Celebrities

‘ഒരുമിച്ചുള്ള ഓരോ സിനിമകൾക്ക് ശേഷവും ഷാരൂഖ് എനിക്ക് കാർ വാങ്ങിത്തരും, അടുത്ത കാര്‍ വാങ്ങാന്‍ സമയമായി’; ഫറാ ഖാൻ പറയുന്നു

നിരവധി ആരാധകരെ സമ്പാദിച്ച കലാകാരിയാണ് കൊറിയോഗ്രാഫറും സംവിധായികയുമായ ഫറാ ഖാൻ. ഡാന്‍സ് കൊറിയോഗ്രാഫര്‍ ആയി ബോളിവുഡില്‍ കരിയര്‍ ആരംഭിച്ച ഫറ എണ്‍പതോളം സിനിമകളില്‍ നൂറോളം ഗാനങ്ങള്‍ക്ക് കൊറിയോഗ്രാഫി ചെയ്തിട്ടുണ്ട്. 2003ല്‍ ഷാരൂഖ് ചിത്രം മേം ഹൂ നാ സംവിധാനം ചെയ്താണ് സംവിധായികയായി ഫറ അരങ്ങേറ്റം കുറിച്ചത്. ഹാപ്പി ന്യൂ ഇയര്‍ എന്ന ഷാരൂഖ് ചിത്രമാണ് ഫറ ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം. രണ്ടുചിത്രങ്ങളും ബോക്സോഫീസിൽ വലിയ വിജയങ്ങളായി.

ചലച്ചിത്ര മേഖലയിൽ അനവധി സൗഹൃദങ്ങളുള്ള ഫറയുടെ ഏറ്റവുമടുത്ത സുഹൃത്ത് ഷാരൂഖ് ഖാനാണ്. നടി അർച്ചന പുരൻ സിം​ഗിന്റെ വസതിയിൽ സൗഹൃദ സന്ദർശനം നടത്തവേ ഷാരൂഖിന്റെ ഒരു വിചിത്ര സ്വഭാവത്തേക്കുറിച്ച് ഫറാ ഖാൻ പറഞ്ഞത് സോഷ്യൽ മീഡിയ ചർച്ച ചെയ്യുകയാണിപ്പോൾ.

ഒരു സെലിബ്രിറ്റിയിൽനിന്ന് സ്വീകരിച്ച ഏറ്റവും വിലപിടിപ്പുള്ള സമ്മാനമേതാണെന്ന അർച്ചന പുരൻ സിം​ഗിന്റെ ചോദ്യത്തിനുത്തരമായാണ് ഫറാ ഖാൻ ഷാരൂഖ് ഖാന്റെ സ്വഭാവത്തെക്കുറിച്ച് പറഞ്ഞത്. ഒരുമിച്ച് ചെയ്യുന്ന ഓരോ സിനിമകൾ കഴിയുമ്പോഴും ഷാരൂഖ് തനിക്ക് കാർ വാങ്ങിത്തരുമായിരുന്നെന്ന് ഫറ പറഞ്ഞു. അങ്ങനെയാണെങ്കിൽ താങ്കൾ ഉടനെ ഒരു സിനിമ ചെയ്യൂ എന്നായി അർച്ചനയുടെ തമാശ കലർന്ന മറുപടി.

‘ഉറപ്പായിട്ടും. എനിക്ക് ഉടൻ ഒരു സിനിമ ചെയ്യണം. പുതിയ കാർ വാങ്ങാൻ സമയമായി.’ അർച്ചനയോട് ഫറയുടെ പ്രതികരണം ഇങ്ങനെ. മൂന്നുമക്കളാണ് ഭർത്താവ് തന്ന ഏറ്റവും മികച്ച സമ്മാനങ്ങൾ. അവരെ കോളേജിലയയ്ക്കാൻ സമയമായിരിക്കുന്നു. അവരുടെ വിദ്യാഭ്യാസ ചെലവുകൾ കണ്ടെത്താനായാണ് യൂട്യൂബ് ചാനൽ തുടങ്ങിയതെന്നും ഫറാ ഖാൻ കൂട്ടിച്ചേർത്തു.

Latest News