സൂപ്പര്‍ഹിറ്റ് ചിത്രം ലൂസിഫറിന്റെ രണ്ടാംഭാഗമായ എമ്പുരാന്റെ റിലീസിനുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേമികൾ. പ്രഖ്യാപനം മുതല്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഇത്. 2025 മാർച്ച് 27 ന് ചിത്രം തിയറ്ററുകളിലെത്തുമെന്ന് മോഹൻലാൽ സാമൂഹികമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. ഇപ്പോൾ എമ്പുരാന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകൻ കൂടിയായ പൃഥ്വിരാജ്. ചിത്രത്തിന്റെ ടീസർ ഞായറാഴ്ചയാണ് എത്തുന്നതെന്ന വിവരം ആദ്യമേ പുറത്തുവന്നിരുന്നു. ഇപ്പോൾ ടീസർ എത്തുന്ന സമയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജനുവരി 26ന് വൈകുന്നേരം 7.7ന് ടീസര്‍ പുറത്തുവിടുമെന്നാണ് പ്രഖ്യാപനം. സമയത്തിലെ ഈ വ്യത്യസ്തത കൊണ്ട് ഇതും എന്തെങ്കിലും ബ്രില്ല്യൻസ് ആണോ എന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലാകും ടീസർ റിലീസ്.
ലൂസിഫറിന്റെ രണ്ടാം ഭാഗായി എമ്പുരാൻ സിനിമ മാര്‍ച്ച് 27ന് റിലീസാകുമ്പോള്‍ പ്രതീക്ഷയിലാണ് താരത്തിന്റെ ആരാധകര്‍. സ്റ്റീഫൻ നെടുമ്പള്ളിയെന്ന ഖുറേഷി അബ്രമായി ചിത്രത്തില്‍ മോഹൻലാല്‍ എത്തിയപ്പോള്‍ ആഗോള ബോക്സ് ഓഫീസില്‍ 150 കോടി രൂപയില്‍ അധികം ബിസിനസ് നേടി ലൂസിഫര്‍ തിളങ്ങിയിരുന്നു. ലൂസിഫറിലെ സ്റ്റീഫൻ നെടുമ്പള്ളിക്കായിരിക്കില്ല രണ്ടാം ഭാഗമായ എമ്പുരാനില്‍ പ്രാധാന്യം എന്ന് റിപ്പോര്‍ട്ടുണ്ട്. ഖുറേഷി അബ്രഹാമിന്റെ പിന്നാലെ സഞ്ചരിക്കുന്ന കഥയായിരിക്കും എമ്പുരാന്റെയെന്നാണ് അപ്‍ഡേറ്റുകളില്‍ നിന്ന് മനസിലാകുന്നത്. ഖുറേഷി എബ്രമായി ലൂസിഫറിന്റെ അവസാന ഭാഗത്ത് പ്രത്യക്ഷപ്പെട്ട മോഹൻലാലിന്റെ എമ്പുരാൻ സ്റ്റൈലിഷ് സിനിമ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
019 ല്‍ പ്രഖ്യാപിച്ച സിനിമയുടെ ചിത്രീകരണം ആരംഭിച്ചത് 2023 ഒക്ടോബറിലായിരുന്നു. ഇരുപതോളം വിദേശ രാജ്യങ്ങളിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നതെന്നാണ് വിവരം. യുകെ, യുഎസ് എന്നിവിടങ്ങള്‍ക്കൊപ്പം റഷ്യയും ചിത്രത്തിന്‍റെ ഒരു പ്രധാന ലൊക്കേഷനാണ്. മലയാളം ഇതുവരെ കണ്ടിട്ടില്ലാത്തത്ര വലിയ കാന്‍വാസിലാണ് എമ്പുരാന്‍ ഒരുങ്ങുന്നത്. ആശിര്‍വാദ് സിനിമാസിനൊപ്പം തമിഴിലെ പ്രമുഖ ബാനറായ ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
സുജിത്ത് വാസുദേവ് ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. സംഗീതം ദീപക് ദേവ്, എഡിറ്റിംഗ് അഖിലേഷ് മോഹന്‍, കലാസംവിധാനം മോഹന്‍ദാസ്, ഹെഡ് ഓഫ് ലൈക്ക പ്രൊഡക്ഷന്‍സ് ജി കെ തമിഴ് കുമരന്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് സുരേഷ് ബാലാജി, ജോര്‍ജ് പയസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ വാവ, ക്രിയേറ്റീവ് ഡയറക്ടര്‍ നിര്‍മല്‍ സഹദേവ്, സൗണ്ട് ഡിസൈന്‍ എം ആര്‍ രാജാകൃഷ്ണന്‍, ആക്ഷന്‍ ഡയറക്ടര്‍ സ്റ്റണ്ട് സില്‍വ.