നീണ്ട 10 വര്‍ഷങ്ങള്‍ക്ക് ശേഷം കരിയറിലെ രണ്ടാമത്തെ സംവിധാന സംരംഭവുമായി മുഹ്സിന്‍ പരാരി എത്തുന്നു. ടൊവിനോ തോമസ് നായകനാവുന്ന ചിത്രം രസകരമായ പേരിലാണ് എത്തുന്നത്. തന്ത വൈബ് എന്നാണ് ചിത്രത്തിന്റെ പേര്. ‘നിങ്ങളുടെ ഉള്ളിലെ കുട്ടിക്ക് എത്ര വയസ്സായി’ എന്ന ടാഗ് ലൈനോടെയാണ് പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്.
ടൊവിനോ തോമസ് ഉള്ള കൗതുകകരമായ പോസ്റ്ററിനൊപ്പമാണ് ചിത്രത്തിന്‍റെ ടൈറ്റില്‍ അനൗണ്‍സ്‍മെന്‍റ്. ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ആഷിക് ഉസ്മാന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ജിംഷി ഖാലിദ്, വിഷ്ണു വിജയ്, ചമന്‍ ചാക്കോ, മഷര്‍ ഹംസ, റോണക്സ് സേവ്യര്‍, ആഷിഖ് എസ്, വിഷ്ണു ഗോവിന്ദ്, ബിനു പപ്പു, സുധര്‍മന്‍ വള്ളിക്കുന്ന് എന്നിങ്ങനെ ചിത്രത്തിലെ മറ്റ് അണിയറ പ്രവര്‍ത്തകരുടെ പേരും ടൈറ്റില്‍ പോസ്റ്ററില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
ഹര്‍ഷദ് സംവിധാനം ചെയ്ത ദായോം പന്ത്രണ്ടും എന്ന ചിത്രത്തിലെ സംഭാഷണങ്ങള്‍ എഴുതിക്കൊണ്ടാണ് മുഹ്സിന്‍ പരാതിയുടെ സിനിമാ പ്രവേശം. സംവിധാനം ചെയ്ത ചിത്രം കൂടാതെ സുഡാനി ഫ്രം നൈജീരിയ, വൈറസ്, ഹലാല്‍ ലവ് സ്റ്റോറി, തല്ലുമാല എന്നീ ചിത്രങ്ങളുടെ രചയിതാവാണ്. ഹലാല്‍ ലവ് സ്റ്റോറി, അയല്‍വാശി എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാവും തല്ലുമാലയുടെ ക്രിയേറ്റീവ് ഡയറക്ടറും ആണ്. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ സൂക്ഷ്മദര്‍ശിനി ഉള്‍പ്പെടെ നിരവധി ചിത്രങ്ങളുടെ പാട്ടെഴുത്തുകാരനുമാണ്.
സംവിധായകന്‍, തിരക്കഥാകൃത്ത്, നിര്‍മ്മാതാവ്, ഗാനരചയിതാവ് എന്നിങ്ങനെ സിനിമയുടെ വിവിധ മേഖലകളില്‍ സജീവമായി നില്‍ക്കുന്ന കലാകാരനാണ് മുഹ്സിന്‍ പരാരി. എന്നാല്‍ കരിയറില്‍ ഒരു സിനിമയേ അദ്ദേഹം സംവിധാനം ചെയ്തിട്ടുള്ളൂ. ഉണ്ണി മുകുന്ദന്‍ നായകനായ കെഎല്‍ 10 പത്ത് ആയിരുന്നു ആ ചിത്രം. 2015 ലാണ് ഈ ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. നീണ്ട 10 വര്‍ഷങ്ങള്‍ക്ക് ശേഷം കരിയറിലെ രണ്ടാമത്തെ സംവിധാന സംരംഭവുമായി അദ്ദേഹം എത്തുമ്പോൾ ആവേശത്തിലാണ് ആരാധകർ.