ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ കൊണ്ടോ, എന്തെങ്കിലും കോസ്‌മെറ്റിക്‌സിന്റെ അലര്‍ജി മൂലമോ ഒക്കെയാണ് മുഖക്കുരുവുണ്ടാകുന്നത് എന്നാണ് ഭൂരിഭാഗം പേരും മനസിലാക്കുന്നത്. എന്നാല്‍ ഇതൊന്നുമല്ലാത്ത കാരണങ്ങളും മുഖക്കുരുവിന് പിന്നിലുണ്ടാകാം. അത്തരത്തിലുള്ള മൂന്ന് കാരണങ്ങളെക്കുറിച്ചാണ് പുതിയൊരു പഠനം ചൂണ്ടിക്കാട്ടുന്നത്.
ഫ്രാന്‍സില്‍ നിന്നുള്ള ഒരുകൂട്ടം ഗവേഷകരാണ് ഈ കണ്ടെത്തലിന് പിന്നില്‍. മാഡ്രിഡില്‍ വച്ചുനടന്ന 28ാമത് യൂറോപ്യന്‍ അക്കാഡമി ഓഫ് ഡെര്‍മറ്റോളജി ആന്റ് വെനെറിയോളജി കോണ്‍ഗ്രസില്‍ വച്ചാണ് ഗവേഷകര്‍ തങ്ങളുടെ പഠന നിഗമനങ്ങള്‍ അവതരിപ്പിച്ചത്.
അതായത് മോശം ഡയറ്റ്, ഉയര്‍ന്ന മാനസിക സമ്മര്‍ദ്ദം, മുഖചര്‍മ്മം പരുക്കന്‍ രീതിയല്‍ കൈകാര്യം ചെയ്യുന്നത്- ഈ മൂന്ന് പ്രശ്‌നങ്ങളാണ് മുഖക്കുരുവുണ്ടാകുന്നതിനുള്ള മറ്റ് കാരണങ്ങളായി പഠനം ചൂണ്ടിക്കാട്ടുന്നത്. പലപ്പോഴും ഇക്കാര്യങ്ങളെക്കുറിച്ച് നമ്മള്‍ അവബോധത്തതിലല്ലെന്നും അത് മുഖചര്‍മ്മത്തെ കൂടുതല്‍ പ്രശ്‌നമാക്കാന്‍ ഇടവരുന്നുവെന്നും പഠനം ഓര്‍മ്മിപ്പിക്കുന്നു.
അന്തരീക്ഷ മലിനീകരണവും മുഖചര്‍മ്മം നശിപ്പിക്കുന്ന ഒരു കാരണമായി ഉയര്‍ന്നുവരുന്നുണ്ടെന്ന് ഗവേഷകര്‍ വിലയിരുത്തുന്നു. അതേസമയം പുകവലി, വലിയ തോതില്‍ മുഖക്കുരുവിന് കാരണമാകുന്നുവെന്ന വാദം അത്ര പ്രസക്തമല്ലെന്നും ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു.
content highlight: three-reasons-behind-increasing-acne