ലക്നൗ: വസ്തു ബ്രോക്കറായി ജോലി ചെയ്യുന്ന യുവതിയുടെ മൃതദേഹം റോഡരികില്‍ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. പിജിഐ ഏരിയയിലെ ഹൗസിങ് സൊസൈറ്റിയില്‍ താമസിക്കുന്ന ഗീത ശര്‍മ (30) തിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പരുക്കുകളോടെ റോഡരികില്‍ സ്ത്രീ കിടക്കുന്ന വിവരം പ്രദേശവാസികളാണ് പൊലീസിനെ അറിയിച്ചത്. ആളെ തിരിച്ചറിഞ്ഞതും പ്രദേശ വാസികളാണ്. പൊലീസെത്തി യുവതിയെ ആശുപത്രിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ഗീതയ്‌ക്കൊപ്പം താമസിച്ചിരുന്ന ലിവ്–ഇൻ പങ്കാളിയായ ഗിരിജ ശങ്കർ കൊലപ്പെടുത്തി ഉപേക്ഷിച്ചെന്നാണ് കുടുംബത്തിന്റെ ആരോപണം.
റായ്ബറേലി സ്വദേശിയായ ഗീത, ഏറെ നാളായി പിജിഐയിൽ ഗിരിജാ ശങ്കറിനൊപ്പമായിരുന്നു താമസം. ഗീതയ്ക്ക് അപകടത്തിൽ പരുക്കേറ്റുവെന്നും ആശുപത്രിയിലാണെന്നുമാണ് ഗിരിജാ ശങ്കർ തന്നോടു പറഞ്ഞതെന്ന് ഗീതയുടെ സഹോദരൻ ലാൽചന്ദ് പൊലീസിനു നൽകിയ പരാതിയിൽ ആരോപിക്കുന്നു. എന്നാൽ റോഡിൽ ബോധരഹിതയായി കിടന്ന ഗീതയെ നാട്ടുകാരാണ് കണ്ടതും പൊലീസിൽ അറിയിച്ചതും. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഗീതയുടെ പേരിൽ ഒരു കോടി രൂപയുടെ ഇൻഷുറൻസ് പോളിസിയുണ്ടെന്നും ഇതിൽ അവകാശിയായി ഗിരിജാശങ്കറിന്റെ പേരാണ് നൽകിയിട്ടുള്ളതെന്നും സഹോദരൻ പറഞ്ഞു. ഈ തുക തട്ടിയെടുക്കാൻ ഗിരിജാശങ്കർ ഗീതയെ കൊലപ്പെടുത്തിയെന്നാണ് സഹോദരന്റെ ആരോപണം. സംഭവത്തിൽ എസ്ജിപിജിഐ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
CONTENT HIGHLIGHT: family alleged mystery on geetha case