ചില കരുതലുകളുണ്ടെങ്കില്‍ തിരക്ക് പിടിച്ച അമ്മ ജീവിതത്തിനിടയിലും സ്വല്‍പം ഭംഗിയായിട്ടെല്ലാം നടക്കാമെന്നേ. അതിന് വേണ്ടിയുള്ള അഞ്ച് ‘ടിപ്‌സ്’ ആണ് ഇനി പറയുന്നത്.
ഒന്ന്…
ഒന്നിനും സമയമില്ലാത്ത ഓട്ടത്തിലാകുമ്പോള്‍ സ്വാഭാവികമായും എപ്പോഴും ക്ഷീണമായിരിക്കും. ഇത് ചര്‍മ്മത്തിന്റെ ആരോഗ്യത്തേയും ഭംഗിയേയും ബാധിക്കും.
അതിനാല്‍ ചര്‍മ്മസംരക്ഷണത്തിനാണ് ആദ്യം പ്രാധാന്യം നല്‍കേണ്ടത്. രാത്രി കിടക്കാന്‍ നേരം, അല്‍പം വെളിച്ചെണ്ണ മുഖത്ത് നന്നായി തേച്ചുപിടിപ്പിക്കുക. ശേഷം ഉറങ്ങാം. രാവിലെ ആകുമ്പോഴേക്ക് ചര്‍മ്മം മൃദുലവും, തിളക്കവുമുള്ളതാകും.
രണ്ട്…
മുടിയിലും വെളിച്ചെണ്ണ തേച്ച് മണിക്കൂറുകളോളം വയ്ക്കുന്നത് നല്ലതാണ്. മുടിയുടെ തിളക്കത്തിനും ആരോഗ്യത്തിനും ഇത് നല്ലതാണ്. അതുപോലെ ഇടയ്ക്കിടെ ബ്യൂട്ടി പാര്‍ലറില്‍ പോയി മിനുക്കിയില്ലെങ്കില്‍ അഭംഗിയായി കിടക്കുന്ന തരത്തില്‍ മുടി വെട്ടരുത്. അതായത്, സ്‌റ്റൈലിഷായ പല കട്ടുകള്‍ക്കും കൃത്യമായ ഇടവേളകളില്‍ മിനുക്കുപണികള്‍ ആവശ്യമാണ്. എന്നാല്‍ പലതരം തിരക്കുകളിലിരിക്കുമ്പോള്‍ നിങ്ങള്‍ക്കതിന് കഴിയാതെ പോയേക്കാം. അതോടെ മുടി ആകെ കാഴ്ചയ്ക്ക് മോശമായിത്തോന്നും. അങ്ങനെ വരാതിരിക്കാന്‍ മിനുക്കുപണികള്‍ അധികം വേണ്ടാത്ത സ്റ്റൈലില്‍ മുടി വെട്ടിയിടാം.
മൂന്ന്…
പുരികം ഷെയ്പ് ചെയ്യാന്‍ ബ്യൂട്ടി പാര്‍ലറിന്‍ പോകാനാവാതെ ദിവസങ്ങളോളം വളര്‍ന്നുപടര്‍ന്ന് പന്തലിച്ച പുരികവുമായി നടക്കും. എന്തിന്? ഒരു പ്ലക്കര്‍ വാങ്ങി സൂക്ഷിക്കുക. വളരുന്ന രോമങ്ങള്‍ അതുകൊണ്ട് എടുത്ത് പുരികത്തെ ഇടയ്ക്കിടെ ഷെയ്പ് ചെയ്തുകൊടുക്കാം. വേണമെങ്കില്‍ ഒരു ‘ഐബ്രോ എറയ്‌സര്‍’ഉം വാങ്ങിവയ്ക്കാം.
നാല്…
മുഖം മിനുക്കാനും പുറത്തുപോകാന്‍ എപ്പോഴും സാധ്യമായെന്ന് വരില്ല. അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍, ഷീറ്റ് മാസ്‌ക് ഉപയോഗിക്കാം.
ഇതാകുമ്പോള്‍ ഉച്ചമയക്കത്തിന്റെ സമയത്തോ മറ്റോ അല്‍പനേരം മുഖത്ത് വച്ച് കിടക്കാവുന്നതല്ലേയുള്ളൂ. എളുപ്പത്തില്‍ നീക്കം ചെയ്യുകയും ആവാം.
അഞ്ച്…
ആദ്യം സൂചിപ്പിച്ചത് പോലെ, തിരക്കുപിടിച്ച ജീവിതശൈലി പ്രധാനമായും നമ്മളെ തളര്‍ത്തുകയാണ് ചെയ്യുക. ഇത് മുഖത്ത് പെട്ടെന്ന് തെളിഞ്ഞുകാണുകയും ചെയ്യും. അതിനാല്‍ മുഖവും ശരീരത്തില്‍ പുറത്തേക്ക് വെളിപ്പെടുന്ന ഭാഗങ്ങളും വൃത്തിയായും മനോഹരമായും സൂക്ഷിക്കാന്‍ പ്രത്യേകം കരുതലെടുക്കണം. പലതരം ക്രീമുകള്‍ മാറിമാറി തേക്കാനൊന്നും സമയം ഉണ്ടാകില്ലെന്നിരിക്കെ, പല ധര്‍മ്മങ്ങള്‍ ഒന്നിച്ച് ചെയ്യാന്‍ കഴിവുള്ള ‘CC’ ക്രീം പോലുള്ള ക്രീമുകളേതെങ്കിലും പതിവായി ഉപയോഗിക്കാം.
content highlight: beauty-tips-for-busy-young-mother