Travel

എപ്പോഴും മൂളിക്കൊണ്ടിരിക്കുന്ന പട്ടണം; അറിയാം താവോസിന്‍റെ വിശേഷങ്ങള്‍ | taos-county-nestled-in-northern-new-mexico

ചില വിചിത്ര പ്രതിഭാസങ്ങള്‍ ഈ ഭൂമിയിലുണ്ട്, അവയില്‍ ഒന്നാണ് 'താവോസ് ഹം

ശാന്തവും വിശാലവുമായ ഒരു മരുഭൂമി…. എവിടെ നിന്നോ ഒരു മൂളല്‍ ശബ്ദം കേള്‍ക്കാം. ആദ്യം അതത്ര ശ്രദ്ധിക്കുന്നില്ല. പിന്നീട് നിങ്ങള്‍ മനസ്സിലാക്കുന്നു, ആ ശബ്ദം മാഞ്ഞുപോകുന്നില്ല, സ്ഥിരമായി അന്തരീക്ഷത്തില്‍ തന്നെ തങ്ങി നില്‍ക്കുന്ന ആ ശബ്ദം, ഉള്ളില്‍ ചിലപ്പോള്‍ കൗതുകവും ചിലപ്പോള്‍ ഭീതിയും നിറയ്ക്കുന്നു. അത്തരം ചില വിചിത്ര പ്രതിഭാസങ്ങള്‍ ഈ ഭൂമിയിലുണ്ട്, അവയില്‍ ഒന്നാണ് ‘താവോസ് ഹം’. 1990 കളുടെ തുടക്കം മുതൽ ന്യൂ മെക്സിക്കോയിലെ താവോസ് നഗരത്തില്‍ കണ്ടു വരുന്ന- അല്ല, കേട്ടുവരുന്ന ഈ പ്രതിഭാസം ആയിരക്കണക്കിന് സഞ്ചാരികളെ ആകര്‍ഷിക്കുന്നു. രസകരമെന്നു പറയട്ടെ, എല്ലാവർക്കും ഇത് കേൾക്കാൻ കഴിയില്ല.

താവോസ് ഹമ്മിനെ കുറിച്ചുള്ള ഒരു പഠനം സൂചിപ്പിക്കുന്നത്, രണ്ട് ശതമാനം പേർക്ക് മാത്രമാണ്, 32 ഹെർട്‌സിനും 80 ഹെർട്‌സിനും ഇടയിലുള്ള ഈ ശബ്ദം കേള്‍ക്കാന്‍ പറ്റുന്നത് എന്നാണ്. മധ്യവയസ്കരായ ആളുകൾക്ക് ഇത് കേൾക്കാൻ സാധ്യത കൂടുതലാണ്. അതേപോലെ, ചിലര്‍ക്ക് ഇത് കേള്‍ക്കുമ്പോള്‍ മനസ്സ് ശാന്തമാകുന്നു. മറ്റു ചിലര്‍ക്കാകട്ടെ അസ്വസ്ഥത തോന്നുന്നതായി പറയപ്പെടുന്നു. അതേപോലെ, ഇളം കാറ്റുള്ള തണുത്ത കാലാവസ്ഥയിലും അതിരാവിലെയും മാത്രമേ ഇത് കേൾക്കാനാകൂ. ഭൂമിശാസ്ത്രപരമായ പ്രവർത്തനങ്ങള്‍, അന്തരീക്ഷത്തിലെ കുറഞ്ഞ ആവൃത്തിയിലുള്ള ശബ്ദ തരംഗങ്ങൾ തുടങ്ങിയവ ഇത്തരമൊരു പ്രതിഭാസത്തിന്‌ കാരണമായേക്കാം എന്ന് ഗവേഷകര്‍ കരുതുന്നു. ചിലര്‍ക്ക് മാത്രം കേള്‍ക്കാന്‍ കഴിയുന്നതിനാല്‍, മാനസിക ഘടകങ്ങളും ഇതിനെ സ്വാധീനിക്കാന്‍ സാധ്യതയുണ്ട് എന്ന് അവര്‍ പറയുന്നു.

ന്യൂ മെക്സിക്കോയുടെ വടക്കൻ മേഖലയിൽ, സാംഗ്രെ ഡി ക്രിസ്റ്റോ പർവതനിരകളിലെ താവോസ് കൗണ്ടിയിലെ ഒരു പട്ടണമാണ് താവോസ്. ചരിത്രപ്രാധാന്യമുള്ള ഇരുപതിലധികം സ്ഥലങ്ങള്‍ ഇവിടെയുണ്ട്. തെക്കുപടിഞ്ഞാറൻ അമേരിക്കൻ ഐക്യനാടുകളിലെ ഒരു തദ്ദേശീയ അമേരിക്കൻ ഇന്ത്യൻ ജനവിഭാഗമായ പ്വേബ്ലോകളുടെ താവോസ് പതിപ്പായ താവോസ് പ്വേബ്ലോകളുടെ അധിവാസകേന്ദ്രങ്ങള്‍ പ്രശസ്തമാണ്. അമേരിക്കയിൽ തുടർച്ചയായി അധിവസിച്ചുപോരുന്ന ഏറ്റവും പഴയ ജനസമൂഹമായാണ് ഇവർ കണക്കാക്കപ്പെടുന്നത്. താവോസ് നഗരത്തിന് 1.6 കിലോമീറ്റർ വടക്കാണ് ഇവരുടെ പ്രദേശം സ്ഥിതിചെയ്യുന്നത്. ചുവപ്പും തവിട്ടും ചേർന്ന നിറത്തിൽ കാണപ്പെടുന്ന അഡോബ് എന്നയിനം കട്ടകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ബഹുനില മാളികകള്‍ കാണേണ്ട കാഴ്ചയാണ്. ക്രി.വ 1000നും 1450നും ഇടയിൽ പണികഴിപ്പിച്ച നിർമ്മിതികളാണ് ഈ വീടുകൾ എന്ന് പറയപ്പെടുന്നു.

കലാകാരന്മാരുടെ പറുദീസ എന്നറിയപ്പെടുന്ന താവോസിൽ 80-ലധികം ആർട്ട് ഗാലറികളുണ്ട്, കൂടാതെ, സ്റ്റുഡിയോകൾ, മ്യൂസിയങ്ങൾ എന്നിവയുണ്ട്. ഹാർവുഡ് മ്യൂസിയം ഓഫ് ആർട്ട്, മില്ലിസെന്‍റ് റോജേഴ്‌സ് മ്യൂസിയം എന്നിവ ഈ പ്രദേശത്തിന്‍റെ പ്രകൃതി സൗന്ദര്യത്തിൽ നിന്നും സാംസ്കാരിക സമ്പന്നതയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട കലാസൃഷ്ടികള്‍ പ്രദർശിപ്പിച്ചിരിക്കുന്നു. ഇരുപതാം നൂറ്റാണ്ടിന്‍റെ ആരംഭം മുതൽ സർഗ്ഗാത്മകതയുടെ കേന്ദ്രമായിരുന്ന താവോസ് ആർട്ട് കോളനിയുമുണ്ട്. യുഎസിലെ ഏറ്റവും ഉയരം കൂടിയ പാലങ്ങളിൽ ഒന്നായ റിയോ ഗ്രാൻഡെ ഗോർജ് പാലം പ്രകൃതിസ്നേഹികള്‍ക്ക് പ്രിയപ്പെട്ടതാണ്. താഴെയുള്ള പരുക്കൻ മലയിടുക്കിന്‍റെ മനോഹര കാഴ്ചകളും, ഹൈക്കിംഗ്, റാഫ്റ്റിംഗ്, സ്കീയിംഗ് മുതലായ വിനോദങ്ങളുമെല്ലാം ഒട്ടേറെ ആളുകളെ ഇവിടേക്ക് ആകര്‍ഷിക്കുന്നു. ചുറ്റുമുള്ള ചുടുനീരുറവകളില്‍ നീന്താനും അവസരമുണ്ട്.

STORY HIGHLIGHTS: taos-county-nestled-in-northern-new-mexico

Latest News