കുഞ്ചാക്കോ ബോബൻ നായകനായ കുട്ടനാടന്‍ മാര്‍പ്പാപ്പ എന്ന ചിത്രത്തിലെ നായികാ വേഷത്തിലൂടെ സുരഭി മലയാള സിനിമാ പ്രേക്ഷകർക്ക് പരിചിതയാണ്. കന്നട സിനിമയിലൂടെയായിരുന്നു സുരഭി അഭിനയരംഗത്തേക്ക് കടന്നു വന്നത്. ഇതിനകം അഞ്ചോളം സിനിമകളിൽ അഭിനയിച്ചുണ്ട്. നിയമ ബിരുദം നേടിയതിനു ശേഷം അസിസ്റ്റന്റ് ലോയറായി പ്രാക്ടീസ് ചെയ്തിട്ടുള്ള സുരഭി സന്തോഷ് ഒരു നര്‍ത്തകി കൂടിയാണ്. ഗായകനായ പ്രണവ് ചന്ദ്രൻ ആണ് ഭർത്താവ്. ഇതൊരു അറേഞ്ച്ഡ് മാര്യേജ് ആണെന്നും സുരഭി വെളിപ്പെടുത്തിയിരുന്നു. വിവാഹശേഷം മുംബൈയിലായിരുന്നു സുരഭിയുടെ താമസം. ഇതിനിടെയാണ് സീരിയലിലേക്കുള്ള വിളിയെത്തുന്നത്.
മിനിസ്ക്രീൻ പ്രേക്ഷകർ ഇതിനകം ഏറ്റെടുത്ത സീരിയലാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പവിത്രം. നടി സുരഭി സന്തോഷ് ആണ് പരമ്പരയിലെ വേദ എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വേദയുടെ കഴുത്തിൽ ഒട്ടും പ്രതീക്ഷിക്കാതെ വിക്രം എന്ന ഗുണ്ട താലി കെട്ടുന്നതും പിന്നീട് ഉണ്ടാവുന്ന സംഭവവികാസങ്ങളുമാണ് സീരിയലിന്റെ പ്രമേയം. പവിത്രം ഹിറ്റായതോടെ സുരഭി സന്തോഷിനെക്കുറിച്ചും ആരാധകർ തിരയുകയാണ്.
സിനിമയിൽ തുടക്കം കുറിച്ചയാൾ സീരിയലിൽ അഭിനയിക്കണോ എന്ന് ചിലർ തന്നോട് ചോദിച്ചിരുന്നതായും എന്നാൽ ഭർത്താവാണ് തന്നെ പ്രോത്സാഹിപ്പിച്ചതെന്നും സുരഭി ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. സീരിയൽ ആയാലും സിനിമയായാലും അഭിനയം തന്നെയല്ലേ എന്ന് ഭർത്താവ് ചോദിച്ചതായും ആ ചോദ്യമാണ് മാറി ചിന്തിക്കാൻ തനിക്ക് പ്രേരണയായതെന്നും സുരഭി കൂട്ടിച്ചേർത്തു. തന്നെപ്പോലെയുള്ള പുതിയ അഭിനേതാക്കൾക്ക് നിരവധി അവസരങ്ങൾ തുറന്നു തരുന്ന പ്ലാറ്റ്ഫോം തന്നെയാണ് സീരിയലുകളെന്നും സിനിമയിൽ ലഭിച്ചതിനേക്കാൾ സ്വീകാര്യത പവിത്രത്തിലെ നായികാവേഷത്തിലൂടെ തനിക്കു ലഭിച്ചതായും സുരഭി പറയുന്നു
content highlight: actress-surabhi-santosh