ട്രാൻസ് സമൂഹത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നവരുണ്ടെന്ന് സീമ വിനീത്. മൂവി വേൾഡ് മീഡിയയോടാണ് പ്രതികരണം. സ്ത്രീയായി പാകപ്പെട്ട് കഴിഞ്ഞു എന്ന് പറയുമ്പോൾ സ്ത്രീയോ, സ്ത്രീ എവിടെ, അവർക്ക് പ്രസവിക്കാൻ പറ്റുമോ എന്ന് ആൾക്കാർ ചോദിക്കും. സ്ത്രീയെന്നാൽ പത്ത് കുട്ടികളെ പ്രസവിക്കണമെന്നില്ല. മാനസികമായി സ്ത്രീയാണെന്ന് സങ്കൽപ്പിച്ച് ജീവിക്കുന്ന മനുഷ്യരാണ്.
എന്റെ പങ്കാളിയോടും ഞാനതാണ് പറഞ്ഞിട്ടുള്ളത്. എന്നെ പരിപൂർണമായ സ്ത്രീയായല്ല കാണേണ്ടത്. എന്നെ നിങ്ങൾ ട്രാൻസ് വുമണായാണ് കാണേണ്ടത്. ഒരു ട്രാൻസ് വുമണിൽ നിന്ന് പ്രതീക്ഷിക്കുന്നതേ പ്രതീക്ഷിക്കാവൂ. ഞാനൊരു പരിപൂർണതയിലെത്തിയ സ്ത്രീയാണെന്ന് കരുതി എന്നെ സമീപിക്കരുത്. എന്റേതായ പരിമിതികൾ എനിക്കുണ്ട്. എന്റെ സംസാരത്തിലും പ്രവൃത്തിയിലും ട്രാൻസ് വുമൺ തന്നെയായിരിക്കുമെന്നും സീമ വിനീത് വ്യക്തമാക്കി. വിവാഹ ജീവിതത്തിലേക്ക് കടക്കാനാെരുങ്ങുകയാണ് സീമ വിനീത്.
നാല് വർഷത്തെ അടുപ്പത്തിന് ശേഷമാണ് സീമ പങ്കാളിയെ വിവാഹം ചെയ്യുന്നത്. വിവാഹനിശ്ചയത്തിന്റെ ഫോട്ടോകൾ സീമ നേരത്തെ പങ്കുവെച്ചിരുന്നു. നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെ ആശംസകൾ അറിയിച്ചത്. വിവാഹ നിശ്ചയം കഴിഞ്ഞ് കുറച്ച് ദിവസങ്ങൾക്ക് ശേഷം ബന്ധം പിരിയുകയാണെന്നും വിവാഹം വേണ്ടെന്ന് വെച്ചെന്നും സീമ സോഷ്യൽ മീഡിയിലൂടെ പറഞ്ഞിരുന്നു. എന്നാൽ പിന്നീടിവർ വീണ്ടും ഒരുമിച്ചു.
ഇന്നത്തെ കാലത്ത് ചില കുട്ടികൾ പെട്ടെന്ന് പോയി സർജറി ചെയ്യും. അതേക്കുറിച്ച് കൂടുതലൊന്നും അറിയാതെ. വർഷങ്ങളോളം എടുത്താണ് താനുൾപ്പെടെയുള്ളർ സർജറി ചെയ്തതെന്ന് സീമ വിനീത് പറയുന്നു. പരിവാർ, കുടുംബങ്ങൾ എന്നൊക്കെയുള്ള ട്രാൻസ് സമൂഹത്തിലേക്ക് പെട്ടെന്ന് പോകും. അവരുടെ കുടുംബത്തിലെ ഇത്ര ആൾക്കാർ സർജറി ചെയ്തെന്ന് പറയുന്നത് അവർക്കൊരു ഡിമ്പാണ്. അപ്പോൾ പെട്ടെന്ന് സർജറി നടത്തും. അങ്ങനെ സർജറി ചെയ്ത് തിരിച്ച് കൺവേർട്ടായി വന്ന ആൾക്കാരുമുണ്ട്.
കേരളത്തിൽ തന്നെ അങ്ങനെ രണ്ട് മൂന്ന് ആൾക്കാരെ എനിക്കറിയാം. അവരുടെ വഴി അതല്ലെന്ന് എത്തിയപ്പോഴാണ് അവർക്ക് മനസിലാകുന്നത്. ട്രാൻസ് വുമണാകാൻ മനസും ശരീരവും പാകപ്പെട്ടോ എന്ന് ചിന്തിക്കാതെ ആളെ കൂട്ടാൻ സർജറി ചെയ്യുന്നവരുണ്ട്. നല്ല രീതിയിൽ എല്ലാം പറഞ്ഞ് മനസിലാക്കി കൊടുക്കുന്നവരും ഉണ്ട്. സ്ത്രീയായി മാറിയാൽ കുറെ പ്രിവിലേജുണ്ടെന്ന് അവർ കരുതുന്നുണ്ടാകും.
പെട്ടെന്ന് വന്ന് ഇങ്ങനെ പറയുന്ന കുറേ കുട്ടികളെ ട്രാപ്പിലാക്കിയ ഒരുപാട് പേരുണ്ട്.
സോഷ്യൽ മീഡിയയിൽ എപ്പോഴും ശ്രദ്ധ നേടുന്ന സീമ വിനീതിന് ആരാധകർ ഏറെയാണ്. ട്രാൻസ് കമ്മ്യൂണിറ്റിയിൽ നിന്നുള്ള സീമയ്ക്ക് വലിയ സ്വീകാര്യത പൊതുസമൂഹത്തിലുണ്ട്. മേക്കപ്പ് ആർട്ടിസ്റ്റ് കൂടിയാണ് സീമ. മേക്കപ്പിനൊപ്പം കുക്കിംഗിലും സീമയ്ക്ക് പ്രത്യേക താൽപര്യമുണ്ട്. സീമയുടെ മേക്കപ്പ്, കുക്കിംഗ് വീഡിയോകൾ എപ്പോഴും ശ്രദ്ധ നേടാറുണ്ട്. അഭിപ്രായങ്ങൾ തുറന്ന് പറയുന്ന സീമ പലപ്പോഴും സ്വന്തം കമ്മ്യൂണിറ്റിയിലെ പ്രശ്നങ്ങൾക്കെതിരെ വരെ സംസാരിച്ചിട്ടുണ്ട്. ഇപ്പോഴിതാ ട്രാൻസ് സമൂഹത്തിലെ ചില തെറ്റായ പ്രവണതകളെക്കുറിച്ച് സംസാരിക്കുകയാണ് സീമ വിനീത്.
content highlight: seema-vineeth-opens-up
















