India

സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റിന് പിന്നാലെ ഐഫോണുകളില്‍ പ്രശ്‌നം; നോട്ടീസയച്ച് കേന്ദ്രം, പുലിവാല്‍ പിടിച്ച് ആപ്പിള്‍

ഇന്ത്യന്‍ വിപണിയില്‍ ഐഫോണുകള്‍ക്ക് പ്രകടമായ വളര്‍ച്ച ദൃശ്യമാകുന്ന കാലയളവിലാണ് കമ്പനി ഈ തിരിച്ചടി നേരിടുന്നത്.

ദില്ലി: സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റിന് പിന്നാലെ ഐഫോണുകളില്‍ പ്രശ്നം നേരിടുന്നതില്‍ ടെക് ഭീമനായ ആപ്പിളിന് കേന്ദ്ര സര്‍ക്കാരിന്‍റെ നോട്ടീസ്. ഐഒഎസ് 18+ അപ‌്‌ഡേറ്റിന് പിന്നാലെ ഐഫോണുകള്‍ക്ക് പ്രശ്‌നം നേരിടുന്നതായുള്ള ഉപയോക്താക്കളുടെ പരാതിയെ തുടര്‍ന്ന് ആപ്പിളിന്‍റെ വിശദീകരണം തേടിയതായി കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രി പ്രൽഹാദ് ജോഷി അറിയിച്ചതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

ഐഒഎസ് 18+ അപ‌ഡേറ്റിന് പിന്നാലെ ഐഫോണുകളില്‍ പെര്‍ഫോമന്‍സ് പ്രശ്‌നം നേരിടുന്നത് കാണിച്ച് കേന്ദ്ര ഉപഭോക്തൃ സംരക്ഷ അതോറിറ്റിയാണ് (സിസിപിഎ) ആപ്പിളിന് നോട്ടീസ് അയച്ചതെന്ന് കേന്ദ്രമന്ത്രി പ്രൽഹാദ് ജോഷി വ്യക്തമാക്കി. അപ്‌ഡേറ്റിന് ശേഷം ഐഫോണുകളിലുണ്ടായ സാങ്കേതിക പ്രശ്‌നങ്ങളെ കുറിച്ച് കേന്ദ്ര ഉപഭോക്തൃ ഹെല്‍പ്‌ലൈനില്‍ നിരവധി പരാതികള്‍ എത്തിയിരുന്നു. ഇന്ത്യന്‍ വിപണിയില്‍ ഐഫോണുകള്‍ക്ക് പ്രകടമായ വളര്‍ച്ച ദൃശ്യമാകുന്ന കാലയളവിലാണ് കമ്പനി ഈ തിരിച്ചടി നേരിടുന്നത്.

വളരെ അപകടം പിടിച്ച സോഫ്റ്റ്‌വെയര്‍ പിഴവുകള്‍ ഗുരുതരമായ ഡാറ്റാ ചോര്‍ച്ചയ്ക്ക് കാരണമാകും എന്ന് കാണിച്ച് ആപ്പിള്‍ ഉപകരണങ്ങളുടെ ഉപയോഗിക്കുന്നവര്‍ക്ക് 2024ല്‍ രണ്ടുവട്ടം ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (CERT-In) മുന്നറിയിപ്പ് നല്‍കിയിരുന്നു. ഐഫോണുകള്‍ ഉള്‍പ്പടെയുള്ളവ ഹാക്ക് ചെയ്യപ്പെടാന്‍ വളരെയേറെ സാധ്യതയുണ്ട് എന്നായിരുന്നു മുന്നറിയിപ്പ്. ഐഒഎസിന്‍റെയും ഐപാഡ്ഒഎസിന്‍റെയും വിവിധ വേര്‍ഷനുകളില്‍ പ്രശ്‌നമുള്ളതായി അന്നത്തെ ജാഗ്രതാ നിര്‍ദേശത്തിലുണ്ടായിരുന്നു.

രാജ്യത്തെ ഏറ്റവും വലിയ അഞ്ച് സ്‌മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡുകളിലൊന്നായി ആപ്പിള്‍ അടുത്തിടെ മാറിയിരുന്നു. ഇന്ത്യയില്‍ ഐഫോണുകളുടെ വില്‍പന ആരംഭിച്ച ശേഷം ഇതാദ്യമായാണ് ആപ്പിള്‍ ആദ്യ അഞ്ചിലെത്തുന്നത്. സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെ നീണ്ട ഫെസ്റ്റിവല്‍ കാലത്ത് ആപ്പിള്‍ 9-10 ശതമാനത്തിന്‍റെ മാര്‍ക്കറ്റ് ഷെയര്‍ സ്വന്തമാക്കി. ഇന്ത്യയില്‍ ഐഫോണ്‍ വില്‍പനയിലെ ഏറ്റവും ഉയര്‍ന്ന വിപണി മൂല്യമാണിതെന്ന് കൗണ്ടര്‍പോയിന്‍റ് റിസര്‍ച്ചിന്‍റെയും ഐഡിസിയുടെയും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

 

content highlight : central-consumer-protection-authority-issues-notice-to-apple-over-iphone-glitches-after-software-update