വിക്രമിനെ നായകനായി ഗൗതം വാസുദേവ് മേനോന്‍ സംവിധാനവും നിര്‍മാണവും നിര്‍വഹിച്ച ചിത്രമായിരുന്നു ‘ധ്രുവനച്ചത്തിരം’. 2016ലാണ് ധ്രുവനച്ചത്തിരത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. 2017-ല്‍ പുറത്തിറങ്ങുമെന്ന് പ്രഖ്യാപിച്ച ചിത്രം പല കാരണങ്ങളാലും റിലീസ് ചെയ്തില്ല. ഒടുവില്‍ 2023 നവംബര്‍ 24-ന് ചിത്രം തിയേറ്ററുകളിലെത്തുമെന്ന് വാര്‍ത്തകള്‍ വന്നു. എന്നാല്‍ അവസാന നിമിഷം അതും മാറ്റി. ഇപ്പോഴിതാ ഈ ചിത്രത്തെ കുറിച്ച് മനസ് തുറയ്ക്കുകയാണ് ഗൗതം.
ധ്രുവനച്ചത്തിരം ഉറപ്പായും റിലീസാകുമെന്നും മദ ഗജ രാജയുടെ വിജയം തനിക്കൊരു പ്രചോദനമായി മാറിയിരിക്കുകയാണെന്നും ഗൗതം മേനോൻ പറഞ്ഞു. ചിത്രം ഒരിക്കലും 2016 ൽ ഷൂട്ട് ചെയ്തതാണെന്ന് തോന്നില്ലെന്നും കഴിഞ്ഞ ആഴ്ച ഷൂട്ട് തീർന്ന സിനിമ പോലയെ അനുഭവപ്പെടൂ എന്നും ഗൗതം മേനോൻ പറഞ്ഞു. ‘ഇപ്പോൾ വിശാലിന്റെ മദ ഗജ രാജ വളരെ നന്നായി ഓടുന്നത് കാണുമ്പോൾ ഞാൻ വളരെ ഹാപ്പിയാണ്. മദ ഗജ രജയുടെ വിജയം എനിക്കൊരു പ്രചോദനമായി മാറിയിരിക്കുകയാണ്. ധ്രുവനച്ചത്തിരം ലേറ്റ് ആയി വന്നാലും ലേറ്റസ്റ്റ് ആയി തന്നെ വരും.- ഗൗതം മേനോൻ പറഞ്ഞു.
12 വര്‍ഷത്തെ പ്രതിസന്ധിക്കൊടുവില്‍ ആയിരുന്നു മദ ഗജ രാജ റീലീസ് ചെയ്തത്. ആദ്യ നാല് ദിവസത്തിനുള്ളില്‍ 25 കോടി കളക്ഷന്‍ നേടി ചിത്രം മുന്നേറുകയും ചെയ്യുന്നുണ്ട്.
അതേസമയം, ധ്രുവനച്ചത്തിരത്തിന്റെ റിലീസ് വൈകുന്നതിന് പിന്നിലെ കാരണം ഇന്‍ഡസ്ട്രിയില്‍ നിന്നുള്ള ആരും ചോദിച്ചില്ലെന്നും സഹായം വാഗ്ദാനം ചെയ്തില്ലെന്നും ഗൗതം മേനോന്‍ ആരോപിച്ചിരുന്നു. ഒരു സിനിമ നന്നായി പോയാല്‍ അവര്‍ ആശ്ചര്യപ്പെടും, അല്ലാതെ വിജയത്തില്‍ സന്തോഷിക്കില്ല എന്നായിരുന്നു സംവിധായകന്‍ പറഞ്ഞത്.
ചിത്രത്തിൽ ജോൺ എന്ന രഹസ്യാന്വേഷണ ഏജന്റായിട്ടാണ് വിക്രം വേഷമിടുന്നത്. ചിയാനൊപ്പം മലയാളത്തിന്റെ സ്വന്തം വിനായകനും സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഋതു വർമ്മ, സിമ്രാൻ, ആർ പാർത്ഥിപൻ, വിനായകൻ, രാധിക ശരത്കുമാർ, ദിവ്യദർശിനി, മുന്ന സൈമൺ, സതീഷ് കൃഷ്ണൻ, വംശി കൃഷ്ണ, സലിം ബെയ്ഗ് എന്നിവരടങ്ങുന്ന വമ്പൻ താരനിരയാണ് വിക്രത്തിനൊപ്പം ധ്രുവനച്ചത്തിരത്തിൽ വേഷമിടുന്നത്.
മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ഡൊമിനിക് ആൻഡ് ദി ലേഡീസ് പഴ്സ് ആണ് ഇനി പുറത്തിറങ്ങാനുള്ള ഗൗതം മേനോൻ ചിത്രം. ആദ്യം മുതൽ അവസാനം വരെ രസകരമായി കഥ പറയുന്ന ഒരു കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായിരിക്കും ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’ എന്നാണ് ട്രെയ്‌ലര്‍ നൽകുന്ന സൂചന. ജനുവരി 23 നാണ് ചിത്രം ആഗോള തലത്തിൽ റിലീസ് ചെയ്യുന്നത്.
ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ് ചിത്രം കേരളത്തിൽ വിതരണം ചെയ്യും. വമ്പൻ ആക്ഷൻ ചിത്രങ്ങളും പ്രണയ ചിത്രങ്ങളും തമിഴിൽ ഒരുക്കിയിട്ടുള്ള ഗൗതം വാസുദേവ് മേനോൻ, തന്റെ കരിയറിൽ ഒരുക്കുന്ന ആദ്യ കോമഡി ത്രില്ലർ ആണ് ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പഴ്സ്’.