കാന്താര 2 നിർമാതാക്കൾക്ക് പിഴ ചുമത്തി കർണാടക വനംവകുപ്പ്. അനുമതിയില്ലാതെ വനഭൂമി ചിത്രീകരണത്തിന് ഉപയോഗിച്ചതിൽ ആണ് നടപടി. ഷൂട്ടിങ്ങിന് അനുമതി നൽകിയ തീയതിക്ക് മുൻപ് വനഭൂമി ഉപയോഗിച്ചതിനെതിരെയാണ് നടപടി സ്വീകരിച്ചത്. ജനുവരി അഞ്ച് മുതൽ 25 വരെ ആണ് സിനിമാ ചിത്രീകരണത്തിന് അനുവദിച്ചിരുന്നത്. എന്നാൽ ഇതിന് മുൻപേ തന്നെ ചിത്രീകരണ സാമഗ്രികൾ എത്തിച്ചിരുന്നു. ചിത്രീകരണത്തിനിടെ വനം നശിപ്പിച്ചുവെന്നും പടക്കം പൊട്ടിച്ച് ശല്യമുണ്ടാക്കി എന്നുമുള്ള പ്രദേശവാസികളുടെ പരാതിയിൽ ഇതുവരെ കേസെടുത്തിട്ടില്ല.
സകലേഷ്‌പുര വനമേഖലയിലെ ഗവികോട്ടയിലാണ് കാന്താര 2 ഷൂട്ടിംഗ് നടക്കുന്നത്. വനഭൂമിയിൽ സ്ഫോടക വസ്‌തുക്കൾ ഉപയോഗിച്ചത് ഗ്രാമവാസികൾ ചോദ്യം ചെയ്‌തതോടെ തർക്കം ഉണ്ടായി. ഇതേതുടർന്ന് പ്രദേശത്ത് സംഘർഷമുണ്ടായി. സംഘര്‍ഷത്തില്‍ പ്രദേശത്തെ യുവാവായ ഹരീഷിനെ പരിക്കുകളോടെ സകലേഷ്പൂരിലെ ക്രോഫോർഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നാണ് വിവരം.
യുവാവിനെ ആക്രമിച്ചത് നാട്ടുകാര്‍ക്കിടയില്‍ രോഷം ഉയര്‍ത്തിയിട്ടുണ്ട്. കാന്താര 2 ചിത്രീകരണം മറ്റൊരു സ്ഥലത്തേക്ക് മാറ്റണമെന്നും അണിയറപ്രവർത്തകർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധത്തിലാണ്. സംഭവത്തിൽ യെസലൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്, ഷൂട്ടിംഗ് സംഘത്തിനെതിരെ നടപടിയെടുക്കുമെന്നും അല്ലെങ്കില്‍ ഹൈക്കോടതിയിൽ ഹർജി നൽകുമെന്നുമാണ് നാട്ടുകാര്‍ പറയുന്നത്