Entertainment

ചുംബന രം​ഗങ്ങൾ ഉൾപ്പെടുത്താൻ ആവശ്യപ്പെട്ടത് ധനുഷ്, അത് എന്റെ സിനിമയല്ല: അമ്പരപ്പിക്കുന്ന പ്രസ്താവനയുമായി ​ഗൗതം മേനോൻ

നരവധി നല്ല സിനിമകളും റൊമാന്റിക് ഹിറ്റുകളുടെ സംവിധായകനുമാണ് ഗൗതം വാസുദേവ് മേനോന്‍. എന്നാൽ ഇപ്പോൾ സംവിധായകന്റെ സ്ഥാനത്ത് സ്വന്തം പേര് ഉണ്ടായിട്ടും, പരാജയപ്പെട്ട ഒരു ചിത്രം തന്റേതല്ലെന്ന് പറഞ്ഞ് തള്ളിപ്പറയുകയാണ് ​ഗൗതം മേനോൻ. 2019 ല്‍ പുറത്തിറങ്ങിയ എന്നെ നോക്കി പായും തോട്ട എന്ന സിനിമയെയാണ് സംവിധായകൻ തള്ളിപ്പറഞ്ഞത്. ​ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലായിരുന്നു സംവിധായകന്റെ പ്രതികരണം.

‘എന്നെ നോക്കി പായും തോട്ട’യുടെ പേര് ​ഗലാട്ട പ്ലസ് അഭിമുഖത്തിനിടെ അവതാരകൻ പരാമര്‍ശിക്കുകയായിരുന്നു. ഇത് കേട്ടതും ഉടനെ ഗൗതം മേനോന്‍ ഇടപെട്ടു. ഏത് സിനിമയെക്കുറിച്ചാണ് പറയുന്നത് എന്ന് അദ്ദേഹം അവതാരകനോട് ചോദിച്ചു. സിനിമയുടെ പേര് പറഞ്ഞപ്പോള്‍ അത് തന്റെ സിനിമയല്ലെന്നും അതിലെ ഒരു പാട്ട് മാത്രമാണ് ഓര്‍മ്മയുള്ളതെന്നുമായിരുന്നു ഗൗതം വാസുദേവ് മേനോൻ മറുപടി പറഞ്ഞു. അതിന്റെ കാരണമായി ​ഗൗതം മേനോന് നിരത്താനും ചില കാര്യങ്ങൾ ഉണ്ട്.

സംവിധായകന്റെ പേരിന്റെ സ്ഥാനത്ത് ഗൗതം വാസുദേവ് മേനോന്‍ എന്നുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ ധനുഷ് നിയന്ത്രണം ഏറ്റെടുത്ത സിനിമയായിരുന്നു എന്നെ നോക്കി പായും തോട്ട എന്നാണ് ​ഗൗതം മേനോന്റെ വാദം. ജിവിഎമ്മിന്റെ കയ്യിലുണ്ടായിരുന്ന സ്‌ക്രിപ്റ്റില്‍ ധനുഷ് അനാവശ്യമായ മറ്റങ്ങള്‍ വരുത്തുകയും ആവശ്യമില്ലാത്ത ചുംബന രംഗങ്ങള്‍ ഉൾപ്പെടുത്തുകയും ചെയ്തെന്നും ​സംവിധായകൻ പറയുന്നു. ​ഗൗതം മേനോന്റെ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്. എന്നാൽ സംവിധായകനെതിരെ വിമർശനങ്ങളും ഉയർന്ന് വരുന്നുണ്ട്. സിനിമ പരാജയം ആയപ്പോൾ മറ്റാരെയോ പഴി ചാരി രക്ഷപ്പെടുന്നു എന്നിങ്ങനെയാണ് വിമർശനം. എന്തൊക്കെ കാരണങ്ങള്‍ ഉണ്ടെങ്കിലും അടിസ്ഥാനമായി തന്റെ സിനിമയാണെന്നും അതിന്റെ ജയപരാജയങ്ങളുടെ ഉത്തരവാദിത്തം തനിക്കാണെന്നും സംവിധായകന്‍ തിരിച്ചറിയണമെന്നും ചിലര്‍ പറയുന്നുണ്ട്.