അല്ലു അർജുൻ നായകനായി വന്ന പുഷ്പ 2 എന്ന ഹിറ്റ് ചിത്രത്തിന് ശേഷം രശ്മിക മന്ദാന നായികയായി എത്തുന്ന പുതിയ ചിത്രമാണ് ‘ഛാവ’. മറാത്ത സാമ്രാജ്യത്തിന്റെ യോദ്ധാവായ ഛത്രപതി സംഭാജി മഹാരാജാവിന്റെ കഥ പറയുന്ന ബോളിവുഡ് ചിത്രത്തിൽ വിക്കി കൗശലാണ് നായകൻ. ഇതിഹാസ മറാത്ത യോദ്ധാവ് ഛത്രപതി സംഭാജി മഹാരാജായി വിക്കി എത്തുന്ന ചിത്രം ഗംഭീര ദൃശ്യ വിരുന്നാകും പ്രേക്ഷകന് സമ്മാനിക്കുക എന്ന് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയിലർ വ്യക്തമാക്കിയിരുന്നു. ലക്ഷ്മൺ ഉടേക്കര്‍ ആണ് ഛാവ സംവിധാനം ചെയ്യുന്നത്. നേരത്തെ ഇറങ്ങിയ ചിത്രത്തിന്റെ ടീസര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മഡോക്ക് ഫിലിംസിന്റെ ബാനറിൽ സ്ട്രീ 2 നിർമ്മാതാവ് ദിനേശ് വിജനാണ് ഛാവ നിർമ്മിക്കുന്നത്. സ്ട്രീ 2 നിർമ്മാതാക്കളാണ് ഇവര്‍. 2024ലെ ഏറ്റവും വലിയ ബോളിവുഡ് ഹിറ്റായിരുന്നു സ്ത്രീ 2.
ഇപ്പോഴിതാ ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് രശ്മിക. മുംബൈയിൽ പ്ലാസ തിയറ്ററിൽ നടന്ന ട്രെയ്ലർ ലോഞ്ചിൽ സംസാരിക്കുന്നതിനിടെയായിരുന്നു താരത്തിന്റെ സന്തോഷപ്രകടനം. രശ്മികയുടെ വാക്കുകൾ ഇങ്ങനെയാണ്. – ‘ഇതൊരു ബഹുമതിയാണ്. മഹാറാണി യേശുഭായിയായി അഭിനയിക്കാൻ കഴിയുന്നത് ദക്ഷിണേന്ത്യയിൽ നിന്ന് വന്ന പെൺകുട്ടിക്ക് ഈ ജീവിതകാലത്ത് ലഭിക്കുന്ന ഏറ്റവും വലിയ പദവിയും പ്രത്യേകതയുമാണ്. ഞാൻ ലക്ഷ്മണ് സാറിനോട് പറയുകയായിരുന്നു. ഇതിനുശേഷം, അഭിനയത്തില്‍ നിന്നും വിരമിക്കുന്നത് പോലും സന്തോഷമാണെന്ന്. ഞാൻ കരയുന്ന ആളല്ല, പക്ഷേ ഈ ട്രെയിലർ എന്നെ കരയിപ്പിച്ചു. വിക്കി ദൈവത്തെപ്പോലെയാണ്, അവൻ ഛാവയാണ്.’ എന്നിങ്ങനെയാണ് രശ്മിക പറഞ്ഞത്.
ഇങ്ങനെയൊരു വേഷത്തിനായി ലക്ഷ്മൺ സാർ എന്നെ പരിഗണിച്ചത് എങ്ങനെയാണെന്നോർത്ത് ആദ്യം ശരിക്കും ഞാൻ ഞെട്ടിപ്പോയി. പിന്നെ ഞാൻ ഓക്കെ പറഞ്ഞു. ഈ കഥാപാത്രത്തിനായി യാതൊരു റഫറൻസുമില്ല. അതൊരു കഥയാണ്. അവരുടെ കഥ നിങ്ങൾക്ക് അറിയാം, അവർ വളരെ ഗാംഭീര്യമുള്ള, മറ്റുള്ളവരിൽ സ്വാധീനം ചെലുത്തുന്ന ഒരു കഥാപാത്രമാണ് എന്നുകൂടി രശ്മിക കൂട്ടിച്ചേർത്തു.
നേരത്തെ ഡിസംബര്‍ ആദ്യമാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ പുഷ്പ 2 റിലീസ് ഡേറ്റിനോട് ക്ലാഷ് ആകുന്നതിനാല്‍ മാറ്റുകയായിരുന്നു. പിന്നീട് പുതിയ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. ഫെബ്രുവരി 14നാണ് ചിത്രം റിലീസ് ചെയ്യാന്‍ പോകുന്നത്. എ.ആർ. റഹ്മാനാണ് ഈ ചരിത്ര സിനിമയ്ക്ക് സംഗീതം നൽകിയിരിക്കുന്നത്. വിക്കി കൗശൽ, അക്ഷയ് ഖന്ന, രശ്മിക മന്ദാന എന്നിവർക്കൊപ്പം അശുതോഷ് റാണ, ദിവ്യ ദത്ത, സുനിൽ ഷെട്ടി എന്നിവരും ചിത്രത്തിലുണ്ട്. ഫെബ്രുവരി 19 ഛത്രപതി ശിവാജി ജയന്തിയാണ് ഇത് കൂടി മുന്നില്‍ കണ്ടാണ് ഈ റിലീസ്.