ഹിറ്റ് മേക്കർ റോഷൻ ആൻഡ്രൂസ് ബോളിവുഡിൽ അരങ്ങേറുന്ന ചിത്രമാണ് ദേവ. ഷാഹിദ് കപൂർ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഒരു ആക്ഷൻ ത്രില്ലർ ആയിരിക്കും എന്നാണ് ടീസർ സൂചിപ്പിക്കുന്നത്. ബോബി ആൻഡ് സഞ്ജയ് തിരക്കഥയൊരുക്കിയിരിക്കുന്ന, ദേവയുടെ ബാക്ക്ഗ്രൗണ്ട് സ്കോർ കൈകാര്യം ചെയ്യുന്നത് ജേക്കസ് ബിജോയ് ആണ്. ഷാഹിദ് കപൂർ ആദ്യമായി പോലീസ് വേഷത്തിലെത്തുന്നു എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. വളരെ വയലന്റ് ആയ ആക്ഷൻ സീനുകൾ നിറഞ്ഞ ടീസറിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ ക്ലൈമാക്സുമായി ബന്ധപ്പെട്ട ചർച്ചകളാണ് ചൂടുപിടിക്കുന്നത്.
അതേ സമയം ചിത്രത്തിനായി മൂന്ന് ക്ലൈമാക്സുകള്‍ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് തയ്യാറാക്കിയിട്ടുണ്ടെന്നാണ് വിവരം. പിങ്ക് വില്ലയാണ് ഈ കാര്യം അറിയിക്കുന്നത്. സിനിമയുടെ അടുത്ത വൃത്തങ്ങൾ പറയുന്നതനുസരിച്ച് ഷാഹിദ് കപൂറിനെ വച്ച് സംവിധായകന്‍ റോഷൻ ആൻഡ്രൂസ് ചിത്രീകരിച്ച മൂന്ന് വ്യത്യസ്ത ക്ലൈമാക്‌സുകളാണ് ദേവയ്ക്കുള്ളത്. നടന്ന ഒരു കൊലപാതകത്തിന്‍റെ കുറ്റവാളിയെ തേടുന്നതാണ് സിനിമ അതിനാല്‍ മൂന്ന് വ്യത്യസ്ത ക്ലൈമാക്സുകള്‍ എടുത്തിട്ടുണ്ട്. അതില്‍ ഏതാണ് സിനിമയില്‍ ഉപയോഗിക്കുക എന്ന് ചിത്രത്തിന്‍റെ അണിയറയിലെ ചിലര്‍ക്ക് മാത്രമെ അറിയൂ. റോഷന്‍ ആന്‍ഡ്രൂസ് തന്നെ സംവിധാനം ചെയ്ത മലയാളച്ചിത്രം മുംബൈ പൊലീസിന്റെ റീമേക്ക് ആണെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ട്രെയ്‌ലർ കാണുമ്പോൾ അത് ഏറെക്കുറെ സത്യമാണെന്ന് വ്യക്തമാകുന്നുവെന്നാണ് പ്രേക്ഷകര്‍ പലരും പറയുന്നത്. 2025 ജനുവരി 31-ന് റിലീസിനായി ഒരുങ്ങുകയാണ് ചിത്രം.
നേരത്തെ ചിത്രത്തിന്റെ ക്ലൈമാക്സ് പ്രേക്ഷകരെ ഞെട്ടിക്കുമെന്നും അതാണ് താൻ ഈ സിനിമ ചെയ്യാനുള്ള പ്രധാന കാരണമെന്നും ഷാഹിദ് കപൂർ മനസുതുറന്നിരുന്നു. ചിലപ്പോൾ സിനിമയെ മുഴുവനായി മനസിലാക്കാനായി രണ്ടാമതൊരു വട്ടം കൂടി പ്രേക്ഷകർ ഈ സിനിമ കാണും. വളരെ എന്റർടൈനിംഗ് ആയ സിനിമയാണ് ദേവയെന്നും നടൻ പറഞ്ഞിരുന്നു.
ബോബി സഞ്ജയ്, ഹുസൈൻ ദലാൽ & അബ്ബാസ് ദലാൽ, അർഷാദ് സയ്യിദ്, സുമിത് അറോറ എന്നിവർ ചേർന്നാണ് സിനിമയുടെ തിരക്കഥയൊരുക്കുന്നത്. സീ സ്റ്റുഡിയോസ്, റോയ് കപൂർ ഫിലിംസ് എന്നീ കമ്പനികളുടെ ബാനറിൽ സിദ്ധാർത്ഥ് റോയ് കപൂറും ഉമേഷ് കെആർ ബൻസാലും ചേർന്നാണ് സിനിമ നിർമിക്കുന്നത്.