Entertainment

ലക്കി ഭാസ്കറിന് ശേഷം വെങ്കി അറ്റ്ലൂരി എത്തുന്നു, പുതിയ ചിത്രത്തിൽ നായകൻ ധനുഷ് ?

ദുൽഖർ സൽമാനെ നായകനാക്കി ചെയ്ത ലക്കി ഭാസ്കർ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വെങ്കി അറ്റ്ലൂരി പുതിയ ചിത്രം ഒരുക്കുന്നു. ചിത്രത്തിൽ നായകനായി ധനുഷ് എത്തും എന്നാണ് റിപ്പോർട്ടുകൾ. ഹോണസ്റ്റ് രാജ് എന്ന് പേര് നൽകിയ ചിത്രത്തിന്റെ കഥ വെങ്കി അറ്റ്ലൂരി ധനുഷിനോട് പറഞ്ഞതായും അത് നടന് ഇഷ്ടമായതായും റിപ്പോർട്ടുകളുണ്ട്. ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾക്ക് അപ്പുറത്തേക്ക് വെങ്കിയിൽ നിന്നോ ധനുഷിന് നിന്നോ പ്രതികരണം ഒന്നും വന്നിട്ടില്ല.

2023 ൽ പുറത്തിറങ്ങിയ വാത്തി എന്ന ചിത്രത്തിനായി ധനുഷും വെങ്കി അറ്റ്ലൂരിയും ഒന്നിച്ചിരുന്നു. 150 കോടിയിലധികം രൂപ ചിത്രം നേടിയിരുന്നു. മലയാളി താരം സംയുക്ത മേനോനായിരുന്നു സിനിമയിലെ നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്. സമുദ്രക്കനി, സായ്‌ കുമാര്‍, തനികെല്ല ഭരണി, തോട്ടപ്പള്ളി മധു, ഹരീഷ് പേരടി, പ്രവീണ തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സംവിധായകന്‍ വെങ്കി അറ്റ്‌ലൂരി തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയത്.

അതേ സമയം നിലാവ്ക്ക് എന്‍ മേല്‍ എന്നടി കോപം, ഇഡ്‌ലി കടൈ എന്നിങ്ങനെ രണ്ടു സിനിമകൾ ധനുഷിന്റെ സംവിധാനത്തിൽ അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഇതില്‍ നിലാവ്ക്ക് എന്‍ മേല്‍ എന്നടി കോപം ഫെബ്രുവരി 21 ന് തിയേറ്ററുകളിലെത്തും. ഡൗണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ ആകാശ് ഭാസ്‌കരനും ധനുഷും ചേര്‍ന്നാണ് ‘ഇഡ്‌ലി കടൈ’ നിര്‍മിക്കുന്നത്. ഡൗണ്‍ പിക്ചേഴ്സിന്റെ ആദ്യ നിര്‍മാണസംരംഭം കൂടിയാണ് ചിത്രം. ജിവി പ്രകാശ് കുമാറാണ് സംഗീതം. 2025 ഏപ്രില്‍ പത്തിനാണ് ഇഡ്‌ലി കടൈ തിയേറ്ററുകളിലെത്തുന്നത്.