Beauty Tips

സൗന്ദര്യ സംരക്ഷണത്തിൽ പുരുഷന്മാർ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ ? | beauty-tips-for-men

തണുത്ത വെള്ളമുപയോഗിച്ച് ദിവസവും മൂന്നോ നാലോ തവണ മുഖം നന്നായി കഴുകാം

സൗന്ദര്യസംരക്ഷണത്തിന്റെ ഒരു പ്രധാന ഭാഗമാണ് ചര്‍മ്മസംരക്ഷണം. ഭംഗിയും ആരോഗ്യവുമുള്ള ചര്‍മ്മം തന്നെയാണ് സത്യത്തില്‍ സൗന്ദര്യത്തിന്റെ അടിസ്ഥാനഘടകമെന്ന് പറയാം. ഇതിനായി പുരുഷന്മാർ നിത്യവും ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. അവയേതെല്ലാമെന്ന് ഒന്ന് നോക്കാം.

ഒന്ന്…

തണുത്ത വെള്ളമുപയോഗിച്ച് ദിവസവും മൂന്നോ നാലോ തവണ മുഖം നന്നായി കഴുകാം. ഇതാണ് ശ്രദ്ധിക്കാനുള്ള ഒരു സുപ്രധാന കാര്യം. പുറത്തുപോകുന്നവരാണെങ്കില്‍ തീര്‍ച്ചയായും മൂന്നോ നാലോ തവണ തന്നെ മുഖം കഴുകാന്‍ ഓര്‍മ്മ വയ്ക്കണം. വീട്ടിലിരിക്കുന്നവരാണെങ്കില്‍ അത്ര തന്നെ തവണ മുഖം കഴുകേണ്ടതില്ല.

ചര്‍മ്മരോഗങ്ങളെ ഒഴിവാക്കാന്‍ ഇത് സഹായിക്കും. അതുപോലെ മുഖത്ത് വിയര്‍പ്പും അഴുക്കും അടിഞ്ഞിരിക്കാതിരിക്കാനും ഇത് സഹായകമാണ്. അവനവന്റെ ചര്‍മ്മത്തിന്റെ സ്വഭാവത്തിന് അനുസരിച്ചുള്ള ഫെയ്‌സ് വാഷ് തെരഞ്ഞെടുത്ത് ഉപയോഗിക്കുന്നതും നല്ലത് തന്നെ.

രണ്ട്…

മുഖചര്‍മ്മം വരണ്ടിരിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇതിനായി ഏതെങ്കിലും നല്ല മോയിസ്ചറൈസര്‍ ഉപയോഗിക്കാവുന്നതാണ്. ദിവസത്തില്‍ രണ്ട് തവണയെങ്കിലും മുഖം മോയിസ്ചറൈസ് ചെയ്യാം. പുറത്തുപോകുന്നവരാണെങ്കില്‍ രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങും മുമ്പ് സണ്‍സ്‌ക്രീന്‍ പുരട്ടാനും ശ്രദ്ധിക്കുക. ശ്രദ്ധിക്കുക, ക്രീം പുരട്ടുന്നതിന് മുമ്പ് എപ്പോഴും മുഖം വൃത്തിയായി കഴുകിത്തുടയ്ക്കണം.

മൂന്ന്…

ചര്‍മ്മത്തിലെപ്പോഴും നശിച്ച കോശങ്ങളടങ്ങിയ അടരുകള്‍ ഇളകിയിരിപ്പുണ്ടാകും. ഇത്തരത്തിലുള്ള ‘ഡെഡ് സ്‌കിന്‍’ ഇളക്കിക്കളയണം. ഇതിനായി ആഴ്ചയില്‍ രണ്ട് തവണയെങ്കിലും മുഖം സ്‌ക്രബ് ചെയ്യാം. വീട്ടില്‍ ഒരുക്കാവുന്ന സ്‌ക്രബറോ, അല്ലെങ്കില്‍ കടയില്‍ നിന്ന് വാങ്ങിക്കുന്നതോ ആകാം ഇതിന് ഉപയോഗിക്കുന്നത്.

നാല്…

ആവശ്യമെങ്കില്‍ മുഖത്തിടാനുള്ള വിവിധ തരം മാസ്‌കുകളും ഉപയോഗിക്കാം. ഇത് സ്ത്രീകള്‍ക്ക് മാത്രമായിട്ടുള്ളതാണെന്ന് കരുതരുത്. പ്രത്യേകിച്ച് പ്രകൃതിദത്തമായ ഉത്പന്നങ്ങള്‍ കൊണ്ട് വീട്ടിലുണ്ടാക്കാവുന്ന മാസ്‌ക്കുകളാണെങ്കില്‍ തീര്‍ച്ചയായും അവ ചര്‍മ്മത്തിന് നല്ലത് തന്നെയാണെന്ന് മനസിലാക്കുക.

മുഖത്തിടാന്‍ വേണ്ടി ഉപയോഗിക്കുന്ന ഓയില്‍ മുതല്‍ ഏത് തരം ഉത്പന്നങ്ങളുടേയും ഗുണമേന്മ എപ്പോഴും ഉറപ്പുവരുത്തണം. അവയെല്ലാം തന്റെ ചര്‍മ്മത്തിന് ഇണങ്ങുന്നതാണോയെന്നും അന്വേഷിച്ച് ഉറപ്പിക്കുക. ഇതിന് ഏതെങ്കിലും കഴിവുള്ള ബ്യൂട്ടിഷ്യന്മാരെ സമീപിക്കാവുന്നതാണ്.

അതുപോലെ ഷേവ് ചെയ്ത് കഴിഞ്ഞാല്‍ എപ്പോഴും ലോഷന്‍ ഉപയോഗിക്കണം. താടി വളര്‍ത്തുന്നവരാണെങ്കില്‍, രോമങ്ങള്‍ ബ്രഷ് ചെയ്ത് കഴുകി വൃത്തിയാക്കണം. അല്ലാത്ത പക്ഷം താരന്‍ പോലുള്ള പ്രശ്‌നങ്ങള്‍ വരാനും അതുവഴി മുഖത്തെ ചര്‍മ്മം നശിക്കാനും സാധ്യതയുണ്ട്. എന്തെങ്കിലും ചെറിയ അസ്വസ്ഥതകള്‍ ചര്‍മ്മത്തിലുണ്ടാകുമ്പോള്‍ തന്നെ ഒരു ഡോക്ടറെ സമീപിച്ച് അത് കൂടുതല്‍ ഗുരുതരമാകാതെ നോക്കാം. സൗന്ദര്യം സംരക്ഷിക്കാന്‍ ജാഗ്രത കാണിക്കുന്നതില്‍ പുരുഷന്മാര്‍ ഒരു കുറച്ചിലും കരുതേണ്ടതില്ല. ഇതെല്ലാം നിങ്ങളുടെ വ്യക്തിത്വത്തിന്റെ ആരോഗ്യകരമായ പ്രതിഫലനങ്ങള്‍ മാത്രമാണെന്ന് കരുതുക.
മുമ്പൊക്കെ സൗന്ദര്യസംരക്ഷണം എന്ന് കേള്‍ക്കുമ്പോഴേ ‘ഓ അതെല്ലാം പെണ്ണുങ്ങളുടെ വിഷയമല്ലേ’ എന്ന കമന്റായിരുന്നു വന്നിരുന്നത്. എന്നാല്‍ കാലം മാറി. ഇപ്പോള്‍ സ്ത്രീകളെപ്പോലെ തന്നെ സൗന്ദര്യബോധമുള്ളവരാണ് പുരുഷന്മാരും.

മുഖവും മുടിയും ശരീരവും എപ്പോഴും മിനുക്കി ഭംഗിയാക്കാനും വൃത്തിയായി നടക്കാനുമെല്ലാം പുരുഷന്മാരും ശ്രദ്ധിച്ചുതുടങ്ങി. ഇതിന്റെ ഭാഗമായി പുരുഷന്മാര്‍ക്ക് വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന ബ്യൂട്ടി പാര്‍ലറുകളും, ബ്യൂട്ടി എക്‌സ്‌പേര്‍ട്ടുകളും എത്രയോ വന്നു.

content highlight: beauty-tips-for-men