Celebrities

സെയ്ഫ് അലിഖാനെ ഡിസ്ചാര്‍ജ് ചെയ്തു; താരം ആക്രമം നടന്ന വീട്ടിലേക്ക് പോകില്ല – Saif Ali Khan finally gets discharged

കുത്തേറ്റ് ചികിത്സയിലായിരുന്ന ബോളിവുഡ് താരം സെയ്ഫ് അലിഖാനെ ഡിസ്ചാര്‍ജ് ചെയ്തു. അഞ്ചുദിവസത്തോളം മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സെയ്ഫ് ഉച്ചയോടെയാണ് ആശുപത്രി വിട്ടത്. സെയ്ഫിന്റെ ഭാര്യയും ബോളിവുഡ് താരവുമായ കരീന കപൂര്‍, മകള്‍ സാറാ അലിഖാന്‍ എന്നിവര്‍ ആശുപത്രിയില്‍ എത്തിയിരുന്നു.

ആശുപത്രി വിടുന്ന സെയ്ഫ് അലിഖാന്‍ ബാന്ദ്രയിലെ ഫോര്‍ച്യൂണ്‍ ഹൈറ്റ്‌സ് വീട്ടിലേക്കാവും തിരിച്ചുപോവുകയെന്നാണ് സൂചന. വേഗം സുഖംപ്രാപിക്കാനുള്ള അന്തരീക്ഷം ഒരുക്കുന്നതിന്റെ ഭാഗമായാണ് ഈ വീട്ടിലേക്ക് മാറ്റുന്നത് എന്നാണ് വിവരം. ഇവിടെ സുരക്ഷ വര്‍ധിപ്പിച്ചു. മുംബൈ പോലീസ് ഇവിടെ മുഴുവന്‍ സമയം നിരീക്ഷണം നടത്തുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വീടുമാറാനുള്ള തീരുമാനം കരീന കപൂറിന്റേതായിരുന്നു എന്നാണ് വിവരം.

വ്യാഴാഴ്ച പുലര്‍ച്ചെയാണ് ബാന്ദ്രയിലെ വസതിയില്‍ അതിക്രമിച്ച് കയറി സെയ്ഫ് അലി ഖാനെ ആക്രമിച്ചത്. ആക്രമണത്തില്‍ നടന് ആറ് തവണ കുത്തേല്‍ക്കുകയും കത്തി മുറിഞ്ഞ് ശരീരത്തില്‍ തറയ്ക്കുകയും ചെയ്തിരുന്നു. ചോരയില്‍ കുളിച്ച നടനെ ഓട്ടോറിക്ഷയിലാണ് ആശുപത്രിയില്‍ എത്തിച്ചത്. ആക്രമണശേഷം പ്രതി വീട്ടില്‍ നിന്ന് രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടിരുന്നു. നടനെ ആക്രമിച്ച ബംഗ്ലാദേശ് പൗരൻ ഷരീഫുൾ ഇസ്ലാമിനെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തു.

STORY HIGHLIGHT: Saif Ali Khan finally gets discharged