുള്ള വിവരം രവി ആരാധകരുമായി പങ്കുവച്ചത്. പിന്നീട് വാർത്ത സ്ഥിരീകരിച്ച് ആരതിയും രംഗത്ത് വരികയായിരുന്നു. വീഡിയോ കോൺഫറൻസിങ് വഴിയാണ് രവിയും ആരതിയും കോടതിയിൽ ഹാജരായത്. വിവരങ്ങൾ രേഖപ്പെടുത്തിയ ശേഷം കേസ് ഫെബ്രുവരി 15ലേക്ക് മാറ്റി. ഇത് പെട്ടെന്നുണ്ടായ ഒരു തീരുമാനമല്ലെന്നും വ്യക്തിപരമായ കാരണങ്ങളാണ് വിവാഹമോചനത്തിന് പിന്നിലെന്നും നടൻ സോഷ്യൽ മീഡിയ പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു.
തീർച്ചയായും ഇത് എല്ലാവരുടെയും നല്ലതിനുവേണ്ടിയാണ്. എന്റെ മുൻഗണന എല്ലായ്പ്പോഴും ഒരു കാര്യത്തിന് മാത്രമാണ്. എന്റെ സിനിമകളിലൂടെ പ്രേക്ഷകർക്ക് എല്ലാവർക്കും സന്തോഷവും എന്റർടെയ്ൻമെന്റും നൽകുക എന്നത് തുടരുമെന്നും നടൻ വ്യക്തമാക്കിയിരുന്നു. 2009 ൽ ആയിരുന്നു ജയം രവിയുടെയും ആർതിയുടെയും വിവാഹം. ആരവ്, അയാൻ എന്നീ രണ്ട് ആൺമക്കൾ ഇവർക്കുണ്ട്.
ഇതിനിടെ താരം ജയം രവി എന്ന തന്റെ പേര് പരിഷ്കരിച്ചു. രവി മോഹൻ എന്ന പുതിയ പേരാണ് താരം സ്വീകരിച്ചത്. അതേസമയം താരത്തിന്റേതായി അടുത്ത് പുറത്തിറങ്ങിയ ചിത്രം കാതലിക്ക നേരമില്ലൈ ആണ്. ചിത്രം മികച്ച പ്രതികരണങ്ങൾ നേടി തിയേറ്ററുകളിൽ മുന്നേറുന്നുണ്ട്.