India

ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ ബലാത്സംഗ കൊലപാതക കേസ്; സഞ്ജയ് റോയിയ്ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി, ജീവിതാന്ത്യം വരെ ജയിലില്‍ | rg kar medical college case verdict

അരലക്ഷം രൂപ പിഴ നൽകണം

കൊല്‍ക്കത്ത: ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ ബലാത്സംഗ കൊലപാതക കേസില്‍ ഏകപ്രതി സഞ്ജയ് റോയിയ്ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. കൊല്‍ക്കത്ത സീല്‍ഡ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. അരലക്ഷം രൂപ പിഴ നൽകണം. അപൂർവ്വങ്ങളിൽ അപൂർവ്വമെന്ന വാദമാണ് കോടതി തള്ളിയിരിക്കുന്നത്.

പ്രതിക്കെതിരായ കുറ്റം സംശയാതീതമായി തെളിയിക്കപ്പെട്ടെന്ന് വിധിന്യായം വായിക്കവെ കോടതി പറഞ്ഞു. താൻ കുറ്റം ചെയ്തിട്ടില്ലെന്നും നിരപരാധിയാണെന്നും പ്രതി കോടതിയിൽ പറഞ്ഞു. വിധിവായിക്കുന്നതിന് മുമ്പ് കോടതി, പ്രതി സഞ്ജയ് റോയിക്ക് പറയാനുള്ളത് കേട്ടിരുന്നു. ഇതിന് ശേഷമാണ് കുറ്റം തെളിയിക്കപ്പെട്ടെന്ന് വ്യക്തമാക്കിയത്.

കൊലപാതകം, ബലാത്സംഗം, മരണകാരണമായ ആക്രമണം തുടങ്ങിയ കുറ്റങ്ങളിലെ ശിക്ഷാവിധിയിലാണ് വാദം നടന്നത്. അതിക്രൂരവും അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വവുമായ കുറ്റകൃത്യം നടത്തിയ പ്രതി സഞ്ജയ് റോയ്ക്ക് വധശിക്ഷ നല്‍കണമെന്ന് സിബിഐ വിചാരണക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

2024 ഓഗസ്റ്റ് ഏഴിനായിരുന്നു രാജ്യത്തെ ഞെട്ടിച്ച ക്രൂരമായ കൊലപാതകം. 31കാരിയായ പിജി വിദ്യാര്‍ത്ഥിനിയെ ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ സെമിനാര്‍ ഹാളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് രാജ്യമാകെ ഡോക്ടര്‍മാര്‍ വലിയ പ്രതിഷേധമുയര്‍ത്തി. കേസിന്റെ പ്രാരംഭ അന്വേഷണത്തില്‍ പശ്ചിമ ബംഗാള്‍ പൊലീസ് പരാജയപ്പെട്ടുവെന്നായിരുന്നു ഗുരുതര ആക്ഷേപം. തുടര്‍ന്നാണ് കല്‍ക്കട്ട ഹൈക്കോടതി കേസിന്റെ അന്വേഷണം സിബിഐയെ ഏല്‍പ്പിച്ചതും അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. കുറ്റകൃത്യം സംഭവിച്ച് അഞ്ചര മാസം പൂര്‍ത്തിയാകുമ്പോഴാണ് കേസില്‍ വിചാരണക്കോടതിയുടെ ശിക്ഷാവിധി.

Latest News