സന്തോഷ് കീഴാറ്റൂര്‍, അഡ്വക്കേറ്റ് ഷുക്കൂര്‍, ഡോ. മോനിഷ വാര്യര്‍ എന്നിവര്‍ സുപ്രധാന വേഷങ്ങളിലെത്തിയ ഗുരു ഗോവിന്ദ് ചിത്രം ‘1098’ (Ten Nine Eight) പ്രേക്ഷക ശ്രദ്ധ നേടുന്നു. മെറ്റാമോര്‍ഫോസിസ് മൂവി ഹൗസിന്റെ ബാനറില്‍ സി ജയചിത്ര നിര്‍മ്മിച്ച ചിത്രത്തിന്റെ സംവിധാനത്തിന് പുറമെ കഥ, തിരക്കഥ, സംഭാഷണം എന്നിവയും ഗുരു ഗോവിന്ദാണ് നിര്‍വഹിച്ചത്.
താവോരം ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പഠിക്കുന്ന നബേന്ദു ദാസ് എന്ന ബംഗാളി-മലയാളി വിദ്യാര്‍ത്ഥിയെ വ്യക്തമായ കാരണമില്ലാതെ സ്‌കൂളില്‍ നിന്നും പുറത്താക്കുന്നു. സ്‌കൂളിലെ മറ്റൊരു വിദ്യാര്‍ത്ഥി ഇക്കാര്യം ചൈല്‍ഡ് ഹെല്‍പ്ലൈനില്‍ അറിയിക്കുന്നു. പരാതി ലഭിച്ച അധികൃതര്‍ സ്‌കൂളില്‍ അന്വേഷിക്കാനെത്തുന്നതും തുടര്‍ന്ന് നടക്കുന്ന സംഭവഭഹുലമായ മൂഹൂര്‍ത്തങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. സമകാലിക പ്രസക്തിയുള്ള ഒരു വിഷയത്തെ ആസ്പതമാക്കി ഒരുക്കിയ ചിത്രം വളരെ പക്വതയോടെ സംവിധായകന്‍ കൈകാര്യം ചെയ്തിട്ടുണ്ട്.
അധികം സുഹൃത്തുക്കളൊന്നുമില്ലാത്ത ഇന്‍ട്രോവേര്‍ട്ടായ കുട്ടിയാണ് നബേന്ദു ദാസ്. അവിചാരിതമായ് അവനിലേക്ക് ദയ കടന്നുവന്നിടത്ത് അവന്റെ ജീവിതത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു. ആദ്യ പകുതി സംശയ ദൃഷ്ടിയോടെ വീക്ഷിക്കുമ്പോള്‍ രണ്ടാം പകുതിയില്‍ അതിനെല്ലാം ഉത്തരങ്ങള്‍ നല്‍കുന്നുണ്ട്. സന്തോഷ് കീഴാറ്റൂര്‍, അഡ്വക്കേറ്റ് ഷുക്കൂര്‍, ഡോ. മോനിഷ വാര്യര്‍ എന്നിവര്‍ മികച്ച പ്രകടനം കാഴ്ചവെച്ച ചിത്രം ഫ്‌ളാഷ് ബാക്ക് സ്റ്റോറിയിലൂടെ ഒറ്റ ദിവസത്തെ കഥയാണ് സംവദിക്കുന്നത്.