അക്രമിയുടെ കുത്തേറ്റ് മുംബൈ ലീലാവതി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബോളിവുഡ് താരം സെയ്ഫ് അലി ഖാന്റെ ഇൻഷുറൻസ് വിവരങ്ങൾ പുറത്ത്. 35.95 ലക്ഷം രൂപയാണ് ആരോഗ്യ ഇൻഷുറൻസ് ക്ളെയിം ആയി താരം ഫയൽ ചെയ്തിരിക്കുന്നത്. അതിൽ 25 ലക്ഷം രൂപ അടിയന്തരമായി ഇൻഷുറൻസ് കമ്പനി അനുവദിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് വിവരം. എക്സ് പ്ലാറ്റ്ഫോമിലാണ് താരത്തിന്റെ ഇൻഷുറൻസ് രേഖ പ്രചരിക്കുന്നത്.
നിവ ബുപ ഹെൽത്ത് ഇൻഷുറൻസ് കമ്പനിയുടെ ആരോഗ്യ ഇൻഷുറൻസാണ് താരം എടുത്തിരിക്കുന്നത്. എക്സിൽ പ്രചരിക്കുന്ന രേഖകളിൽ നടന്റെ ചികിത്സാ ചെലവുകളും ഡിസ്ചാർജ് തീയതിയും അടക്കമുള്ള വിവരങ്ങളുണ്ട്. ഫൈനൽ ബില്ല് സമർപ്പിക്കുന്നത് അനുസരിച്ച് ബാക്കിയുള്ള തുക അനുവദിക്കുമെന്ന് സംഭവം സ്ഥിരീകരിച്ച് നിവ ബുപ ഹെൽത്ത് ഇൻഷുറൻസ് പ്രസ്താവനയിലൂടെ അറിയിച്ചു. അതേസമയം, താരത്തിന്റെ ഡിസ്ചാർജ് തീയതി ഉൾപ്പെടെയുള്ള സുപ്രധാന വിവരങ്ങൾ ചോർന്നതിൽ വ്യാപക വിമർശനവും ഉയരുന്നുണ്ട്.
എന്നാൽ, സാധാരണക്കാരനാണ് പരിക്കേൽക്കുന്നതെങ്കിൽ ഇത്രയും തുക അനുവദിക്കാൻ ഇൻഷുറൻസ് കമ്പനി തയാറാകുമോ എന്നാണ് ചിലർ ഉന്നയിക്കുന്ന ചോദ്യം. ചെറിയ ആശുപത്രികൾക്കും സാധാരണക്കാരനും ഇത്തരം ചികിത്സക്കായി പരമാവധി അഞ്ചുലക്ഷം രൂപയാണ് അനുവദിക്കുക. എന്നാൽ പഞ്ചനക്ഷത്ര ആശുപത്രികൾ ഈടാക്കുന്ന ഭീമമായ ഫീസ് മെഡിക്ലെയിം കമ്പനികൾ അടയ്ക്കുകയും ചെയ്യുന്നു. അതിന്റെ ഫലമായി പ്രീമിയം ഉയരുകയും ഇടത്തരക്കാർ ബുദ്ധിമുട്ടിലാവുകയും ചെയ്യുകയാണെന്നായിരുന്നു എക്സ് പ്ലാറ്റ്ഫോമിൽ മുംബൈയിൽ നിന്നുള്ള കാർഡിയാക് സർജൻ ഡോ.പ്രശാന്ത് മിശ്ര പ്രതികരിച്ചത്.
അതിനിടെ, സെയ്ഫ് അലി ഖാനു വീട്ടിൽ വച്ച് കുത്തേറ്റ സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. മഹാരാഷ്ട്രയിലെ താനെയിൽനിന്നു ഞായറാഴ്ച പുലർച്ചെയാണു ബിജെ എന്ന മുഹമ്മദ് അലിയാനെ പിടികൂടിയത്. ‘വിജയ് ദാസ്’ എന്നുകൂടി പേരുള്ള ഇയാൾ, നടന്റെ വീട്ടിൽ കയറി ആക്രമണം നടത്തിയെന്നു സമ്മതിച്ചതായി പൊലീസ് പറഞ്ഞു. താനെയിലെ ഹിരാനന്ദാനി എസ്റ്റേറ്റിലെ മെട്രോ നിർമാണ സ്ഥലത്തിനു സമീപത്തെ ലേബർ ക്യാംപിൽനിന്നാണ് അറസ്റ്റ് ചെയ്തത്. ഇയാളെ ബാന്ദ്രയിലെത്തിച്ച് ചോദ്യം ചെയ്തു. വ്യാജ തിരിച്ചറിയൽ രേഖയുള്ളതിനാൽ അക്രമി ഇന്ത്യക്കാരനാണോ ബംഗ്ലദേശ് പൗരനാണോ എന്നും അന്വേഷിക്കുന്നുണ്ട്.
സെയ്ഫിന്റെ വീട്ടിൽനിന്ന് അക്രമി പടികൾ ഇറങ്ങുന്ന സിസിടിവി ദൃശ്യം മുംബൈയിലും സമീപ സ്ഥലങ്ങളിലും പൊലീസ് പോസ്റ്റർ പതിച്ചിരുന്നു. പ്രതിയെ പിടിക്കാൻ 20 സംഘങ്ങളെയും നിയോഗിച്ചു. കേസുമായി ബന്ധപ്പെട്ടു ഛത്തിസ്ഗഡിലെ ദുർഗിൽ ഒരാളെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് ഇപ്പോഴത്തെ അറസ്റ്റ്.
വ്യാഴാഴ്ച പുലർച്ചെയാണു ബാന്ദ്ര വെസ്റ്റിലെ വീട്ടിൽ മോഷണത്തിനെത്തിയ ഒരാൾ സെയ്ഫിനെ കുത്തിയത്. ആക്രമണത്തിൽ കഴുത്തിലും നട്ടെല്ലിനു സമീപവും ഉൾപ്പെടെ നടന് ആഴത്തിൽ കുത്തേറ്റു. ഉടനെ ഓട്ടോറിക്ഷയിൽ ലീലാവതി ആശുപത്രിയിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. അപകടനില തരണം ചെയ്തതായി ഡോക്ടർമാർ പറഞ്ഞു.