ചലച്ചിത്രതാരം അഖില ഭാര്‍ഗവനെ കണ്ടുമുട്ടിയ അനുഭവം പങ്കുവെച്ച് എഴുത്തുകാരന് ബെന്യാമിന്. ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയായിരിക്കെ അവിചാരിതമായി ബെന്യാമിനെ നേരില്‍കണ്ട തന്റെ അനുഭവം അഖില ഡയറിയില്‍ കുറിച്ചുവെച്ചിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം എഴുത്തുകാരനെ കാണാനായി അഖില കോഴിക്കോട് കെഎല്‍എഫ് വേദിയിലേക്ക് എത്തുകയായിരുന്നു. അവിടെവച്ചാണ് ബെന്യാമിനും അഖിലയും കണ്ടുമുട്ടിയത്. പണ്ട് കുറിപ്പെഴുതിയ ഡയറിയുമായാണ് താരം എഴുത്തുകാരനെ കാണാനെത്തിയത്. ഈ കണ്ടുമുട്ടലിനേക്കുറിച്ച് ബെന്യാമിന് തന്നെയാണ് ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞത്. വര്‍ഷങ്ങളോളം ആ ഡയറി സൂക്ഷിച്ചുവെച്ചതിന് അഖിലയോട് നന്ദിപറഞ്ഞുകൊണ്ടാണ് ബെന്യാമിന് കുറിപ്പ് അവസാനിപ്പിച്ചത്. ഇത്തരം ചെറിയ ഇഷ്ടങ്ങളാണ് എഴുത്തിന്റെ മൂലധനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘പതിനൊന്നു വർഷങ്ങൾക്ക് മുൻപ് ഒരു ഒൻപതാം ക്ലാസുകാരി തനിക്ക് പ്രിയപ്പെട്ട ഒരെഴുത്തുകാരനെ വളരെ അവിചാരിതമായി ഒരു നോക്ക് കണ്ടതിന്റെ ആവേശത്തിൽ സ്വകാര്യ ഡയറിയിൽ ആ സന്തോഷം എഴുതി വച്ചു. ഒരു പതിറ്റാണ്ടിനിപ്പുറം ഈ KLF ന് ആ പെൺകുട്ടി അതേ എഴുത്തുകാരനെ കാണാനായി കോഴിക്കോട് കടപ്പുറത്തേക്ക് വന്നു. അവളുടെ കൈയ്യിൽ അന്ന് എഴുതിയ ഡയറിക്കുറിപ്പും ഉണ്ടായിരുന്നു.
ആ ഒൻപതാം ക്ലാസ്സുകാരി ഇന്ന് ഏറെ വളർന്നിരിക്കുന്നു. പ്രേമലുവിലെ ‘കാർത്തിക’യായും സൂക്ഷ്മദർശിനിയിലെ ‘സുലു’വായും മലയാള സിനിമാ പ്രേക്ഷകരുടെ മനം കവർന്ന അഭിനേത്രി അഖില ഭാർഗവൻ ആണ് ആ പെൺകുട്ടി. ഞങ്ങൾ ഏറെ മിണ്ടി, ഫോട്ടോ എടുത്തു, കാപ്പി കുടിച്ചു. തമ്മിൽ കണ്ട ആവേശത്തിൽ ചേട്ടന് വീഡിയോ കോൾ ചെയ്തു.
താര ജാഡകളില്ലാത്ത ഒരു പാവം കുട്ടി. മലയാളത്തിന്റെ അഭിമാനമായ അഖിലയെ കാണാൻ കഴിഞ്ഞത് എന്റെയും സന്തോഷം. നന്ദി അഖില, ഇത്രയും കാലം ആ ഡയറി സൂക്ഷിച്ചു വച്ചതിന്, ഇത്രയും കാലം ആ സ്നേഹം കാത്തു സൂക്ഷിച്ചതിന്.. ഇത്തരം ചെറിയ ഇഷ്ടങ്ങളാണ് എഴുത്തിന്റെ മൂലധനം.’ ബെന്യാമിൻ ഫേസ് ബുക്കിൽ കുറിച്ചത് ഇങ്ങനെ.