ജോഫിൻ ടി ചാക്കോയുടെ സംവിധാനത്തിൽ ആസിഫ് അലി നായകനായി എത്തിയ സിനിമയാണ് ‘രേഖാചിത്രം’. ഇതിനകം തന്നെ തിയേറ്ററുകളിൽ നിന്ന് മികച്ച പ്രതികരണം തേടി ചിത്രം മുന്നേറുകയാണ്. അനശ്വര രാജനാണ് നായിക. ഇൻവെസ്റ്റിഗേഷൻ സിനിമ എന്നതിന് അപ്പുറത്തേക്ക് കാഴ്ചക്കാരന് പുതുമ സമ്മാനിക്കുന്ന സിനിമയാണ് ‘രേഖാചിത്രം’. ദി പ്രീസ്റ്റ് എന്ന ചിത്രത്തിന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത ചിത്രമാണ് രേഖാചിത്രം. കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ഒന്നിക്കുന്ന ചിത്രത്തിന്റെ നിർമാണം വേണു കുന്നപ്പിള്ളിയാണ്. രാമു സുനിൽ, ജോഫിൻ ടി ചാക്കോ എന്നിവരുടെ കഥയ്ക്ക് ജോൺ മന്ത്രിക്കൽ തിരക്കഥ രചിച്ച ചിത്രത്തിൽ മറ്റ് കേന്ദ്ര കഥാപാത്രങ്ങളായി മനോജ് കെ ജയൻ, ഭാമ അരുൺ, സിദ്ദിഖ്, ജഗദീഷ്, സായികുമാർ, ഇന്ദ്രൻസ് ശ്രീകാന്ത് മുരളി, നിഷാന്ത് സാഗർ, പ്രേംപ്രകാശ്, ഹരിശ്രീ അശോകൻ, സുധികോപ്പ, മേഘാതോമസ്, സെറിൻ ശിഹാബ് തുടങ്ങിയവരും എത്തുന്നുണ്ട്. ഇതിനകം ചിത്രത്തെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. ഇപ്പോൾ ചിത്രം കണ്ട തന്റെ അനുഭവം പങ്കുവെക്കുകയാണ് കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. ചിത്രത്തെ ഏറെ പ്രശംസിച്ച് കൊണ്ടാണ് രാഹുലിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വാക്കുകള്‍
രേഖചിത്രം എന്ന സിനിമ കാണാൻ തീയറ്ററിൽ പോയത് മുൻവിധിയോടു കൂടി തന്നെയാണ്.അടുത്ത സുഹൃത്തായ ജോഫിന്റെ സിനിമ കാണുക അവനോട് അതിനെക്കുറിച്ച് പങ്കുവെക്കുക എന്നത് മാത്രമായിരുന്നു എന്റെ ലക്ഷ്യം. എന്നാൽ അവനെ വിളിച്ചു സ്വകാര്യമായി പറയുന്നതിനപ്പുറത്തേക്ക് ഒരു ആസ്വാദകൻ എന്ന നിലയിൽ എനിക്ക് അത്ഭുതവും ,ആശ്ചര്യവും തന്ന സിനിമയാണ് രേഖാചിത്രം.
സിനിമയ്ക്കിടയിലെ ഒരു പാട്ട് സീനിൽ നിന്നും കൊരുത്തെടുത്ത ത്രഡ് സിനിമ കണ്ടു തീയേറ്ററിൽ നിന്ന് ഇറങ്ങുമ്പോഴും മനസ്സിനെ വല്ലാതെ മഥിക്കുന്നുണ്ടെങ്കിൽ അത് ജോഫിന്റെ സംവിധാന മികവിനെ അടയാളപ്പെടുത്തുന്നതാണ്. ആൾട്ടർനേറ്റീവ് ഹിസ്റ്ററി ജോണറിൽപ്പെടുന്ന സിനിമയുടെ ആദ്യന്തം കോർത്തിണക്കിയിരിക്കുന്നത് പ്രേക്ഷകനെ ഒരു നിമിഷം പോലും സ്ക്രീനിൽ നിന്നും കണ്ണെടുക്കാൻ കഴിയാത്ത വിധമാണ്. സിനിമയ്ക്കുള്ളിലെ സിനിമകൾ നാം അനേകം കണ്ടിട്ടുണ്ട് .പുതു വഴിയിലൂടെ പുതുമയുള്ള കഥകൾ പറയാൻ ജോഫിൻ ചാക്കോക്ക് കഴിഞ്ഞിട്ടുണ്ട് എന്നതാണ് ഈ സിനിമയുടെ പ്രത്യേകത.
സിനിമയിലെ പോലീസ് വേഷത്തിൽ ആസിഫ് അലി മനോഹരമായി പ്രേക്ഷകനുമായി സംവദിക്കുന്നുണ്ട്. അനശ്വര രാജനും പാകതയുള്ള കഥാപാത്രമായി പകർന്നാടുന്ന സിനിമ, നിരന്തരം പുതുക്കുകയും പുതിയ പടവുകൾ താണ്ടുകയും ചെയ്യുന്ന മലയാള സിനിമയിൽ ജോഫിൻ ചാക്കോ എന്ന സംവിധായകന്റെ പേര് രേഖപ്പെടുത്തുന്ന ചിത്രമാണ് രേഖാചിത്രം.
മനസ്സിനോട് ചേർന്നു നിൽക്കുന്ന സുഹൃത്ത് എന്നതിനപ്പുറത്തേക്ക് പുതിയ കാലത്ത് മലയാള സിനിമയെ മുന്നോട്ടു നയിക്കുന്ന സംവിധായകനാണ് ജോഫിൻ ചാക്കോ എന്ന അഭിമാനത്തോടെയാണ് സിനിമ കണ്ട് തിയേറ്ററിൽ നിന്നിറങ്ങിയത്. ഇനിയുമേറെ സിനിമകളിലൂടെ പ്രേക്ഷകനെ പുതുവഴിയിലൂടെ സഞ്ചരിപ്പിക്കാൻ ജോഫിന്‍ കഴിയട്ടെ.
View this post on Instagram