Celebrities

വീട് പണയം വെക്കേണ്ടി വന്നു, ഈ സമയത്തെല്ലാം വിഷമം പങ്കുവെക്കാനോ കരയാനോ തനിക്കാരുമില്ലായിരുന്നു: ‘എമർജൻസി’ പുറത്തിറക്കാന്‍ നേരിട്ട ദുരിതത്തെക്കുറിച്ച് കങ്കണ

കങ്കണ റണാവത് സംവിധാനം ചെയ്ത് നായികയായെത്തുന്ന പൊളിറ്റിക്കൽ ഡ്രാമ ചിത്രമാണ് എമർജൻസി.1975-ൽ മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥയെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ചിത്രം. റിലീസിന് മുൻപ് തന്നെ ഏറെ വിവാദങ്ങൾക്ക് വഴിവെച്ച സിനിമയാണ് എമർജൻസി. ജനുവരി 17 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ചിത്രം പ്രദർശനത്തിനെത്തിയിരുന്നു. സമ്മിശ്ര പ്രതികരണമാണ് സിനിമക്ക് ലഭിക്കുന്നത്.

ഈ സിനിമ തനിക്കല്ലാതെ മറ്റാര്‍ക്കും മികച്ച രീതിയില്‍ സംവിധാനം ചെയ്യാനാവില്ല എന്ന് പ്രഖ്യാപിച്ചായിരുന്നു സായ് കബീര്‍ സംവിധാനം ചെയ്യാനിരുന്ന എമര്‍ജന്‍സി കങ്കണ ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ നിര്‍മ്മാണ കാലത്ത് താന്‍ നേരിട്ട സാമ്പത്തിക ബുദ്ധിമുട്ടുകളെ കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് കങ്കണ.

‘ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളും നിര്‍മ്മാതാക്കളും പിന്തുണ നല്‍കാതെയിരുന്നപ്പോൾ തനിക്ക് വീട് പണയം വെക്കേണ്ടി വന്നു’, ശുഭാങ്കർ മിശ്രയുമായുള്ള അഭിമുഖത്തില്‍ കങ്കണ പറഞ്ഞു. എല്ലാവരും വിട്ടുനിന്നു. ആരും ചിത്രം വാങ്ങാന്‍ തയ്യാറായില്ല. ഒ.ടി.ടി ഫ്ലാറ്റ്‌ഫോമുകളും തയ്യാറായില്ല. ചിത്രം നിര്‍മ്മിക്കാനായി ഒടുവില്‍ വീട് പണയം വെക്കേണ്ടി വന്നു. ഈ സമയത്തെല്ലാം വിഷമം പങ്കുവെക്കാനോ കരയാനോ തനിക്കാരുമില്ലായിരുന്നുവെന്നും കങ്കണ അഭിമുഖത്തില്‍ പറയുന്നുണ്ട്. സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി വ്യക്തിജീവിതത്തിലും ഏറെ പ്രതിസന്ധകള്‍ നേരിട്ടു. സ്വയം പ്രൊമോട്ട് ചെയ്യാന്‍ തനിക്ക് പി.ആര്‍ ടീം ഇല്ലായിരുന്നുവെങ്കിലും തനിക്കെതിരെ വ്യക്തിഹത്യ നടത്താന്‍ മറ്റുള്ളവര്‍ പി.ആര്‍ ടീമുകളെ നിയമിച്ചു. തന്നെ മോശമായി ചിത്രീകരിച്ച് പല കേസുകളും നല്‍കി’ കങ്കണ പറഞ്ഞു.

മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ ജീവിത കഥ പ്രമേയമാക്കി എമര്‍ജന്‍സി എന്ന ചിത്രം പുറത്തിറങ്ങുന്നുവെന്ന പ്രഖ്യാപനം വന്നത് 2021-ലാണ്. ചിത്രത്തിന്റെ പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ട് ശിരോമണി ഗുര്‍ദ്വാര പര്‍ബന്ദക് കമ്മിറ്റി(എസ്.ജി.പി.സി) രംഗത്തെത്തിയിരുന്നു. പഞ്ചാബില്‍ ചിലയിടങ്ങളില്‍ സിനിമയുടെ പ്രദര്‍ശനത്തിന് നിയന്ത്രണവുമുണ്ടായിരുന്നു. സിഖ് സമുദായത്തെ അധിക്ഷേപിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് വിവിധ സിഖ് മതസംഘടനകള്‍ പ്രതിഷേധവുമായെത്തിയത്. സിനിമ വിലക്കണമെന്നാവശ്യപ്പെട്ട് എസ്.ജി.പി.സി അധ്യക്ഷന്‍ ഹര്‍ജിന്ദര്‍ സിങ് പഞ്ചാബ് മുഖ്യമന്ത്രിക്ക് കത്തെഴുതുകയും ചെയ്തിരുന്നു. പ്രതിഷേധത്തിന് പിന്നാലെ ലുധിയാന, അമൃത്സര്‍, പാട്യാല എന്നിവിടങ്ങളിലെ ചില കേന്ദ്രങ്ങളില്‍ സിനിമ പ്രദര്‍ശിപ്പിച്ചിരുന്നില്ല. സിനിമയുടെ പ്രദര്‍ശനത്തോടനുബന്ധിച്ച് പല തിയേറ്ററുകള്‍ക്ക് പുറത്തും പൊലീസിനെ വിന്യസിച്ചിരുന്നു.

സെന്‍സര്‍ ബോര്‍ഡിന്റെ പുനഃപരിശോധനാ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ പാലിച്ച് സിനിമയില്‍ വേണ്ട മാറ്റങ്ങള്‍ വരുത്താന്‍ തയ്യാറാണെന്ന് നിര്‍മാണക്കമ്പനിയായ സീ സ്റ്റുഡിയോസ് ബോംബെ ഹൈക്കോടതിയെ അറിയിച്ചതിന് പിന്നാലെയാണ് സിനിമയ്ക്ക് പ്രദര്‍ശനാനുമതി ലഭിച്ചത്. പ്രദര്‍ശനാനുമതി ലഭിക്കാന്‍ ഏകദേശം 13 മാറ്റങ്ങളാണ് ബോര്‍ഡ് നിര്‍ദേശിച്ചത്. ഈ മാറ്റങ്ങള്‍ വരുത്തിയ ശേഷം സിനിമ തിയേറ്ററുകളിലെത്താന്‍ അനുമതി നല്‍കാമെന്ന് നിര്‍മാതാക്കളോട് പുനഃപരിശോധനാ കമ്മറ്റി അറിയിച്ചിരുന്നു.

2015-ൽ പുറത്തിറങ്ങിയ തനു വെഡ്സ് മനു എന്ന ചിത്രത്തിനുശേഷം കങ്കണയ്ക്ക് ഹിറ്റുകളൊന്നുമില്ല. 2022-ലാണ് കങ്കണയുടേതായി ഇതിനുമുൻപ് ഒരു ചിത്രമിറങ്ങിയത്. റസ്നീഷ് റാസി ഘായ് സംവിധാനം ചെയ്ത ധാക്കഡ് എന്ന ചിത്രം ബോക്സോഫീസിൽ വൻ പരാജയം ഏറ്റുവാങ്ങി.