Kerala

പണിമുടക്കിയാൽ പൈസ പോകും; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ | strike of employees and teachers diaznon announced

അവശ്യസാഹചര്യങ്ങളിൽ ഒഴികെ അവധി നൽകരുതെന്ന് വകുപ്പ് മേധാവികൾക്ക് ചീഫ് സെക്രട്ടറി കർശന നിർദ്ദേശം നൽകി

തിരുവനന്തപുരം: പ്രതിപക്ഷ സർവ്വീസ് സംഘടനകളും സിപിഐ സംഘടനകളും പ്രഖ്യാപിച്ച ബുധനാഴ്ചത്തെ പണിമുടക്കിനെ നേരിടാൻ ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ. പണിമുടക്ക് ദിവസത്തെ ശമ്പളം കുറവ് ചെയ്യുമെന്നാണ് മുന്നറിയിപ്പ്. അവശ്യസാഹചര്യങ്ങളിൽ ഒഴികെ അവധി നൽകരുതെന്ന് വകുപ്പ് മേധാവികൾക്ക് ചീഫ് സെക്രട്ടറി കർശന നിർദ്ദേശം നൽകി.

സിപിഐയുടെ സംഘടനയായ ജോയിന്റ് കൗണ്‍സില്‍, പ്രതിപക്ഷ സംഘടനയായ സ്റ്റേറ്റ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍ (സെറ്റോ) എന്നിവയാണ്‌ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ജോലിക്കെത്തുന്ന ജീവനക്കാര്‍ക്ക് പൊലീസ് സംരക്ഷണം നല്‍കാന്‍ ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ബന്ധപ്പെട്ട വകുപ്പ് മേധാവി/ഓഫീസ് മേധാവി തങ്ങളുടെ ഓഫീസിന്റെയും പ്രവേശനകവാടത്തിന്റെയും താക്കോല്‍ സ്വന്തം കൈവശം സൂക്ഷിക്കേണ്ടതും പണിമുടക്കില്‍ പങ്കെടുക്കാത്ത ജീവനക്കാര്‍ക്ക് നേരത്തെതന്നെ ഓഫീസില്‍ പ്രവേശിക്കാന്‍ ഓഫീസ് തുറന്നുകൊടുക്കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതുമാണ്. പണിമുടക്ക് ദിവസത്തെ ശമ്പളം 2025 ഫെബ്രുവരി മാസത്തെ ശമ്പളത്തില്‍ നിന്നും കുറവു ചെയ്യും.

അക്രമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയോ പൊതുമുതല്‍ നശിപ്പിക്കുകയോ ചെയ്യുന്ന ജീവനക്കാരെ പ്രോസിക്യൂട്ട് ചെയ്യുന്നതാണ്. പണിമുടക്കു ദിവസം അനുമതി ഇല്ലാതെ ഹാജരാകാത്ത താല്‍ക്കാലിക ജീവനക്കാരെ സര്‍വ്വീസില്‍ നിന്ന് നീക്കം ചെയ്യുന്നതാണെന്നും ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു. ശമ്പളപരിഷ്‌ക്കരണം നടത്തുക, ലീവ് സറണ്ടര്‍ അനുവദിക്കുക, ഡിഎ കുടിശ്ശിക നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അധ്യാപകരും ജീവനക്കാരും ഈ മാസം 22 ന് പണിമുടക്കുന്നത്.

CONTENT HIGHLIGHT: strike of employees and teachers diaznon announced