മലയാളി പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ട താരമാണ് സ്വാസിക വിജയ്. നായികമാരെ കണ്ടെത്തുവാൻ വേണ്ടി ലാൽ ജോസ് നടത്തിയ ഓഡിഷനിലൂടെയാണ് ഈ ഒരു രംഗത്തേക്ക് സ്വാസിക കടന്നുവരുന്നത് തുടർന്ന് സീരിയൽ മേഖലയിൽ തന്റേതായ സാന്നിധ്യം ഉറപ്പിക്കാൻ സ്വാസികയ്ക്ക് കഴിഞ്ഞിരുന്നു. നടനായ പ്രേമിനെയാണ് താരം വിവാഹം കഴിച്ചത് ഒരു പ്രണയ വിവാഹമായിരുന്നു താരത്തിന്റെത്. വിവാഹത്തിന് വളരെയധികം വിമർശനങ്ങൾ താരത്തിന് ഏൽക്കേണ്ടതായി വന്നിട്ടുണ്ട്.
ഇപ്പോഴിതാ ഒന്നാം വിവാഹ വാർഷിക ദിനത്തിൽ സ്വാസിക സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പും വീഡിയോയുമാണ് വൈറലാകുന്നത്. ഒന്നാം വിവാഹ വാർഷിക ദിനത്തിൽ വീണ്ടും താൻ വിവാഹിതയായ സന്തോഷമാണ് നടി പങ്കുവെച്ചിരിക്കുന്നത്. വരൻ മറ്റാരുമല്ല പ്രേം തന്നെയാണ്. ഇത്തവണ തമിഴ് സ്റ്റൈലിലായിരുന്നു വിവാഹം.
ഒരു ഷൂട്ടിന്റെ ഭാഗമായിട്ടാണ് തമിഴ് സ്റ്റൈലിലുള്ള വധൂവരന്മാരെപ്പോലെ അണിഞ്ഞൊരുങ്ങി എത്തി ഇരുവരും വീണ്ടും വിവാഹിതരായത്. ഒരു വർഷം വളരെ പെട്ടെന്ന് കടന്നുപോയി. അങ്ങനെ ഞങ്ങൾ തമിഴ് രീതിയിൽ വീണ്ടും വിവാഹം കഴിക്കാൻ തീരുമാനിച്ചു. ഇത് മനോഹരമായി ചെയ്യാൻ സഹായിച്ചതിന് എല്ലാവർക്കും നന്ദി.
ഇതൊരു ഷൂട്ടിങ് ആയിരുന്നിട്ടും ഞങ്ങൾക്ക് രണ്ടുപേർക്കും ഇത് ഒരു യഥാർത്ഥ വിവാഹമായി തോന്നി. ലവ് യു ഓൾ എന്നായിരുന്നു കുറിപ്പ്. വെഡ്ഡിങ്, തമിഴ്സ്റ്റൈൽ, വാകണ്ണമ്മ, ആനിവേഴ്സറി എന്നീ ഹാഷ്ടാഗുകളും പുതിയ വീഡിയോയ്ക്കൊപ്പം താരദമ്പതികൾ ചേർത്തിരുന്നു.
മുന്തിരിചാറിന്റെ നിറത്തിലുള്ള പട്ട് പുടവയും അതിനണിങ്ങുന്ന ആഭരണങ്ങളും അണിഞ്ഞ് അതീവ സുന്ദരിയായി തമിഴ് പെൺകൊടിയായാണ് പുതിയ വെഡ്ഡിങ് വീഡിയോയിൽ സ്വാസിക പ്രത്യക്ഷപ്പെട്ടത്. ലൈറ്റ് ബ്ലു ഷെയ്ഡിലുള്ള മുണ്ടും ഷർട്ടുമായിരുന്നു പ്രേമിന്റെ വേഷം. തമിഴ് സ്റ്റൈലിലുള്ള മഞ്ഞ താലി സ്വാസികയെ പ്രേം അണിയിക്കുന്നതും ഇരുവരും കൈ കോർത്ത് പിടിച്ച് അഗ്നിയെ വലം വെക്കുന്നതും കാലിൽ മിഞ്ചി അണിയിക്കുന്നതുമെല്ലാം വീഡിയോയിൽ കാണാം.
രണ്ടുപേരും യഥാർത്ഥ വിവാഹത്തിന് ലഭിക്കാതെ പോയ നല്ല നിമിഷങ്ങൾ പുതിയ വിവാഹത്തിൽ ആസ്വദിച്ചുവെന്നത് വീഡിയോയിൽ വ്യക്തമാണ്. ആരാധകരും സെലിബ്രിറ്റികളും അടക്കം നിരവധി പേരാണ് ഇരുവർക്കും ആശംസകൾ നേർന്ന് എത്തിയത്. യുട്യൂബ് ചാനലിലും സജീവമായ സ്വാസികയും പ്രേമും വിവാഹശേഷം നിരവധി രസകരമായ വീഡിയോകളും പ്രേക്ഷകര്‍ക്കായി പങ്കുവെക്കാറുണ്ട്.
വർഷങ്ങളായി സ്വാസികയുടെ വിവാഹം, പ്രണയം എന്നിവയുമായി ബന്ധപ്പെട്ട ഗോസിപ്പുകൾ പ്രചരിക്കുന്നുണ്ടായിരുന്നു. ഒന്നിനോടും താരം പ്രതികരിച്ചിരുന്നില്ല. വിവാഹത്തെ കുറിച്ച് ചോദിക്കുമ്പോഴും വ്യക്തതയില്ലാത്ത മറുപടികളാണ് നടി നൽകിയിരുന്നത്. പിന്നീട് 2024ന്റെ തുടക്കത്തിലാണ് താൻ പ്രണയത്തിലാണെന്നും ജനുവരി അവസാനത്തോടെ വിവാഹിതയാകുമെന്നും സ്വാസിക ആരാധകരേയും പ്രേക്ഷകരേയും അറിയിച്ചത്.
സ്വാസിക വിവാഹിതയാകാൻ പോകുന്നുവെന്നതിനേക്കാൾ ആരാധകരെ ഞെട്ടിച്ചത് വരൻ താരത്തിന്റെ നായകനായിരുന്ന പ്രേം ജേക്കബാണെന്ന് അറിഞ്ഞപ്പോഴായിരുന്നു. ഇരുവരും ഒരുമിച്ച് സീരിയലിൽ അഭിനയിച്ചശേഷമാണ് പ്രണയത്തിലായതും വിവാഹത്തിലേക്ക് കാര്യങ്ങൾ എത്തിയതും.
ബാച്ച്ലർപാർട്ടി, ഹൽദി, മെഹന്തി, സംഗീത്, താലികെട്ടി, റിസപ്ഷൻ തുടങ്ങി വലിയൊരു ആഘോഷം തന്നെയായിരുന്നു വിവാഹം. സുരേഷ് ഗോപി, ദിലീപ് തുടങ്ങി സിനിമാ-സീരിയൽ രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്ത വിവാഹമായിരുന്നു സ്വാസികയുടേയും പ്രേം ജേക്കബിന്റെയും. ഇരുവരും രണ്ട് മത വിഭാഗത്തിൽ പെട്ടവരായതിനാൽ തന്നെ മതാചാരപ്രകാരമുള്ള ചടങ്ങുകളെല്ലാം ഒഴിവാക്കി ഒരു ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങായിരുന്നു സ്വാസികയുടേയും പ്രേമിന്റെയും.
കുടുംബാംഗങ്ങളെയും ബന്ധുക്കളേയും കൂട്ടുകാരെയും സാക്ഷിയാക്കി താലി ചാർത്തി പുടവ കൈമാറിയതോടെ ഇരുവരുടെയും വിവാഹ ചടങ്ങുകൾ കഴിഞ്ഞിരുന്നു. കുടുംബവുമായി ചേർന്ന് ആലോചിച്ച് തന്നെയാണ് ഇരുവരും മതാചാരപ്രകാരമുള്ള ചടങ്ങുകൾ ഒഴിവാക്കി വിവാഹിതരായത്.
താലികെട്ടി ഹാരം ചാർത്തിയശേഷം സ്വാസികയുടെ കാലിൽ തൊട്ട് നമസ്കരിക്കുന്ന പ്രേമിന്റെ വീഡിയോ വൈറലായിരുന്നു.
content highlight: swasika-vijay-prem-jacob-renew-wedding