Entertainment

ഇന്ത്യയിൽ ഏറ്റവും ജനപ്രീതിയുള്ള 10 നായകന്മാർ ; വിജയെ തള്ളി ആ താരം മുന്നിൽ , പട്ടികയിൽ ഇടം നേടാതെ സൂര്യ

സിനിമാ ജീവിതത്തിൽ വിജയം നിലനിർത്തുക എന്നതാണ് ഏറ്റവും അനിവാര്യമായ ഘടകം. കിട്ടുന്ന ചിത്രങ്ങളിലെല്ലാം അഭിനയിച്ച് തുടങ്ങിയാൽ കലാമൂല്യം ഉള്ളതും ഇല്ലാത്തതുമായ നിരവധി കഥാപാത്രങ്ങളായി വേഷമിടേണ്ടി വരും. ഇത് പ്രേക്ഷകരിൽ തന്നെ അവമതിപ്പിന് കാരണമാകും. അങ്ങനെ പ്രേക്ഷകരുടെ ഇഷ്ട ലിസ്റ്റിൽ നിന്ന് പുറത്തുപേയ താരങ്ങൾ നിരവധിയാണ്. ഇപ്പോഴിതാ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ജനപ്രിയരായ പുരുഷ താരങ്ങളുടെ ഒരു പട്ടിക പുറത്ത് വിട്ടിരിക്കുകയാണ് പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്സ് മീഡിയ. ഡിസംബര്‍ മാസത്തെ വിലയിരുത്തല്‍ അനുസരിച്ചുള്ള പട്ടികയാണ് ഇത്.

ഇപ്പോൾ പുറത്തുവിട്ട ലിസ്റ്റ് പ്രകാരം ചെറിയ മാറ്റങ്ങളാണ് സംഭവിച്ചിരിക്കുന്നത്. രണ്ടാം സ്ഥാനത്ത് ഉണ്ടായിരുന്ന വിജയ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു എന്നതാണ് അതില്‍ പ്രധാനം. നവംബര്‍ ലിസ്റ്റില്‍‌ എട്ടാം സ്ഥാനത്തുണ്ടായിരുന്ന സൂര്യ പട്ടികയില്‍ നിന്നേ പുറത്തായി എന്നതാണ് മറ്റൊരു ശ്രദ്ധേയ കാര്യം. വിജയ്‍യുടെ സ്ഥാനത്തേക്ക് എത്തിയിരിക്കുന്നത് പുഷ്പ 2 വിലൂടെ വിജയ നേട്ടം കൈവരിച്ച അല്ലു അർജുൻ ആണ്. സൂര്യക്ക് പകരം ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുന്നത് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ ആണ്. എന്നാല്‍ ഒന്‍പതാം സ്ഥാനത്താണ് സല്‍മാന്‍ ഖാന്‍. മുന്‍പ് ഈ സ്ഥാനത്തുണ്ടായിരുന്ന രാം ചരണ്‍ എട്ടാം സ്ഥാനത്തേക്ക് നില മെച്ചപ്പെടുത്തി.

ഏറെക്കാലം വിജയ് ഭരിച്ചിരുന്ന ഒന്നാം സ്ഥാനത്ത് ഏതാനും മാസങ്ങളായി പ്രഭാസ് ആണ് ഉള്ളത്. രണ്ടാം സ്ഥാനത്ത് അല്ലു അര്‍ജുനും മൂന്നാം സ്ഥാനത്ത് വിജയ്‍യും. നാലാം സ്ഥാനത്ത് ഷാരൂഖ് ഖാന്‍ ആണ്. അഞ്ചാമത് ജൂനിയര്‍ എന്‍ടിആറും ആറാമത് അജിത്ത് കുമാറും. മഹേഷ് ബാബുവാണ് ഏഴാം സ്ഥാനത്ത്. എട്ടാമത് രാം ചരണും ഒന്‍പതാമത് സല്‍മാന്‍ ഖാനും. അക്ഷയ് കുമാര്‍ ആണ് പത്താം സ്ഥാനത്ത്. ഓര്‍മാക്സ് ഇന്ത്യ ലിസ്റ്റില്‍ മലയാളി താരങ്ങള്‍ പൊതുവെ ഇടംപിടിക്കാറില്ല.