കോഴിക്കോട്: കോഴിക്കോട് പയ്യോളി തിക്കോടിയിൽ കടലിൽ കുളിക്കാനിറങ്ങിയ സ്ത്രീകളടക്കം നാലു പേര്‍ക്ക് ദാരുണാന്ത്യം. വയനാട് കല്‍പ്പറ്റ സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് വൈകിട്ടോടെ പയ്യോളി തിക്കോടി കല്ലകത്ത് ബീച്ചിലാണ് സംഭവം. അപകടത്തിൽപ്പെട്ട ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കല്‍പ്പറ്റയിലെ ജിമ്മിൽ ഒരുമിച്ച് പരിശീലനം നടത്തുന്നവരാണ് അപകടത്തിൽപ്പെട്ടത്.
അവധി ദിവസമായ ഞായറാഴ്ച ഇവര്‍ പയ്യോളിയിലെത്തിയതായിരുന്നു. ജിമ്മിലെ വനിത ട്രെയിനര്‍മാര്‍ ഉള്‍പ്പെടെയുള്ള സംഘമാണ് അപകടത്തിൽപ്പെട്ടത്. മുണ്ടേരി സ്വദേശി ഫൈസൽ, കല്‍പ്പറ്റ നോര്‍ത്ത് സിപിഎം ലോക്കൽ കമ്മിറ്റി അംഗം വിനീഷ് (40), അനീസ (35), വാണി (32) എന്നിവരാണ് മരിച്ചത്. ജിൻസി എന്ന യുവതിയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ചുപേരും തിരയിൽപെടുകയായിരുന്നു.
ഇവരെ ഉടൻ തന്നെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും നാലുപേരെ രക്ഷിക്കാനായില്ല. കല്‍പറ്റയിലെ ജിമ്മിൽ പരിശീലനം നടത്തുന്നവരും ട്രെയിനേഴ്സും അടക്കം 26 അംഗം സംഘമാണ് ടെംപോ ട്രാവലറിൽ തിക്കോടി കല്ലകത്ത് ബീച്ചിലെത്തിയത്. വിനോദ യാത്രക്ക് വന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. അവധിയായതിനാൽ ബീച്ചിൽ നല്ല തിരക്കുണ്ടായിരുന്നു. മരിച്ച അനീസ, വാണി, വിനീഷ് എന്നിവരുടെ മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. മരിച്ച ഫൈസലിന്‍റെ മൃതദേഹം കൊയിലാണ്ടിയിലെ സ്വകാര്യ ആശുപത്രിയിലുമാണുള്ളത്.
CONTENT HIGHLIGHT : four-people-including-two-women-died-while-bathing-in-the-sea-at-thikodi-beach-kozhikode