ചെന്നൈ: ശിവകാർത്തികേയൻ, രവി മോഹൻ, അഥർവ, ശ്രീലീല എന്നിവർ അഭിനയിക്കുന്ന എസ്‌കെ 25 കോളിവുഡ് പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രോജക്റ്റുകളിൽ ഒന്നാണ്. മികച്ച താരനിര പ്രഖ്യാപിച്ചതു മുതൽ ചിത്രം ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കൂടാതെ, സുധ കൊങ്കരയുടെ ചിത്രം എന്നതിനാല്‍ വലിയ ശ്രദ്ധയാണ് ചിത്രത്തിന് ലഭിച്ചത്. ചിത്രത്തിന് പ്രതീക്ഷിക്കുന്ന ടൈറ്റിൽ സംബന്ധിച്ച് വലിയ ചർച്ചകൾ നടന്നിരുന്നു.
ചിത്രത്തില്‍ രവി മോഹനാണ് വില്ലന്‍ വേഷത്തില്‍ എത്തുന്നത് എന്നാണ് വിവരം. നായക വേഷത്തില്‍ മാത്രം കണ്ട രവി മോഹന്‍റെ പുതിയ രൂപമായിരിക്കും ചിത്രത്തില്‍ എന്നാണ് സൂചന. തെലുങ്ക് നടി ശ്രീലീലയാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. ശ്രീലീലയുടെ ആദ്യ തമിഴ് ചിത്രവും ഇതാണ്.
സുധ കൊങ്കരയും ശിവകാർത്തികേയനും ഒന്നിക്കുന്ന ചിത്രത്തിന് പരാശക്തി എന്നാണ് പേരിട്ടിരിക്കുന്നത്. 1952-ൽ കൃഷ്ണ പഞ്ചു സംവിധാനം ചെയ്ത പരാശക്തി ശിവാജി ഗണേശന്‍ ചിത്രത്തിന്‍റെ പേരാണ് ശിവകാര്‍ത്തികേയന്‍ ചിത്രത്തിനും. അന്തരിച്ച മുൻ മുഖ്യമന്ത്രി എം.കരുണാനിധിയാണ് യഥാർത്ഥ സിനിമയുടെ തിരക്കഥ എഴുതിയത്.
അവസാനമായി ശിവകാര്‍ത്തികേയന്‍ നായകനായി എത്തിയ ചിത്രം ‘അമരനാണ്’. രാജ് കമല്‍ ഫിലിംസിന്‍റെ ബാനറില്‍ കമല്‍ഹാസന്‍ നിര്‍മ്മിച്ച ചിത്രം എസ്കെയുടെ കരിയര്‍ ബെസ്റ്റ് ഹിറ്റായിരുന്നു. ആഗോള ബോക്സോഫീസില്‍ ചിത്രം 300 കോടി കളക്ഷന്‍ നേടിയിരുന്നു.
content highlight : parasakthi-title-for-sudha-kongaras-sk25