ശരീരഭാരം കുറയ്ക്കാൻ ദിവസവും ഗ്രീൻ ടീ കുടിക്കുന്നവരുണ്ട്. ചർമ സംരക്ഷണത്തിന് മികച്ച ഫെയ്സ്പാക്കുകളായും ഗ്രീൻ ടീ ഉപയോഗിക്കാം. ചർമത്തിലെ സെബത്തിന്റെ അമിതോത്പാദനം, സൂര്യതാപമേൽക്കൽ, ചുളിവു വീഴൽ എന്നിവ നിയന്ത്രിക്കാനും പ്രതിരോധിക്കാനും ഗ്രീൻ ടീ നല്ലതാണ്.
അരിപ്പൊടി-ഗ്രീൻ ടീ
രണ്ട് സ്പൂൺ അരിപ്പൊടി, ഒരു സ്പൂൺ ഗ്രീൻ ടീ, ഒരു സ്പൂൺ നാരങ്ങ നീര് എന്നിവ കുഴമ്പുരൂപത്തിലാക്കി കൺതടങ്ങൾ ഒഴിവാക്കി മുഖത്ത് പുരട്ടുക. 15 മിനിറ്റിനുശേഷം തണുത്ത വെള്ളത്തിൽ കഴുകാം. ഇത് ചർമത്തിലെ അധിക എണ്ണമയം ഒഴിവാക്കാൻ സഹായിക്കും. കൂടാതെ മുഖം തിളക്കമുള്ളതുമാക്കും.
മുൾട്ടാണി മിട്ടി
ഒരു ടേബിൾ സ്പൂൺ മുൾട്ടാണി മിട്ടിയെടുത്ത് രണ്ടോ മൂന്നോ സ്പൂൺ ഗ്രീൻ ടീയിൽ മിക്സ് ചെയ്ത് മുഖത്ത് പുരട്ടാം. 15 മിനിറ്റിനുശേഷം തണുത്തവെള്ളത്തിൽ കഴുകി കളയാം. ചർമത്തിലെ മൃതകോശങ്ങളെ നീക്കാൻ ഇത് സഹായിക്കും.
തേൻ-ഗ്രീൻ ടീ
തേനും ഗ്രീൻ ടീയും ചേർത്താണ് വരണ്ട ചർമ്മമുള്ളവവർ ഉപയോഗിക്കേണ്ടത്. രണ്ട് സ്പൂൺ ശുദ്ധമായ തേനും ഒരു ടേബിൾ സ്പൂൺ ഗ്രീൻ ടീയും മിക്സ് ചെയ്ത് മുഖത്ത് പുരട്ടുക. 20 മിനിറ്റിനുശേഷം മുഖം കഴുകുക.
ഓറഞ്ച്-ഗ്രീൻ ടീ ഫെയ്സ്പാക്ക്
ഒരു സ്പൂൺ ഗ്രീൻ ടീ, ഒരു സ്പൂൺ ഓറഞ്ചിന്റെ തൊലി പൊടിച്ചത്, അര സ്പൂൺ തേൻ എന്നിവയെടുത്ത് നന്നായി മിക്സ് ചെയ്ത് മുഖത്ത് പുരട്ടാം. 15 മിനിറ്റിന് ശേഷം ഇളം ചൂടുവെള്ളത്തിൽ മുഖം കഴുകാം. കൊളീജന്റെ ഉത്പാദനം കൂട്ടാനും ചർമത്തിന് പ്രായം കുറവ് തോന്നാനും ഇത് നല്ലതാണ്.
മഞ്ഞൾ-ഗ്രീൻ ടീ ഫെയ്സ്പാക്ക്
അരസ്പൂൺ മഞ്ഞൾപ്പൊടി, ഒരു സ്പൂൺ കടലമാവ്, രണ്ട് സ്പൂൺ ഗ്രീൻ ടീ എന്നിവയെടുത്ത് നന്നായി മിക്സ് ചെയ്ത് മുഖത്ത് പുരട്ടാം. 20 മിനിറ്റിനു ശേഷം തണുത്തവെള്ളത്തിൽ കഴുകി കളയാം. മുഖം തിളങ്ങാനും ചർമം യുവത്വമുള്ളതാക്കാനും ഇത് സഹായിക്കും.
content highlight : green-tea-facepacks-for-skin