ജനപ്രിയ സീരിയലിലൂടെ മലയാളി ഹൃദയം കീഴടക്കിയ താരമാണ് ഗായത്രി അരുൺ. സിനിമ സീരിയൽ അഭിനയത്തോടൊപ്പം അവതരണവും പുസ്തകമെഴുത്തുകളുമെല്ലാം ഒരുമിച്ച് കൊണ്ടുപോകാൻ താരം എപ്പോഴും ശ്രദ്ധിക്കാറുണ്ട്. പരസ്പരത്തിലെ ഗായത്രിക്ക് പിന്നാലെയാണ് ബിഗ് സ്‌ക്രീനില്‍ നിന്നും അവസരങ്ങള്‍ ലഭിച്ചത്. വ്യത്യസ്തമായ കഥാപാത്രങ്ങളായിരുന്നു താരത്തെ തേടിയെത്തിയത്. കരിയറിലെയും ജീവിതത്തിലെയും വിശേഷങ്ങളെല്ലാം യൂട്യൂബ് ചാനലിലൂടെയായി പങ്കിടാറുണ്ട്. അഭിനയത്തിന് പുറമെ എഴുത്തിലും ഗായത്രി കഴിവ് തെളിയിച്ചിരുന്നു. അച്ചപ്പം കഥകളിലൂടെയായിരുന്നു എഴുത്തിലും കഴിവുണ്ടെന്ന് തെളിയിച്ചത്. ഇപ്പോൾ ഗായത്രിയുടെ രണ്ടാമത്തെ പുസ്തകവും പ്രകാശനം ചെയ്യപ്പെട്ടിരിക്കുകയാണ്. ‘യാത്രയ്ക്കപ്പുറം’ എന്നാണ് ഗായത്രിയുടെ പുതിയ പുസ്തകത്തിന്റെ പേര്.
‘ഈ പുസ്തകം ഒരു യാത്രാവിവരണമാണോ ഓർമക്കുറിപ്പാണോ എന്നു ചോദിച്ചാൽ രണ്ടും ചേർന്നതാണ് എന്നു തന്നെ പറയാം’, എന്നാണ് ഗായത്രി പുസ്തകത്തിൽ കുറിച്ചിരിക്കുന്നത്. ‘അച്ഛപ്പം കഥകൾക്ക് ശേഷം മറ്റൊരു പുസ്തകരചനയെ കുറിച്ച് ചിന്തിച്ചിരുന്നില്ല, ഡിസി ബുക്സിൽ നിന്നും എഡിറ്റർ ദീപ്തിയുടെ കോൾ വരുന്നത് വരെ. ‘യാത്രകളെ കുറിച്ച് ഒരു പുസ്തകം എഴുതാമോ?’ അങ്ങനെ എഴുതിത്തുടങ്ങിയ എന്റെ രണ്ടാമത്തെ പുസ്തകമാണ് യാത്രകൾക്കപ്പുറം.’ എന്നും ഗായത്രി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. കുടുംബത്തോടൊപ്പവും സുഹൃത്തുക്കളോടൊപ്പവും ഒറ്റക്കും ഗായത്രി നടത്തിയ യാത്രാ ഓർമകളിലൂടെയുള്ള ഒരു സഞ്ചാരമാണ് ‘യാത്രയ്ക്കപ്പുറം’.
കോഴിക്കോടു വെച്ചു നടന്ന കേരളാ ലിറ്ററേച്ചർ ഫെസ്റ്റിവലിൽ വെച്ചായിരുന്നു പുസ്തക പ്രകാശനം. ഡിസി ബുക്ക്സ് ആണ് പ്രസാധകർ. യൂട്യൂബർ ബൈജു എൻ നായർ മോഡറേറ്റർ ആയി, ഷെഫ് പിള്ളയോടൊപ്പം നടന്ന സെഷനിൽ വെച്ചായിരുന്നു ഗായത്രിയുടെ പുസ്തകത്തിന്റെ പ്രകാശനകർമം നിർവഹിക്കപ്പെട്ടത്.