മുടിയിൽ ഷാംപൂ ഉപയോഗിക്കാത്തവർ ഉണ്ടാവില്ല അല്ലേ. പണം കുറെ പോകുമെന്നതിനൊപ്പം മാരകമായ കെമിക്കലുകൾ ആണ് നമ്മൾ ഉപയോഗിക്കുന്നത്. എന്നാൽ ഇനി ഷാംപൂ നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയാലോ? വിശ്വാസം വരുന്നില്ലേ? സവാളകൊണ്ട് നമുക്കു ആരോഗ്യപ്രദമായ ഒരു ഷാംപു ഉണ്ടാക്കാൻ സാധിക്കും.
മുടിയെ വേരിൽ നിന്നും ബലപ്പെടുത്തുന്നതിനും മുടി വളരുന്നതിനും സവാള വളരെയധികം സഹായിക്കും. മുടിയെ ഹൈഡ്രേറ്റ് ചെയ്ത് നിലനിർത്താനും മുടിക്ക് നല്ല കറുപ്പ് നൽകാനും ഇവ സഹായിക്കുന്നുണ്ട്. അതുപോലെ തന്നെ താരനെ അകറ്റാനും ഉള്ളി നല്ലതാണ്.
1 എണ്ണം- സവാള അരിഞ്ഞത്, 1 കപ്പ്-വെള്ളം, 1/2 കപ്പ്-സള്‍ഫേറ്റ് ഫ്രീ ഷാംപൂ ബേയ്‌സ് 1 ടേബിള്‍സ്പൂണ്‍, വെളിച്ചെണ്ണ 1 ടീസ്പൂണ്‍, ഒലീവ് ഓയില്‍ 1 ടീസ്പൂണ്‍, തേന്‍ 10 തുള്ളി, ടീ ട്രീ ഓയില്‍ എന്നിവയാണ് ഇതിന് ആവശ്യമായ ചേരുവകൾ. ഇതിനായി ഒരു പാത്രത്തിൽ വെള്ളം ചേർത്ത് ചൂടാക്കുക ശേഷം ഇതിലേക്ക് ഉള്ളി അരിഞ്ഞിടുക. ഇത് നന്നായി മൃദുവാകുന്നത് വരെ തിളപ്പിക്കുക. ശേഷം തീ അണച്ച് തണുക്കാൻ വയ്ക്കുക. ഇനി ഈ മ്രിശ്രിതം നന്നായി അരിക്കുക.
ഇതേസമയം മറ്റൊരു പാത്രത്തില്‍ ഷാംപൂ ബേയ്‌സും അതിലേക്ക് വെളിച്ചെണ്ണ, ഒലീവ് ഓയില്‍, തേന്‍ എന്നിവ ചേര്‍ക്കുക. ഇത് നല്ലതുപോലെ മിക്‌സ് ചെയ്യുക. ഇതിലേയ്ക്ക് തയാറാക്കി വച്ചിരിക്കുന്ന സവാള നീര് ചെറിയ രീതിയില്‍ ചേര്‍ത്തു കൊടുക്കുക. കട്ടകള്‍ ഇല്ലാതിരിരിക്കാന്‍ ഇളക്കി കൊടുക്കാന്‍ മറക്കരുത്. അതിനുശേഷം, ടീ ട്രീ ഓയിലും ചേര്‍ത്ത് ഒരു വൃത്തിയുള്ള കുപ്പിയില്‍ ഈ മിശ്രിതം സൂക്ഷിക്കാവുന്നതാണ്. ഫ്രിജിൽ സൂക്ഷിക്കുന്നതായിരിക്കും ഉചിതം.
ഈ ഷാംപൂ പുരട്ടിയതിന് ശേഷം കുറച്ച് സമയം തല നന്നായി മസാജ് ചെയ്യുക. ശേഷം മുടി നന്നായി കഴുകാവുന്നതാണ്. ഷാംപൂ ഉപയോഗിച്ച് കഴിയുമ്പോള്‍ കണ്ടീഷനിങ് ചെയ്യാന്‍ മറക്കരുത്. ആഴ്ചയില്‍ രണ്ടുതവണയെങ്കിലും ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. നല്ല കട്ടിയുള്ള കറുത്ത മുടി ലഭിക്കും.