Celebrities

സെയ്ഫ് അലി ഖാനെ സേഫാക്കിയ ഓട്ടോ ചേട്ടനെ നേരിൽ കണ്ട് നന്ദി പറഞ്ഞ് നടനും കുടുംബവും

കത്തിക്കുത്തേറ്റ് ചോര വാർന്നുകൊണ്ടിരുന്ന തന്നെ ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവർ ഭജൻ സിം​ഗ് റാണയെ കണ്ട് നടൻ സെയ്ഫ് അലി ഖാൻ. ചൊവ്വാഴ്ച ആശുപത്രി വിടുംമുൻപായിരുന്നു ഇരുവരും തമ്മിൽക്കണ്ടത്. റാണയോട് സെയ്ഫ് അലി ഖാന്റെ അമ്മയും നടിയുമായ ഷർമിള ടാ​ഗോർ നന്ദി പറഞ്ഞു. മുംബൈ ലീലാവതി ആശുപത്രിയിൽവെച്ചാണ് സെയ്ഫ് അലി ഖാനും ഭജൻ സിം​ഗ് റാണയും കണ്ടത്. കൂടിക്കാഴ്ച അഞ്ചുമിനിറ്റ് നീണ്ടു. റാണയെ ആശ്ലേഷിച്ച സെയ്ഫ് അദ്ദേഹത്തിന്റെ നല്ല മനസിന് നന്ദി പറഞ്ഞു. ശേഷം ഇരുവരും ചേർന്ന് ചിത്രവുമെടുത്തു.

ഉത്തരാഖണ്ഡ് സ്വദേശിയായ ഭജന്‍ സിം​ഗ് റാണയുടെ ഓട്ടോയിലാണ് ജനുവരി 16 ന് നടനെ ആശുപത്രിയിലെത്തിച്ചത്. സെയ്ഫ് അലി ഖാന്റെ താമസസ്ഥലത്തെ ഗേറ്റിനപ്പുറത്ത് നിന്നും ഒരു സ്ത്രീ ഓട്ടോ വിളിച്ചു കരയുന്നുണ്ടായിരുന്നെന്നും എന്നാല്‍ ആരും നിര്‍ത്താതെ പോകുകയായിരുന്നു എന്നും റാണ പറഞ്ഞിരുന്നു. ഒടുവില്‍ ചോരയില്‍ കുളിച്ച ഒരു മനുഷ്യനെ ആശുപത്രിയില്‍ എത്തിച്ചപ്പോളാണ് അത് സെയ്ഫ് അലി ഖാന്‍ ആണെന്ന് മനസിലായതെന്നും റാണ കൂട്ടിച്ചേര്‍ത്തു.

‘കഴിഞ്ഞ 15 വര്‍ഷമായി ഇതേ വഴിയില്‍ പതിവായി രാത്രിയില്‍ ഓട്ടോ ഓടിക്കുന്ന ആളാണ് ഞാന്‍. അപ്പോളാണ് ആ കെട്ടിടത്തിന്റെ ഗേറ്റിനു അപ്പുറത്തുനിന്നും ഒരു സ്ത്രീ വാഹനത്തിനായി നിലവിളിക്കുന്നത് കേട്ടത്. അതിലെ പോകുന്ന മറ്റു വണ്ടികളൊക്കെ നിര്‍ത്താതെ പോകുകയായിരുന്നു.

നിലവിളി കേട്ട്, വണ്ടി യു ടേണ്‍ എടുത്ത് അവരുടെ അരികിലേക്കെത്തി. എന്തോ അടിപിടി കേസ് ആണെന്നാണ് കരുതിയത്. അവിടെ ഒരാള്‍ ചോരയില്‍ കുളിച്ച് നില്‍ക്കുന്നുണ്ടായിരുന്നു. കൂടെ നാലഞ്ചു പേരുമുണ്ടായിരുന്നു. അവര്‍ താങ്ങിപ്പിടിച്ച് ആ മനുഷ്യനെ ഓട്ടോയില്‍ കയറ്റി.അപ്പോള്‍ അത് ആരാണെന്നു എനിക്ക് മനസിലായില്ല. അയാളുടെ കഴുത്തില്‍ നിന്നും നടുവില്‍നിന്നും ചോര ഒലിക്കുന്നുണ്ടായിരുന്നു. ഏഴു വയസ്സു തോന്നിക്കുന്ന ഒരു ആണ്‍കുട്ടിയും കുറച്ചു മുതിര്‍ന്ന ഒരു പുരുഷനുമായിരുന്നു അപ്പോള്‍ ഒപ്പം വന്നത്. ആശുപത്രിയില്‍ എത്തിച്ച ശേഷമാണ് അത് സെയ്ഫ് അലി ഖാനാണെന്ന് തിരിച്ചറിഞ്ഞതെന്നും റാണെ പറഞ്ഞിരുന്നു.

ഇക്കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെയാണ് ബാന്ദ്രയിലെ വസതിയിൽ അതിക്രമിച്ച് കയറി സെയ്ഫ് അലി ഖാനെ ആക്രമിച്ചത്. ആക്രമണത്തിൽ നടന് ആറ് തവണ കുത്തേൽക്കുകയും കത്തി മുറിഞ്ഞ് ശരീരത്തിൽ തറയ്ക്കുകയും ചെയ്തു. ചോരയിൽ കുളിച്ച നടനെ ഓട്ടോറിക്ഷയിലാണ് ആശുപത്രിയിൽ എത്തിച്ചത്. ആക്രമണശേഷം പ്രതി വീട്ടിൽ നിന്ന് രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടിരുന്നു. നടനെ ആക്രമിച്ച ബംഗ്ലാദേശ് പൗരൻ ഷരീഫുൾ ഇസ്ലാമിനെ കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.