Movie News

‘ലൂസിഫറിന്റെ തുടർച്ചയല്ല എമ്പുരാൻ’; മുരളി ഗോപി | empuraan is a film with pan indian theme says murali gopi

ലൂസിഫറിന് എന്തായാലും ഒരു മൂന്നാം ഭാഗമുണ്ടാകുമെന്നും അത് കൂടി വന്നാലേ ആ കഥ പൂർത്തിയാകൂ എന്നും മുരളി ഗോപി പറഞ്ഞു.

മലയാളികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മലയാള സിനിമയാണ് മോഹൻലാൽ നായകനായി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ‘എമ്പുരാൻ’. മാര്‍ച്ച് 27 നാണ് പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന എമ്പുരാന്‍റെ റിലീസ്. ജനുവരി 26 ന് വൈകിട്ട് ആറ് മണിക്ക് കൊച്ചി ലേ മെറിഡിയന്‍ ഹോട്ടലില്‍ വച്ചാണ് ടീസര്‍ ലോഞ്ച്.

മൂന്ന് ഭാഗങ്ങളുള്ള ഒരു ട്രിലജി ആയിട്ടാണ് ലൂസിഫർ പ്ലാൻ ചെയ്യുന്നതെന്ന് നേരത്തെ തിരക്കഥാകൃത്ത് മുരളി ഗോപിയും സംവിധായകൻ പൃഥ്വിരാജ് സുകുമാരനും പറഞ്ഞിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ മൂന്നാം ഭാഗത്തെക്കുറിച്ചുള്ള അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് മുരളി ഗോപി. ലൂസിഫറിന് എന്തായാലും ഒരു മൂന്നാം ഭാഗമുണ്ടാകുമെന്നും അത് കൂടി വന്നാലേ ആ കഥ പൂർത്തിയാകൂ എന്നും മുരളി ഗോപി പറഞ്ഞു. കോഴിക്കോട് നടക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിൽ സംസാരിക്കുകയായിരുന്നു മുരളി ഗോപി.

‘2019ല്‍ ആണ് ലൂസിഫര്‍ റിലീസ് ആകുന്നത്. അത് കഴിഞ്ഞ് സ്പാനിഷ് ഫ്‌ലുവിന് ശേഷം നമ്മള്‍ കണ്ട ഏറ്റവും വലിയ മഹാമാരി, കൊവിഡ് വന്നു. നമ്മള്‍ അതുവരെ കണ്ടിട്ടുണ്ടായിരുന്ന സെന്‍സ് ഓഫ് ഡ്രാമയും സെന്‍സ് ഓഫ് കണ്ടിന്യൂ എല്ലാം മാറ്റി മറിച്ച് ഒരുപാട് നാടകീയ തലങ്ങളുണ്ടാക്കി കടന്നു പോയൊരു വര്‍ഷമായിരുന്നു. അപ്പോള്‍ ഒരു ലൈഫ് ചെയ്ഞ്ചിങ് പാന്റമിക്കിന് ശേഷം വരുന്ന എല്ലാ വിധ സെന്‍സിബിള്‍ ആയ മാറ്റങ്ങളും എഴുത്തില്‍ ഉണ്ടാകും.

എമ്പുരാന്‍ എന്ന് പറയുന്നത് ലൂസിഫറിന്റെ തുടര്‍ച്ചയല്ല. ലൂസിഫര്‍ ഫ്രാഞ്ചൈസിയിലെ ഒരു സ്റ്റാന്‍ഡ് എലോണ്‍ ചിത്രമാണ് എമ്പുരാന്‍. ആ രീതിയിലാണ് ഈ ചിത്രമെടുത്തിരിക്കുന്നത്,

ലൂസിഫറിന് എന്തായാലും ഒരു മൂന്നാം ഭാഗമുണ്ടാകും. അത് ഉറപ്പാണ്. എമ്പുരാൻ പാൻ ഇന്ത്യൻ തീം ഉള്ള നല്ല കോൺടെന്റ് നിറഞ്ഞ സിനിമയാണ്. എന്റർടൈയ്ൻമെന്റ് ഉള്ളപ്പോഴും കൊണ്ടെന്റിലാണ് എമ്പുരാൻ ഉറച്ചു നിൽക്കുന്നത്. അതുകൊണ്ട് അതിനൊരു മൂന്നാം ഭാഗം വന്നാലേ ആ കഥയ്ക്കൊരു അവസാനമുണ്ടാകു. എമ്പുരാൻ നന്നായി വിജയിച്ച് മൂന്നാം ഭാഗം വരട്ടെയെന്ന് ഞാൻ ആഗ്രഹിക്കുന്നു’, മുരളി ഗോപി പറഞ്ഞു.

എമ്പുരാന്റെ ടീസർ നാളെ അണിയറപ്രവർത്തകർ പുറത്തുവിടും. 2025 മാർച്ച് 27 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ‘എമ്പുരാൻ’ എത്തും. ‘എമ്പുരാൻ’ ലൂസിഫറിന്റെ പ്രീക്വലും സീക്വലുമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സ്റ്റീഫൻ നെടുമ്പള്ളിയെന്ന അബ്രാം ഖുറെഷിയുടെ പഴയ ജീവിതവും പുതിയ കാലഘട്ടവും ചിത്രത്തിൽ കാണിച്ചു തരുമെന്നും വാർത്തകളുണ്ട്. ആദ്യ ഭാഗത്തിലെ അഭിനേതാക്കളായ മഞ്ജു വാര്യർ, ടൊവിനോ തോമസ്, സാനിയ അയ്യപ്പൻ, സായ് കുമാർ, ഇന്ദ്രജിത് സുകുമാരൻ, ബൈജു എന്നിവർക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, ഷൈൻ ടോം ചാക്കോ, ഷറഫുദ്ദീൻ, അർജുൻ ദാസ് എന്നിങ്ങനെ പുതിയ താരങ്ങളും ചിത്രത്തിലുണ്ട്. ലൈക്ക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസും ചേർന്നാണ് എമ്പുരാൻ നിർമിക്കുന്നത്. ദീപക് ദേവ് ആണ് സംഗീതം. സുജിത് വാസുദേവ് ഛായാഗ്രഹണം കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് അഖിലേഷ് മോഹൻ ആണ്.

CONTENT HIGHLIGHT: empuraan is a film with pan indian theme says murali gopi