ബോക്സ് ഓഫീസെന്നാൽ ബോളിവുഡ് എന്ന് പറഞ്ഞിരുന്നൊരു കാലമുണ്ടായിരുന്നു. എന്നാൽ കൊവിഡിന് ശേഷം അക്കഥ പഴങ്കഥയായി. മറ്റ് ഇന്റസ്ട്രികൾ മഹാമാരിയ്ക്ക് ശേഷം തങ്ങളുടെ മേഖലയെ മുന്നോട്ട് കൊണ്ടുപോയപ്പോൾ ബോളിവുഡിന് അതിന് സാധിച്ചില്ല. റിലീസ് ചെയ്ത ഭൂരിഭാഗം സിനിമകളും വൻ പരാജയം നേരിട്ടു. പരാജയ സിനിമകളിൽ മുന്നിൽ നിൽക്കുന്ന നടന്മാരിൽ പ്രധാനി അക്ഷയ് കുമാറാണ്. നിർമാതാക്കൾക്ക് മുതൽ മുടക്കുപോലും ലഭിക്കാത്ത അവസ്ഥയാണ് താരത്തിന്റെ പടത്തിനുള്ളത്.
ഒരുകാലത്ത് തുടർച്ചയായി 100 കോടി സിനിമകളുടെ ഭാഗമായിരുന്ന അക്ഷയ് കുമാറിന്റെ സിനിമകൾ ഇപ്പോൾ ബോക്സ് ഓഫീസിൽ കിതയ്ക്കുകയാണ്. ‘ഖേൽ ഖേൽ മേം’ എന്ന കോമഡി ചിത്രമാണ് അക്ഷയ് കുമാർ നായകനായി അവസാനം പുറത്തിറങ്ങിയ ചിത്രം. നല്ല പ്രതികരണം നേടിയെങ്കിലും ചിത്രത്തിന് ബോക്സ് ഓഫീസിൽ പരാജയം നേരിടേണ്ടി വന്നു.
ഇപ്പോഴിതാ നടന്റെ ഏറ്റവും പുതിയ സിനിമയായ ‘സ്കൈ ഫോഴ്സ്’ ജനുവരി 24 ന് പുറത്തിറങ്ങാനിരിക്കെ വലിയ പ്രതീക്ഷയിലാണ് അക്ഷയ് ആരാധകർ. 1965-ലെ ഇന്ത്യ – പാകിസ്താൻ വ്യോമാക്രമണത്തിൽ പാകിസ്താനിലെ സർഗോധ വ്യോമതാവളത്തിന് നേരെ ഇന്ത്യ നടത്തിയ അറ്റാക്കിന്റെ പശ്ചാത്തലത്തിൽ അണിയിച്ചൊരുക്കിയ ചിത്രമാണ് സ്കൈ ഫോഴ്സ്.
അക്ഷയ് കുമാറിനൊപ്പം സാറ അലി ഖാൻ, നിമ്രത് കൗർ, വീർ പഹാരിയ എന്നിവരാണ് സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. അഭിഷേക് അനിൽ കപൂറും സന്ദീപ് കെവ്‌ലാനിയും ചേർന്ന് സംവിധാനം ചെയ്ത ചിത്രം നിർമ്മിക്കുന്നത് മഡോക്ക് ഫിലിംസിന് കീഴിൽ ദിനേഷ് വിജനും അമർ കൗശിക്കും ജിയോ സ്റ്റുഡിയോസിന് കീഴിൽ ജ്യോതി ദേശ്പാണ്ഡെയുമാണ്. ശരദ് കേൽക്കർ, മോഹിത് ചൗഹാൻ, മനീഷ് ചൗധരി എന്നിവരും സിനിമയിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്.
ചിത്രത്തിൻ്റെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. മികച്ച ബുക്കിങ്ങ് ആണ് സിനിമക്ക് ലഭിക്കുന്നത്. ഈ ട്രെൻഡ് ചിത്രത്തിനും തുടരാനായാൽ ആദ്യ ദിനം മികച്ച കളക്ഷൻ സ്കൈ ഫോഴ്സിന് ലഭിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ. മലയാളിയായ ജസ്റ്റിൻ വർഗീസ് ആണ് ചിത്രത്തിനായി പശ്ചാത്തലസംഗീതം ഒരുക്കുന്നത്. ഛായാഗ്രഹണം : സന്താന കൃഷ്ണൻ രവിചന്ദ്രൻ, എഡിറ്റിംഗ് : എ. ശ്രീകർ പ്രസാദ്, സംഗീതം : തനിഷ്ക് ബാഗ്ചി സന്ദീപ് കെവ്‌ലാനി, അമിൽ കീയാൻ ഖാൻ, കാൾ ഓസ്റ്റിൻ, നിരേൻ ഭട്ട് എന്നിവർ ചേർന്നാണ് ചിത്രത്തിനായി തിരക്കഥയെഴുതിയിരിക്കുന്നത്.