Entertainment

വിജയ് ആരാധകർക്ക് സന്തോഷ വാർത്ത, അധികം കാത്തിരിക്കേണ്ട ! ‘ദളപതി 69’ ഫസ്റ്റ് ലുക്ക് അപ്ഡേറ്റ്

വിജയ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ദളപതി 69’. വിജയുടെ സിനിമാ ജീവിതത്തിലെ അവസാന ചിത്രമായിരിക്കും ഇതെന്ന പ്രഖ്യാപനം നേരത്തെ വന്നിരുന്നു. അതിനാൽ തന്നെ താരത്തെ അവസാനമായി ബി​ഗ് സ്ക്രീനിൽ കാണാനുള്ള ആവേശത്തിലാണ് ആരാധകർ. ദളപതി 69 സിനിമയുടെ ചിത്രീകരണം വേ​ഗത്തിൽ പുരോഗമിക്കുകയുമാണ്. വലിയ ക്യാൻവാസിലുള്ള ഒരു ഗാന രംഗം ചിത്രീകരിച്ചാണ് വിജയ്‍യുടെ ദളപതി 69ന് തുടക്കം കുറിച്ചത്. ഇപ്പോൾ ചിത്രത്തിന്റേതായി പുറത്തുവരുന്ന ഏറ്റവും പുതിയ അപ്ഡേറ്റ് ഫസ്റ്റ് ലുക്കുമായി ബന്ധപ്പെട്ടാണ്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് റിപ്പബ്ലിക്ക് ദിനമായ ജനുവരി 26 ന് പുറത്തിറങ്ങുമെന്നാണ് പുതിയ റിപ്പോർട്ട്. ഫസ്റ്റ് ലുക്കിനോടൊപ്പം ചിത്രത്തിന്റെ ടൈറ്റിലും അണിയറപ്രവർത്തകർ പുറത്തുവിടും. 2025 ഒക്ടോബറിൽ ദീപാവലിക്കാണ് ദളപതി 69 റിലീസ് ചെയ്യുക. കെ.വി.എൻ പ്രൊഡക്ഷന്റെ ബാനറിൽ വെങ്കട്ട് കെ.നാരായണയാണ് ചിത്രം നിർമ്മിക്കുന്നത്. ജഗദീഷ് പളനിസ്വാമി, ലോഹിത് എൻ കെ എന്നിവരാണ് സിനിമയുടെ സഹനിർമാതാക്കൾ. അനിരുദ്ധ് ആണ് സംഗീതം നൽകുന്നത്.

മലയാളത്തിന്റെ യുവ താരം മമിതയും വിജയ് ചിത്രത്തില്‍ വേഷമിടുന്നു. മമിതയുടെ ജോഡിയായിട്ടാണ് തേജ വിജയ്‍യുടെ ചിത്രത്തില്‍ ഉണ്ടാകുകയെന്നും റിപ്പോര്‍ട്ടുണ്ട്. എച്ച് വിനോദാണ് വിജയ് ചിത്രം സംവിധാനം ചെയ്യുന്നത്. വിജയ്‍യുടെ ദളപതി 69ന്റെ പേര് എന്തായിരിക്കും എന്നതും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്.

വിജയ്‍ക്ക് 1000 കോടി തികച്ച് സിനിമയില്‍ നിന്ന് മാറാൻ ദളപതി 69ലൂടെയാകുമോയെന്ന ചോദ്യത്തിന്റെ ഉത്തരത്തിനായും കാത്തിരിപ്പാണ് താരത്തിന്റെ ആരാധകര്‍. എല്ലാത്തരം ഇമോഷണലുകള്‍ക്കും സംവിധായകൻ എച്ച് വിനോദ് ചിത്രത്തില്‍ പ്രധാന്യം നല്‍കും എന്നാണ് കരുതുന്നതും. കാസ്റ്റിംഗും അത്തരത്തിലുള്ളതാണെന്നാണ് താരങ്ങളെ പ്രഖ്യാപിച്ചപ്പോള്‍ സിനിമാ ആസ്വാദകര്‍ക്ക് മനസ്സിലായത്.

നന്ദമുരി ബാലകൃഷ്‌ണ അവതരിപ്പിച്ച ഭഗവന്ത് കേസരിയുടെ റീമേക്ക് ആണ് ചിത്രമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ദളപതി വിജയ് അഞ്ച് തവണ ഭഗവന്ത് കേസരി കണ്ടെന്നും ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യാനായി സിനിമയുടെ സംവിധായകൻ അനിൽ രവിപുടിയെ സമീപിച്ചെന്നുമുള്ള നടൻ വിടിവി ഗണേഷിന്റെ വാക്കുകൾ ഏറെ ചർച്ചയുണ്ടാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ചിത്രം റീമേക്ക് ആണെന്ന് ആരാധകർ ഉറപ്പിച്ചത്. എന്നാൽ നിർമാതാക്കളുടെ ഭാഗത്തുനിന്നും ഇതിനെക്കുറിച്ച് ഒരു വിവരങ്ങളും പുറത്തുവന്നിട്ടില്ല.