മലയാളി കുടുംബ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് അപ്സര ആൽബി. വളരെ ചെറിയ പ്രായത്തിൽ തന്നെ അഭിനയ മേഖലയിലേക്ക് കടന്നുവന്ന അപ്സര നായികയായും സഹനടിയായും വില്ലനായും എല്ലാം കയ്യടി നേടിയിട്ടുണ്ട്. മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം അടക്കം നേടിയ അഭിനയത്രിയാണ് അപ്സര. ഏഷ്യാനെറ്റ് പരമ്പരയായ സാന്ത്വനത്തിലെ ജയന്തി എന്ന കഥാപാത്രത്തെ മലയാളികൾ അത്ര പെട്ടെന്നൊന്നും മറക്കില്ല. സമാനമായ നിരവധി നെഗറ്റീവ് റോളുകൾ ചെയ്ത് ആളുകൾക്കിടയിൽ തന്റെതായ സ്ഥാനം കണ്ടെത്തിയ താരമാണ് അപ്സര.
ബിഗ് ബോസ് മലയാളം സീസൺ സിക്സിലെ ശക്തയായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു അപ്സര. തുടക്കം മുതൽ തന്നെ നിറസാന്നിധ്യമായി മാറാൻ അവസരയ്ക്ക് സാധിച്ചിരുന്നു. മികച്ച ക്യാപ്റ്റൻ എന്ന സമ്മാനവും റിയാലിറ്റി ഷോയിൽ താരത്തിന് ലഭിച്ചിരുന്നു. എന്നാൽ അവസാന ദിവസം വരെ തുടരാൻ അപ്സരയ്ക്ക് സാധിച്ചിരുന്നില്ല. 2021ൽ അപ്സരയുടെ വിവാഹം ഇതിനേക്കാളേറെ വാർത്താ തലക്കെട്ടുകളിൽ ഇടം നേടി. രണ്ടു മതവിശ്വാസങ്ങളിൽ പെട്ടവരായിരുന്നു അപ്സരയും അവരുടെ ഭർത്താവ് ആൽബി ഫ്രാൻസിസും. അപ്സര സീരിയൽ ലോകത്തെ ശ്രദ്ധേയ താരമെങ്കിൽ, ആൽബി അറിയപ്പെടുന്ന സീരിയൽ സംവിധായകനാണ്. സോഷ്യൽ മീഡിയയിലും അപ്സര ശ്രദ്ധേയയാണ്.
ആൽബിയുമായി നടിയുടെ രണ്ടാം വിവാഹമാണ്. വിവാഹശേഷം ആദ്യ വിവാഹത്തെക്കുറിച്ചും അവരുടെ വ്യക്തി ജീവിതത്തെക്കുറിച്ചുമെല്ലാം അത്യന്തം വിവാദമുണ്ടായ സാഹചര്യവും മലയാളികൾ കണ്ടതാണ്. ചില ചോദ്യങ്ങൾക്ക് അവർ നേരിട്ടെത്തി അഭിമുഖങ്ങളിലൂടെ മറുപടി കൊടുത്തു. വിവാഹം കഴിഞ്ഞ് നാല് വർഷം തികയറാവുന്ന സാഹചര്യത്തിൽ അപ്സരയും ആൽബിയും തമ്മിൽ പിരിഞ്ഞോ എന്ന ചോദ്യം പ്രസക്തമാവുന്നു. അപ്സരയുടെ സോഷ്യൽ മീഡിയയിലെ ചില ആക്ടിവിറ്റികൾ നോക്കിയാണ് ചിലരുടെ കണ്ടെത്തൽ. ഈ ചോദ്യം ഉയർന്നതും അപ്സര മറ്റൊരു അഭിമുഖത്തിൽ മറുപടി നൽകിക്കഴിഞ്ഞു.
ഞാനും എന്റെ ഭര്‍ത്താവും ഇതുവരേയും അതേക്കുറിച്ച് വന്ന് സംസാരിച്ചിട്ടില്ല. സോഷ്യല്‍ മീഡിയയിലാണെങ്കിലും എല്ലാത്തിനും അതിന്റേതായൊരു സ്‌പേസുണ്ട്. എന്റെ ഏറ്റവും അടുത്ത സുഹൃത്താണെങ്കിലും അവരുടെ ഏറ്റവും വ്യക്തിപരമായൊരു കാര്യത്തില്‍ പോയി ഇടപെടാത്ത ആളാണ് ഞാന്‍. തിരിച്ച് ഞാനും അത് പ്രതീക്ഷിക്കുന്നുണ്ട്. ഞാന്‍ മീഡിയയില്‍ വര്‍ക്ക് ചെയ്യുന്ന ആളാണെങ്കിലും, എന്റെ വളരെ പേഴ്‌സണലായൊരു കാര്യം, ഉണ്ടെങ്കിലും ഇല്ലെങ്കിലും, വെളിപ്പെടുത്താന്‍ ഞാന്‍ താല്‍പര്യപ്പെടാത്തോളം കാലം അതില്‍ മീഡിയയ്ക്ക് കയറി ഇടപെടാന്‍ അവകാശമില്ല- അപ്‌സര പറയുന്നു.
ഞാനോ എന്റെ ഭര്‍ത്താവോ വന്ന് സംസാരിക്കാതിരിക്കുമ്പോഴും പല മീഡിയകളും വീഡിയോകളിടുന്നതും രണ്ട് പേര്‍ വന്നിരുന്ന് അങ്ങോട്ടും ഇങ്ങോട്ടും അഭിപ്രായം പറയുന്നതുമൊക്കെ കണ്ടിട്ടുണ്ട്. പക്ഷെ എന്റെ വ്യക്തിപരമായ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിച്ചിടാന്‍ എനിക്ക് താല്‍പര്യമില്ല. ഒരാള്‍ക്ക് താല്‍പര്യമില്ലാത്ത കാര്യത്തില്‍ മറ്റുള്ളവര്‍ കയറി ഇടപെടാതിരിക്കുന്നതാണ് നല്ലത്. ഞാന്‍ പോലും അറിയാത്ത കാര്യങ്ങള്‍ വീഡിയോയില്‍ വന്ന് പറയുന്നുണ്ട്. ഞാന്‍ എന്റെ അക്കൗണ്ടില്‍ നിന്നും ഫോട്ടോസ് ഒക്കെ ഡിലീറ്റ് ചെയ്തുവെന്നും അങ്ങോട്ടും ഇങ്ങോട്ടും ഫോളോ ചെയ്യുന്നുവെന്നുമൊക്കെ പറയുന്നുണ്ട്. അതൊക്കെ എന്തിനാണ് ഇവര്‍ നോക്കുന്നത്.
എന്റെ പോസ്റ്റിന് താഴെ കമന്റിടും. അതിനോട് ഞാന്‍ പ്രതികരിച്ചില്ലെന്ന് പറഞ്ഞ് വീഡിയോ ഇടുന്നത് കണ്ടിട്ടുണ്ട്. ഞാന്‍ കമന്റുകളൊന്നും അധികം നോക്കാറില്ല. അപൂര്‍വ്വമായാണ് മറുപടികള്‍ നല്‍കാറുള്ളത്. എനിക്ക് താല്‍പര്യമില്ലാത്ത കാര്യം ഞാന്‍ ചെയ്യണമെന്ന് സോഷ്യല്‍ മീഡിയ എന്തിനാണ് വാശി പിടിക്കുന്നത്. അതിനോടൊന്നും ഞാന്‍ പ്രതികരിക്കാന്‍ ആഗ്രഹിക്കുന്നില്ല. എന്റെയും അദ്ദേഹത്തിന്റേയും പേഴ്‌സണല്‍ കാര്യമാണ്. ഞങ്ങള്‍ക്ക് അതേക്കുറിച്ച് സംസാരിക്കാന്‍ താല്‍പര്യമില്ല. പറയുന്നവര്‍ പറഞ്ഞോട്ടെ എന്നും അപ്‌സര പറഞ്ഞു.