സൗദി അറേബ്യയിൽ ഇൻഫ്ലുവൻസ രോഗം ബാധിച്ചത് 84 പേരെ തീവ്രപരിചരണ വിഭാഗങ്ങളിൽ പ്രവേശിപ്പിച്ചതായി ആരോഗ്യ മന്ത്രലയം അറിയിച്ചു. എന്നാൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സീസണൽ വൈറസ് മരണനിരക്കിൽ കുറവ് വന്നു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഈ വർഷം ഇതിനകം ഇൻഫ്ലുവൻസ രോഗികളിൽ 31 പേർ മരിച്ചതായും ആരോഗ്യമന്ത്രലയം അറിയിച്ചു.
മുൻവർഷത്തെ അപേക്ഷിച്ച് സീസണൽ ഇൻഫ്ലുവൻസ മൂലമുണ്ടായ മരണങ്ങളിൽ 70 ശതമാനം കുറവുണ്ടെന്നാണ് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുള്ളത്. മരണ നിരക്ക് കുറയാനുള്ള പ്രധാന കാരണം മെച്ചപ്പെട്ട വാക്സിൻ വിതരണമാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. അതേ സമയം രോഗം പെട്ടെന്ന് പടരാൻ സാധ്യതയുള്ളത് പ്രായമായവരിലും കുട്ടികളിലും വിട്ടുമാറാത്ത രോഗമുള്ളവരിലും പ്രതിരോധശേഷി കുറഞ്ഞവരിലുമാണ്. ഇത്തരത്തിൽ അപകടസാധ്യതയുള്ള ഗ്രൂപ്പിനെ കണ്ടെത്തി വാക്സിൻ കൃത്യസമയത്ത് നൽകി. മൂന്ന് ദശലക്ഷത്തിലധികം വ്യക്തികൾക്ക് ഈ സീസണിൽ വാക്സിൻ നൽകിയിട്ടുണ്ട്. അതോടൊപ്പം തന്നെ സമൂഹ അവബോധം വർദ്ധിച്ചതും, വാക്സിനുകളുടെ ഫലപ്രാപ്തിയുമാണ് സീസണൽ ഇൻഫ്ലുവൻസയുമായി ബന്ധപ്പെട്ട കേസുകൾ കുറയ്ക്കുന്നതിന് സഹായകമായത് എന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.
മാർച്ച് അവസാനം വരെ ഇൻഫ്ലുവൻസ സീസൺ തുടരും. ഗുരുതരമായ കേസുകൾ തീവ്രപരിചരണ വിഭാഗത്തിനാണ് പ്രവേശിപ്പിക്കുന്നത്. ഇവരെല്ലാം പ്രധിരോധ വാക്സിനെടുക്കാത്തവരാണ്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെല്ലാം വാക്സിൻ ലഭ്യമാണ്. ‘ഹൈഹത്തി’ ആപ്ലിക്കേഷൻ വഴി വൻസിനുവേണ്ടി ബുക്ക് ചെയ്യാവുന്നതാണ്. കുട്ടികൾ, ഗർഭിണികൾ, പ്രായമായവർ തുടങ്ങിയവർക്കായി ‘സനാർ’ ആപ്ലിക്കേഷൻ വഴി വീടുകളിൽ ചെന്നുള്ള വാക്സിൻ സേവനങ്ങളും മന്ത്രാലയം ഒരുക്കിയിട്ടുണ്ട്.